വിശ്വാസികൾ സി.പി.എമ്മിന് വോട്ടു ചെയ്യില്ല, യു.ഡി.എഫ് മികച്ച നേട്ടമുണ്ടാക്കും –മാർട്ടിൻ ജോർജ്
text_fieldsമാർട്ടിൻ ജോർജ് (ഡി.സി.സി പ്രസിഡന്റ്)
കണ്ണൂർ: തദ്ദേശ തെരഞ്ഞെടുപ്പിന്‍റെ ആവേശത്തിലാണ് നാട്. തിരക്കിലാണ് സ്ഥാനാർഥികളും മുന്നണി നേതാക്കളും. ജില്ലയിലെ യു.ഡി.എഫിന്‍റെ തെരഞ്ഞെടുപ്പ് പ്രവർത്തനവും വിജയ പ്രതീക്ഷയും മാധ്യമവുമായി പങ്കുവെക്കുകയാണ് ഡി.സി.സി പ്രസിഡന്റ് മാർട്ടിൻ ജോർജ്.
?. ഇത്തവണ തെരഞ്ഞെടുപ്പിനെ എങ്ങനെ നോക്കിക്കാണുന്നു
ജില്ലയിലും സംസ്ഥാനത്തെമ്പാടും യു.ഡി.എഫിന് അനുകൂലമായ തെരഞ്ഞെടുപ്പാണിത്. കേന്ദ്ര സംസ്ഥാന സർക്കാറുകൾക്കെതിരെ വിധിയെഴുതാൻ ജനങ്ങൾ കാത്തിരിക്കുകയാണ്.
?. പ്രതീക്ഷ എങ്ങനെ
ഒരു സംശയവും ഞങ്ങൾക്കില്ല. ജില്ലയിൽ മുൻ കാലങ്ങളിലേതിനേക്കാൾ മികച്ച നേട്ടത്തോടെ വലിയ വിജയം യു.ഡി.എഫ് നേടും. കോർപറേഷനിൽ കൂടുതൽ സീറ്റുമായി തുടർ ഭരണമുണ്ടാവും. ജില്ല പഞ്ചായത്തിലും വലിയ പ്രതീക്ഷയുണ്ട്. 71 പഞ്ചായത്തുകളിൽ 14 എണ്ണം മാത്രമാണ് യു.ഡി.എഫിനുള്ളത്. ഇത്തവണ അത് മാറും. ഭൂരിഭാഗം പഞ്ചായത്തുകളും ഞങ്ങൾ പിടിക്കും. ജനങ്ങൾ നൽകുന്ന പ്രതീക്ഷയാണിത്. സംസ്ഥാനത്ത് യു.ഡി.എഫ് ഭരണം വരാനിരിക്കുന്നതിന്റെ മുന്നോടിയായുള്ള ഫലമാണ് തദ്ദേശ തെരഞ്ഞെടുപ്പിലുണ്ടാവുക.
?. തെരