അപകടത്തിൽ ട്രക്ക് രണ്ടായി പിളർന്നു റോഡിലേക്ക് ചിതറി; അന്ത്യം സഹോദരനൊപ്പം യു.എസിൽ നിന്ന് നാട്ടിലേക്ക് മടങ്ങാനിരിക്കെ
text_fieldsബുധനാഴ്ചയാണ് യു.എസിലെ മസാചുസെറ്റ്സിലുണ്ടായ റോഡപകടത്തിൽ ഹൈദരാബാദ് സ്വദേശിയായ മുഹമ്മദ് വാജിദ് എന്ന 28കാരൻ മരിച്ചത്. വാജിദ് സഞ്ചരിച്ച വാഹനം ട്രക്കുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. അപകടം സംഭവിച്ചയുടൻ വാജിദിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. അപകടത്തിൽ വാജിദ് ഓടിച്ച സെമി ട്രക്ക് രണ്ടായി പിളർന്ന് റോഡിന്റെ രണ്ടരികിലേക്കും തെറിച്ചു.
നാലുവർഷം മുമ്പാണ് മുഹമ്മദ് വാജിദ് ഉന്നത പഠനത്തിനായി യു.എസിലെത്തിയത്. പഠനത്തിനൊപ്പം ഷിക്കാഗോയിൽ പാർട് ടൈം ജോലിയും ചെയ്യുന്നുണ്ടായിരുന്നു.
ഹൈദരാബാദിലെ ഖൈറാതബാദിൽ താമസിക്കുന്ന ഷമീമ ബിഗം-മുഹമ്മദ് ഇജാസ് ദമ്പതികളുടെ മകനാണ് വാജിദ്. ഒരു സഹോദരനുണ്ട് മുഹമ്മദ് ജാവേദ്. എന്താണ് സംഭവിച്ചതെന്നറിയാതെ അപകടവാർത്ത കേട്ടയുടൻ മാതാപിതാക്കൾ യു.എസിലേക്ക് തിരിക്കുകയായിരുന്നു. മകന്റെ അന്ത്യകർമങ്ങൾ പിതാവിന്റെ നേതൃത്വത്തിൽ യു.എസിൽ വെച്ചുതന്നെ നടന്നു. യു.എസിൽ നിന്ന് മൃതദേഹം നാട്ടിലെത്തിക്കാൻ കൂടുതൽ സമയം വേണ്ടിവരും എന്നതിനാലാണ് ചടങ്ങുകളെല്ലാം അവിടെ തന്നെ നടത്തിയതെന്നും കുടുംബം പറയുന്നു.
വാജിദിന്റെ സഹോദരനും ഷികാഗോയിലാണ്. ബികോം പൂർത്തിയാക്കിയ ശേഷം യു.എസിലെത്തിയ വാജിദ് ഷികാഗോയിലെ ട്രൈൻ യൂനിവേഴ്സിറ്റിയിൽ നിന്നാണ് മാസ്റ്റർ ബിരുദം നേടിയത്. ആറുമാസത്തിനു ശേഷംസഹോദരനൊപ്പം നാട്ടിലേക്ക് മടങ്ങാനിരിക്കുകയായിരുന്നു വാജിദ്. കഴിഞ്ഞ തവണ ഹൈദരാബാദിലെത്തിയപ്പോൾ സ്വന്തം നാടിനെ അതിയായി നഷ്ടപ്പെടുന്നുവെന്നും പഠനം കഴിഞ്ഞ് ഉടൻ മടങ്ങിയെത്തുമെന്നും വാജിദ് പറഞ്ഞിരുന്നതായി ബന്ധുക്കളിലൊരാൾ സൂചിപ്പിച്ചു. വാജിദിന് അനുയോജ്യയായ വധുവിനെ കണ്ടെത്താനുള്ള തിരക്കിലായിരുന്നു കുടുംബം.
കഴിഞ്ഞ തവണ നാട്ടിലെത്തിയപ്പോൾ മാതാപിതാക്കൾക്കൊപ്പം ഉംറയും നിർവഹിച്ചിരുന്നു. വളരെ നല്ല സ്വഭാവമുള്ള വ്യക്തിയായിരുന്നു. എല്ലാവരും അവനെ അത്രമേൽ സ്നേഹിച്ചിരുന്നു. നല്ലൊരു ക്രിക്കറ്റ് പ്ലെയർ കൂടിയായിരുന്നു. രാഷ്ട്രീയത്തിലും തൽപരനായിരുന്നു. കോൺഗ്രസിനൊപ്പമാണ് പ്രവർത്തിച്ചത്. പാവപ്പെട്ടവർക്കായി പ്രവർത്തിക്കാൻ വാജിദ് ഏറെ ഇഷ്ടപ്പെട്ടിരുന്നുവെന്നും ബന്ധു കൂട്ടിച്ചേർത്തു.
നല്ലൊരു പ്രാസംഗികൻ കൂടിയായിരുന്നു. ഉർദു, ഹിന്ദു, ഇംഗ്ലീഷ്, തെലുങ്ക് ഭാഷകൾ അനായാസം കൈകാര്യം ചെയ്യും. തനിക്കൊരിക്കലും പ്രശസ്തനാവേണ്ട. എന്നാൽ എന്നെ കുറിച്ച് മാതാപിതാക്കൾക്ക് അഭിമാനിക്കാൻ കഴിയണമെന്ന് ഒരിക്കൽ വാജിദ് ഇൻസ്റ്റഗ്രാമിൽ കുറിച്ചിരുന്നു. എല്ലാം വളരെ ചെറിയ കാലയളവിൽ കഴിഞ്ഞു. തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുമായും വാജിദിന് ബന്ധമുണ്ടായിരുന്നു. വാജിദിന്റെ ഇൻസ്റ്റഗ്രാമിൽ രേവന്ത് റെഡ്ഡിക്കൊപ്പം നിൽക്കുന്ന നിരവധി വിഡിയോയും ഫോട്ടോയും കാണാം.