Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightലോക മാധ്യമസ്വാതന്ത്ര്യ...

ലോക മാധ്യമസ്വാതന്ത്ര്യ സൂചിക: ഇന്ത്യ പാകിസ്താനും ബംഗ്ലാദേശിനും പിന്നിൽ

text_fields
bookmark_border
ലോക മാധ്യമസ്വാതന്ത്ര്യ സൂചിക: ഇന്ത്യ പാകിസ്താനും ബംഗ്ലാദേശിനും പിന്നിൽ
cancel

ന്യൂഡൽഹി: ആഗോള മാധ്യമസ്വാതന്ത്ര്യ സൂചികയിൽ വീണ്ടും കൂപ്പുകുത്തി ഇന്ത്യ. റിപ്പോർട്ടേഴ്‌സ് വിത്തൗട്ട് ബോർഡേഴ്‌സ് (ആർ.എസ്.എഫ്) വ്യാഴാഴ്ച പുറത്തുവിട്ട 2026ലെ വേൾഡ് പ്രസ് ഫ്രീഡം സൂചികയിൽ 180 രാജ്യങ്ങളിൽ ഇന്ത്യ 157ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 2025ൽ 151-ാം സ്ഥാനത്തായിരുന്ന ഇന്ത്യ. ഒരു വർഷത്തിനിപ്പുറം ആറ് സ്ഥാനങ്ങൾ കൂടി താഴേക്ക് പോയത് രാജ്യത്തെ മാധ്യമസ്വാതന്ത്ര്യം നേരിടുന്ന കടുത്ത പ്രതിസന്ധിയാണ് വ്യക്തമാക്കുന്നത്.

അയൽരാജ്യങ്ങളായ നേപ്പാൾ (87), ശ്രീലങ്ക (134), ഭൂട്ടാൻ (150), ബംഗ്ലാദേശ് (152), പാകിസ്താൻ (153) എന്നിവയെല്ലാം ഇന്ത്യയേക്കാൾ മികച്ച നിലയിലാണ്. വംശഹത്യ നേരിടുന്ന ഫലസ്തീൻ പോലും പട്ടികയിൽ ഇന്ത്യക്ക് മുകളിലാണെന്നത് സാഹചര്യത്തിന്റെ ഗൗരവം വർധിപ്പിക്കുന്നു. ചൈന (178) മാത്രമാണ് ഇന്ത്യക്ക് പിന്നിലുള്ള ഏക പ്രമുഖ അയൽരാജ്യം.

2014ൽ നരേന്ദ്ര മോദി സർക്കാർ അധികാരമേറ്റത് മുതൽ ഇന്ത്യൻ മാധ്യമരംഗം ‘അനൗദ്യോഗിക അടിയന്തരാവസ്ഥ’യിലാണെന്ന് റിപ്പോർട്ട് കുറ്റപ്പെടുത്തുന്നു. പ്രധാനമന്ത്രിയും അദ്ദേഹത്തിന്റെ പാർട്ടിയും മാധ്യമമേഖലയിലെ വൻകിട കുടുംബങ്ങളും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ട് മാധ്യമങ്ങളുടെ സ്വതന്ത്ര സ്വഭാവം തകർത്തു.

റിലയൻസ് ഗ്രൂപ്പ് മേധാവി മുകേഷ് അംബാനിക്ക് 70ലധികം മാധ്യമ സ്ഥാപനങ്ങൾ ഉള്ളതും, മോദിയുമായി അടുത്ത ബന്ധമുള്ള ഗൗതം അദാനി എൻ.ഡി.ടി.വി ഏറ്റെടുത്തതും മുഖ്യധാരാ മാധ്യമങ്ങളിലെ ബഹുസ്വരത ഇല്ലാതാക്കിയെന്ന് ആർ.എസ്.എഫ് നിരീക്ഷിക്കുന്നു.

