‘ഫാഷിസ്റ്റുകൾ അരുംകൊല നടത്തിയ മനുഷ്യന്റെ വീട്ടിൽ നിന്ന് ആദ്യമായിട്ടാണ് ആവേശത്തോടെ മടങ്ങുന്നത്....’
text_fieldsകൊൽക്കത്ത: ഫാഷിസ്റ്റുകൾ അരുംകൊല നടത്തിയ മനുഷ്യരുടെ വീട്ടിൽ പോകുന്നത് ആദ്യമായിട്ടല്ലെന്നും എന്നാൽ, ആദ്യമായിട്ടാണ് അങ്ങനെയൊരിടത്തു നിന്ന് ആവേശത്തോടെ മടങ്ങുന്നതെന്നും മുസ്‌ലിം യൂത്ത് ലീഗ് ദേശീയ ഓർഗനൈസിങ് സെക്രട്ടറി അഡ്വ. ഷിബു മീരാൻ. ബംഗാളിലെ ബങ്കുര കരിസുണ്ടയിൽ സംഘ്പരിവാർ കൊലപ്പെടുത്തിയ സി.ജെ.പി വിദ്യാർഥി നേതാവിന്റെ പിതാവായ മുഹമ്മദ് മാഫിഖിന്റെ കുടുംബത്തെ യൂത്ത് ലീഗ് ദേശീയ നേതാക്കൾക്കൊപ്പം സന്ദർശിച്ച ശേഷം ഫേസ്ബുക്കിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
ഡൽഹിയിലെ ജന്തർ മന്തറിൽ നടന്ന സി.ജെ.പി വിദ്യാർഥി പ്രക്ഷോഭത്തിൽ സജീവമായി പങ്കെടുത്തിരുന്ന ഷേഖ് അബ്ദുൾ ഹഫീസിന്റെ പിതാവാണ് കൊല്ലപ്പെട്ട മുഹമ്മദ് മാഫിഖ്. സമരത്തിന് ശേഷം നാട്ടിൽ തിരിച്ചെത്തിയ ഹഫീസ് പ്രദേശത്തെ ബി.ജെ.പി പ്രവർത്തകരിൽ നിന്ന് ഭീഷണികൾ നേരിട്ടിരുന്നു. ഇതിന് പിന്നാലെ ആഗസ്റ്റ് 13ന് രാത്രി ബി.ജെ.പി ബൂത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിലുള്ള സംഘം ഹഫീസിന്റെ വീട്ടിലെത്തി ആക്രമിക്കുകയായിരുന്നു. ഹഫീസിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ഇരുമ്പുവടികൾ ഉപയോഗിച്ചുള്ള മർദനത്തിൽ ഗുരുതര പരിക്കേറ്റ മുഹമ്മദ് മാഫിഖിനെ ബർദവാൻ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ആഗസ്റ്റ് 15ന് രാത്രി അദ്ദേഹം മരണത്തിന് കീഴടങ്ങി.
