Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഷി ജിൻപിങ് ബ്രിക്സ്...

ഷി ജിൻപിങ് ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാൻ ഇന്ത്യയിലെത്തും, സ്ഥിരീകരിച്ച് ചൈന; ഏഴു വർഷത്തിനിടെ ആദ്യ സന്ദർശനം

text_fields
bookmark_border
BRICS Summit
cancel

ന്യൂഡൽഹി: ഡൽഹി വേദിയാകുന്ന ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാനായി ചൈനീസ് പ്രസിഡന്‍റ് ഷി ജിൻപിങ് ഇന്ത്യയിലെത്തും. ഉച്ചകോടിക്ക് 48 മണിക്കൂർ മാത്രം ബാക്കി നിൽക്കെയാണ് സസ്പെൻസിന് വിരാമമിട്ട് ഷി ജിൻപിങ്ങിന്‍റെ സന്ദർശന വിവരം ചൈനീസ് വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചത്.

ഏഴു വർഷത്തിനിടെ ആദ്യമായാണ് ചൈനീസ് പ്രസിഡന്‍റ് ഇന്ത്യയിലെത്തുന്നത്. ഈമാസം 12, 13 തീയതികളിലാണ് 18ാമത് ബ്രിക്സ് ഉച്ചകോടി നടക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണപ്രകാരമാണ് ജിൻപിങ് ഇന്ത്യയിലെത്തുന്നത്. സന്ദർശനം ഇന്ത്യ-ചൈന ബന്ധം ശക്തിപ്പെടുത്താനും നിലവിലുള്ള അതിർത്തി പ്രശ്നങ്ങൾ പരിഹരിക്കാനുള്ള ശ്രമങ്ങൾക്കും അവസരം നൽകും. ‘പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണപ്രകാരം, പ്രസിഡന്റ് ഷി ജിൻപിങ് സെപ്റ്റംബർ 12 മുതൽ 13വരെ ന്യൂഡൽഹിയിൽ നടക്കുന്ന 18ാമത് ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കും’ -ചൈനീസ് വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രസ്താവനയിൽ പറയുന്നു. 2019 ഒക്ടോബറിലാണ് ജിൻപിങ് ഇതിനുമുമ്പ് ഇന്ത്യ സന്ദർശിച്ചത്. അന്ന് മഹാബലിപുരത്ത് വെച്ച് മോദിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

എന്നാൽ, 2020ൽ കിഴക്കൻ ലഡാക്കിലെ നിയന്ത്രണരേഖയിൽ ഉണ്ടായ സൈനിക ഏറ്റുമുട്ടലിനെത്തുടർന്ന് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായി. ആ വർഷം ജൂണിൽ ഗൽവാൻ താഴ്‌വരയിലെ ഏറ്റുമുട്ടലിൽ 20 ഇന്ത്യൻ സൈനികർക്ക് ജീവൻ നഷ്ടമായി. ഇത് ഉഭയകക്ഷി ബന്ധത്തിലും വിള്ളലുണ്ടാക്കി. ഡെപ്സാങ്, ഡെംചോക്ക് എന്നിവിടങ്ങളിലെ സംഘർഷ മേഖലകളിൽനിന്ന് സൈന്യത്തെ പിൻവലിക്കുന്നതുമായി ബന്ധപ്പെട്ട് 2024 ഒക്ടോബറിൽ ഇന്ത്യയും ചൈനയും ധാരണയിലെത്തിയതോടെയാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽ അൽപമെങ്കിലും പുരോഗതിയുണ്ടായത്. പിന്നാലെ റഷ്യയിലെ കസാനിൽ നടന്ന ബ്രിക്സ് ഉച്ചകോടിക്കിടെ മോദിയും ജിൻപിങ്ങും കൂടിക്കാഴ്ച നടത്തുകയും അതിർത്തി തർക്കം പരിഹരിക്കുന്നതിനും ബന്ധം സാധാരണ നിലയിലാക്കുന്നതിനും ധാരണയിൽ എത്തിയിരുന്നു.

പിന്നാലെ നേരിട്ടുള്ള വിമാന സർവിസുകളും കൈലാശ് മാനസസരോവർ യാത്രയും പുനരാരംഭിക്കുന്നത് ഉൾപ്പെടെയുള്ള ബന്ധങ്ങൾ സാധാരണ നിലയിൽ എത്തിക്കുന്നതിന് നടപടികൾ സ്വീകരിച്ചു. നയതന്ത്ര, സൈനിക തലങ്ങളിലും ചർച്ചകൾ തുടർന്നു. ഈ വർഷം മേയിൽ, ഇന്ത്യ-ചൈന അതിർത്തി വിഷയത്തിൽ കൂടിയാലോചനകൾ നടത്തുകയും സമാധാനം പുനസ്ഥാപിക്കാനുള്ള നടപടികൾ സ്വീകരിക്കുകയും ചെയ്തിരുന്നു. ജിൻപിങ്ങിന്‍റെ ഇന്ത്യ സന്ദർശനം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽ വലിയ പുരോഗതി കൈവരിക്കാൻ സഹായിക്കും.

Show Full Article
TAGS:Select A Tag 
News Summary - Xi Jinping to attend BRICS summit in New Delhi
Next Story