‘രാമന്റെ പേര് കേൾക്കുമ്പോൾ ബാബറിനെപ്പോലെ പ്രകോപിതരാകുന്നു’; സമാജ്‌വാദി പാർട്ടിക്കെതിരെ യോഗി ആദിത്യനാഥ്
text_fieldsലഖ്നോ: ശ്രീരാമനെക്കുറിച്ച് പറയുമ്പോൾ മുഗൾ ചക്രവർത്തി ബാബറിനെപ്പോലെ സമാജ്‌വാദി പാർട്ടിയും പ്രകോപിതരാകുന്നുവെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മീററ്റിൽ ബി.ജെ.പിയുടെ പടിഞ്ഞാറൻ മേഖലയിലെ ‘ശക്തി കേന്ദ്ര’ കൺവീനർമാരുടെ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബി.ജെ.പി ദേശീയ അധ്യക്ഷൻ നിതിൻ നബീനും പരിപാടിയിൽ പങ്കെടുത്തു.
‘ശ്രീരാമന്റെ പേര് പറയുമ്പോൾ ബാബർ അസ്വസ്ഥനാകുന്നതുപോലെ എസ്.പിയും അസ്വസ്ഥനാകും. ‘ബജ്റങ്’ (ഹനുമാൻ) ഭക്തർക്ക് മാത്രമേ ബാബറിന്റെ അനുയായികൾക്ക് ഉചിതമായ മറുപടി നൽകാൻ കഴിയൂ. അതുകൊണ്ടാണ് നിങ്ങളെയെല്ലാം വിളിക്കാൻ ഞങ്ങൾ ഇവിടെ വന്നിരിക്കുന്നത്’ യോഗി ആദിത്യനാഥ് പറഞ്ഞു. മതപരമായ പരിപാടികൾക്ക് എസ്.പി തടസ്സം സൃഷ്ടിക്കുന്നുവെന്നും യോഗി ആദിത്യനാഥ് ആരോപിച്ചു.
സമാജ്‌വാദി പാർട്ടി, ബഹുജൻ സമാജ് പാർട്ടി, കോൺഗ്രസ് എന്നിവ രാജ്യത്ത് കുടുംബാധിപത്യ രാഷ്ട്രീയവും ജാതീയ രാഷ്ട്രീയവും വളർത്തിയെന്നും യോഗി ആദിത്യനാഥ് ആരോപിച്ചു. അധികാരം സ്വന്തം താൽപര്യങ്ങൾക്കായി ഉപയോഗിക്കുന്ന രീതിയിലേക്ക് ഈ പാർട്ടികളുടെ രാഷ്ട്രീയം മാറിയെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയുടെ സനാതന പാരമ്പര്യത്തെ അപകീർത്തിപ്പെടുത്താനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും ആദിത്യനാഥ് അവകാശപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ രാജ്യം ‘പൈതൃകത്തിൽ അഭിമാനം കൊള്ളുന്ന പുതിയ ഇന്ത്യ’യിലേക്ക് നീങ്ങുകയാണെന്നും ആദിത്യനാഥ് പറഞ്ഞു.
കാശി വിശ്വനാഥ ധാം, അയോധ്യയിലെ ശ്രീരാമ ജന്മഭൂമി ക്ഷേത്രം എന്നിവയുടെ നിർമാണവും മഥുര, വൃന്ദാവൻ മേഖലകളിലെ സൗന്ദര്യവൽക്കരണവും പുനരുദ്ധാരണ പ്രവർത്തനങ്ങളും തന്റെ വാദത്തിന് ഉദാഹരണങ്ങളായി ആദിത്യനാഥ് ചൂണ്ടിക്കാട്ടി. പൈതൃക സംരക്ഷണവുമായി ബന്ധപ്പെട്ട കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ പ്രവർത്തനങ്ങളാണ് ഇവയെന്നും ആദിത്യനാഥ് കൂട്ടിച്ചേർത്തു.