പിതാവിന്റെ മരണത്തിന് പിന്നാലെയും തളരാതെ നിൽക്കുന്ന ഹഫീസിന്റെ നിലപാട് തങ്ങളെ ഏറെ സ്വാധീനിച്ചുവെന്ന് ഷിബു മീരാൻ പറഞ്ഞു. സർക്കാർ നഷ്ടപരിഹാരം ആവശ്യമില്ലെന്നും, പിതാവിന്റെ പേരിൽ പ്രദേശത്ത് മികച്ചൊരു സ്കൂൾ സ്ഥാപിക്കണമെന്നതാണ് തന്റെ ആഗ്രഹമെന്നുമായിരുന്നു ഹഫീസ് സംഘത്തോട് പറഞ്ഞത്. ഹഫീസിന്റെ മാതാവ് ഹസീന ബീഗവും സഹോദരി ടാനിയ ഖാത്തൂനും ഇതേ ആഗ്രഹം പങ്കുവെച്ചു. കേരളത്തിന്റെ വിദ്യാഭ്യാസ മാതൃകയെക്കുറിച്ചും ഹഫീസ് താൽപര്യത്തോടെ ചോദിച്ചറിഞ്ഞു. പിതാവിന്റെ മരണത്തോടെ കുടുംബത്തിന്റെ മുഴുവൻ ഉത്തരവാദിത്വങ്ങളും ഹഫീസിന്റെ ചുമലിലായിരിക്കുകയാണ്. സഹോദരിയുടെ വിദ്യാഭ്യാസം മുന്നോട്ടുകൊണ്ടുപോകുക, വീട് പൂർത്തിയാക്കുക, മാതാവിനെ സംരക്ഷിക്കുക തുടങ്ങിയവയാണ് ഇനി തന്റെ പ്രധാന ഉത്തരവാദിത്വങ്ങളെന്ന് ഹഫീസ് പറഞ്ഞു. “എല്ലാം എന്റെ അധ്വാനത്തിലൂടെ നടത്തും” എന്നായിരുന്നു സഹായത്തെക്കുറിച്ച് ചോദിച്ചപ്പോൾ ഹഫീസിന്റെ മറുപടിയെന്നും, ആവശ്യമായ ഏത് ഘട്ടത്തിലും മുസ്‌ലിം യൂത്ത് ലീഗ് കുടുംബത്തോടൊപ്പം ഉണ്ടാകുമെന്നും ഷിബു മീരാൻ അറിയിച്ചു.
കുറിപ്പിന്റെ പൂർണരൂപം:
ആദ്യമായിട്ടല്ല ഫാസിസ്റ്റകൾ അരുംകൊല നടത്തിയ മനുഷ്യരുടെ വീട്ടിൽ ചെന്ന് കയറുന്നത്... പക്ഷേ ആദ്യമായിട്ടാണ് അങ്ങനെയൊരിടത്തു നിന്ന് ആവേശത്തോടെ മടങ്ങുന്നത്....
ഞാൻ മാത്രമല്ല കൂടെയുണ്ടായിരുന്ന സി കെ ഷാക്കിറും, അബുൾ ഹുസൈൻ മൊല്ലയും ഒക്കെ അങ്ങനെയൊരു മാനസികാവസ്ഥയിലാണ് ഈ യുവാവിനെ കണ്ടു മടങ്ങിയത്...
ഇത് ഷേഖ് അബ്ദുൾ ഹഫീസ്...
രാജ്യമാകെ ചർച്ച ചെയ്ത ജന്ദർ മന്ദറിലെ സി ജെ പി വിദ്യാർത്ഥി പ്രക്ഷോഭത്തിലെ ഏക രക്തസാക്ഷി പക്ഷേ ഒരു വിദ്യാർത്ഥിയായിരുന്നില്ല...ആ സമരത്തിലെ സജീവ സാന്നിദ്ധ്യമായിരുന്ന ഈ ചെറുപ്പക്കാരന്റെ പിതാവ് മുഹമ്മദ് മാഫിഖ് എന്ന 52 കാരനാണ് അത്...
ആ രക്തസാക്ഷിത്വത്തിന്റെ കഥ ഇങ്ങനെയാണ്....
ബങ്കുരയിലെ കരിസുണ്ട എന്നഗ്രാമത്തിൽ ദീർഘ ദൂരം യാത്ര ചെയ്താണ് അബ്ദുൾ ഹഫീസ് ഡൽഹിയിലെത്തി സമരത്തിന്റെ ഭാഗമായത്. സമര വിജയത്തിനു ശേഷം നാട്ടിൽ മടങ്ങിയെത്തിയതു മുതൽ ഗ്രാമത്തിലെ ബി ജെ പി പ്രവർത്തകർ പല തരത്തിൽ ആ ചെറുപ്പക്കാരനെ ഭീഷണിപ്പെടുത്തി... പിന്നീട് സി ജെ പി സ്കൂൾ ടീക് കരോ ക്യാമ്പയിൻ പ്രഖ്യാപിച്ചപ്പോൾ താൻ പൂർവ്വ വിദ്യാർത്ഥിയായിരുന്ന കരിസുണ്ട,പശ്ചിംപാര സ്കൂളിന്റെ ശോചനീയാവസ്ഥ ലോകത്തെ അറിയിക്കാൻ ആഗസ്ത് 13 ന് ഹഫീസ് അവിടെയെത്തി...