സർക്കാരിന് വിധേയപ്പെട്ട് പ്രവർത്തിക്കുന്ന ‘ഗോഡി മീഡിയ’യുടെ വളർച്ച ഇന്ത്യൻ ജനാധിപത്യ മാതൃകയെ ചോദ്യം ചെയ്യുന്നതാണ്. പ്രധാനമന്ത്രി പത്രസമ്മേളനങ്ങൾ ഒഴിവാക്കുന്നതും തനിക്ക് അനുകൂലമായ വാർത്തകൾ നൽകുന്നവർക്ക് മാത്രം അഭിമുഖം അനുവദിക്കുന്നതും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

വിമർശനം ഉന്നയിക്കുന്ന മാധ്യമപ്രവർത്തകരെ ‘രാജ്യദ്രോഹികൾ’ എന്ന് മുദ്രകുത്തി ഭരണകൂടവും ബി.ജെ.പി അനുകൂല ട്രോളുകളും ക്രൂരമായി വേട്ടയാടുകയാണ്. രാജ്യദ്രോഹം, അപകീർത്തിപ്പെടുത്തൽ, യു.എ.പി.എ തുടങ്ങിയ കരിനിയമങ്ങൾ പത്രപ്രവർത്തനത്തെ അടിച്ചമർത്താൻ യഥേഷ്ടം ഉപയോഗിക്കുന്നു.

ഇന്ത്യൻ ന്യൂസ് റൂമുകളിൽ സവർണ ഹിന്ദു പുരുഷ മേധാവിത്തമാണെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. പ്രധാന ടോക്ക് ഷോകളിൽ സ്ത്രീ പങ്കാളിത്തം 15 ശതമാനത്തിൽ താഴെയാണ്. പല ടി.വി ചാനലുകളും അവരുടെ സംപ്രേഷണ സമയം മതപരമായ ഉള്ളടക്കങ്ങൾക്കും മുസ്‍ലിം വിരുദ്ധ വിദ്വേഷം പ്രചരിപ്പിക്കുന്നതിനുമാണ് മാറ്റിവെച്ചിരിക്കുന്നത്. വിഭിന്നമായ ശബ്ദങ്ങൾക്കും ന്യൂനപക്ഷങ്ങളുടെ കാഴ്ചപ്പാടുകൾക്കും ഇവിടെ ഇടം നിഷേധിക്കപ്പെടുന്നു.

മാധ്യമപ്രവർത്തകർക്ക് ലോകത്ത് ജീവിക്കാൻ ഏറ്റവും അപകടകരമായ രാജ്യങ്ങളിലൊന്നായി ഇന്ത്യ മാറി. വർഷത്തിൽ ശരാശരി മൂന്ന് മാധ്യമപ്രവർത്തകർ കൊല്ലപ്പെടുന്നുണ്ട്. കശ്മീരിലെ സ്ഥിതി അതീവ ഗുരുതരമാണ്. അവിടെ റിപ്പോർട്ടർമാർ പൊലീസിന്റെയും അർധസൈനികരുടെയും നിരന്തര പീഡനത്തിനും വർഷങ്ങളോളം നീളുന്ന തടങ്കലിനും ഇരയാകുന്നു. വനിതാ മാധ്യമപ്രവർത്തകർക്കെതിരെ സോഷ്യൽ മീഡിയയിൽ സംഘടിതമായ വിദ്വേഷ പ്രചാരണങ്ങളും വധഭീഷണികളും നടക്കുന്നുവെന്നും ആർ.എസ്.എഫ് മുന്നറിയിപ്പ് നൽകുന്നു.

നോർവേയാണ് പട്ടികയിൽ ഒന്നാമത്. നെതർലാൻഡ്‌സ്, എസ്റ്റോണിയ എന്നീ രാജ്യങ്ങൾ തൊട്ടുപിന്നിലുണ്ട്. ഉത്തരകൊറിയ, ചൈന, എറിത്രിയ തുടങ്ങിയ രാജ്യങ്ങളാണ് പട്ടികയുടെ ഏറ്റവും താഴെ.

Show Full Article
TAGS:World Press Freedom Index India media freedom 
News Summary - World Press Freedom Index: India lags behind Pakistan and Bangladesh
Next Story