അന്ന് രാത്രി പ്രദേശത്തെ ബി ജെ പി ബൂത്ത് പ്രസിഡണ്ടിന്റെ നേതൃത്വത്തിൽ ഒരു കൂട്ടം അക്രമികൾ ആ വീട്ടിലെത്തി.. ഹഫീസിനെയും തടയാനെത്തിയ പിതാവിനെയും ആക്രമിച്ചു. ഇരുമ്പുവടികൾ കൊണ്ടുള്ള ക്രൂരമായ മർദ്ദനത്തിൽ പരിക്കറ്റ പിതാവ് മുഹമ്മദ് മാഫിഖിനെ ഗുരുതരാവസ്ഥയിൽ ബർദവാൻ മെഡിക്കൽ കോളജിലെത്തിച്ചു.ആഗസ്ത് 15 രാജ്യത്തിന്റെ 80 മത് സ്വാതന്ത്ര്യ ദിനത്തിന്റെ രാത്രിയിൽ ഹഫീസിന്റെ പിതാവ് മരിച്ചു...
പണക്കാർ ലക്ഷങ്ങൾ കൊടുത്ത് ചോദ്യ പേപ്പർ മുൻകൂർ ചോർത്തുന്ന, പാവപ്പെട്ട കുട്ടികൾക്ക് പഠിക്കാൻ കാലിത്തൊഴുത്തുകൾ തുറന്ന് കൊടുക്കുന്ന അനീതിയെ ചോദ്യം ചെയ്തതിനാണ് അവരെന്റെ പിതാവിനെ.. വാക്കുകൾ മുറിയുന്നുണ്ട്.. ഹഫീസ് പക്ഷേ കരയുന്നില്ല... ഒരു ഗവർമെണ്ടിന്റെയും നഷ്ടപരിഹാരം വേണ്ട ഞങ്ങൾക്ക്, എന്റെ പിതാവിന്റെ പേരിൽ ഇവിടെ നല്ല ഒരു സ്കൂൾ തുടങ്ങിയാൽ മതി... നാല് ചുവരുകളും. മേൽക്കൂരയും മാത്രമുള്ള വയൽക്കരയിലെ തീരെ ചെറിയ വീട്ടിലിരുന്ന് അവനത് പറയുമ്പോൾ അത്ഭുതമാണ് തോന്നിയത്. തൊട്ടടുത്ത് ഹഫീസിന്റെ ഉമ്മ ഹസീന ബീഗവും സഹോദരി ടാനിയ ഖാത്തൂനും തൊട്ടടുത്തിരുപ്പുണ്ട്.. ഹഫീസിനെക്കാൾ നിശ്ചയദാർഡ്യത്തോടെ അവരിരുവരും തല കുലുക്കി...
ഹഫീസുമായി ദീർഘനേരം സംസാരിച്ചു.. അവനേറെയും പറഞ്ഞത് രാഷ്ട്രീയമാണ്... കേരളത്തെക്കുറിച്ച് താൽപര്യത്തോടെ ചോദിച്ചറിഞ്ഞു.. കേരളത്തിന്റെ വിദ്യാഭ്യാസ മാതൃകയെക്കുറിച്ച് മതിപ്പോടെ സംസാരിച്ചു..അവകാശ ബോധത്തിന്റെ ഭാഷയിൽ അൽപം പോലും അപകർഷതാ ബോധമില്ലാതെ തെ സംസാരിക്കുന്ന പുതിയ തലമുറയുടെ പ്രതിനിധിയാണവൻ...
വീട് നിറയെ പ്രാദേശിക രാഷ്ട്രീയ നേതാക്കളും സാമൂഹ്യ പ്രവർത്തകരുമുണ്ട്.. കൂട്ടത്തിൽ ഇരു വൃക്കകളും തകരാറിലായിട്ടും, കരളിന് ക്യാൻസർ രോഗമുണ്ടായിട്ടും ഡൽഹിയിലെത്തി സമരത്തിൽ പങ്കെടുത്ത് ബബിതാഞ്ജലി കറിനെയും മകൻ രാജ കറിനെയും കണ്ടു.. ഹഫീസിനെ ആശ്വസിപ്പിക്കാൻ ഒഡീഷയിൽ നിന്നെത്തിയതാണ് അമ്മയും മകനും...
പിതാവിന്റെ നീതിക്ക് വേണ്ടി പൊരുതണം, സഹോദരിയുടെ വിദ്യാഭാസം മുന്നോട്ട് കൊണ്ടു പോകണം,ആ ചുമരുകളെ വീടാക്കി മാറ്റണം, ഉമ്മയെ നോക്കണം....ഒറ്റ ദിവസം കൊണ്ട് ഹഫീസിന്റെ ഉത്തരവാദിത്വങ്ങൾ വളരെ വലുതായി മാറിക്കഴിഞ്ഞിരിക്കുന്നു...
മറുപടി എന്തായിരിക്കും എന്നറിഞ്ഞ് തന്നെയാണ് എന്താണ് ചെയ്യേണ്ടത് എന്ന് ഞങ്ങൾ ചോദിച്ചത്.. അതങ്ങനെ തന്നെ വന്നു...
മേം സബ് അപ്നേ മെഹനത് സേ കരുംഗാ ഭായ് ജാൻ...എല്ലാം ഞാൻ അധ്വാനിച്ച് നടത്തുമെന്നവൻ ഉറപ്പിച്ച് പറഞ്ഞു.... നിനക്കത് കഴിയട്ടെ, പക്ഷേ അതൊക്കെ ചെയ്യുന്നതിനിടയിൽ എന്ത് കുറവ് വന്നാലും അപ്പോൾ തന്നെ വിളിക്കണം..
നിന്റെ കൂടപ്പിറന്നില്ലെങ്കിലും കൂടപ്പിറപ്പുകളെ പോലെ സ്നേഹിക്കാനറിയുന്ന ലക്ഷക്കണക്കിന് പേരുള്ള ഒരു സംഘടനയുടെ പ്രതിനിധികളായിട്ടാണ് ഞങ്ങൾ വന്നത് എന്ന് മറുപടി പറഞ്ഞു... ഹഫീസ് ഇറുകെ ചേർത്ത് പിടിച്ചു....
ഒരു ഐക്യദാർഡ്യ സന്ദർശനത്തിന്റെ എല്ലാ ഔപചാരികതകളും ഇല്ലാതാക്കി ദീർഘ നേരം ആ വീട്ടിൽ ചിലവഴിച്ച് അവരോടു മിണ്ടിയും പറഞ്ഞും സന്ധ്യയോടെയാണ് തിരികെ കൊൽക്കത്തയിലേക്ക് മടങ്ങിയത്...
ഇനിയും വരുമെന്ന് വെറുതേ പറഞ്ഞ് പോന്നതല്ല.. നമ്മളിനിയും അവിടെ പോകും...
അവിടെ കണ്ട കാഴ്ച്ചകൾ സങ്കടപ്പെടുത്തിയതിലേറെ,ഹഫീസ് പറഞ്ഞ വാക്കുകൾ ആവേശം കൊള്ളിച്ചു...
സ്വപ്നങ്ങളെല്ലാം നേടിയെടുക്കാൻ അവന് കഴിയട്ടെ...
തളർന്ന് പോകുന്നിടത്ത് താങ്ങായി നമ്മളുണ്ടാകും അവന്റെ കൂടെ... എന്തിനും.. എപ്പോഴും....
അഡ്വ: ഷിബു മീരാൻ...
ദേശീയ ഓർഗനൈസിംഗ് സെക്രട്ടറി
മുസ്ലിം യൂത്ത് ലീഗ്


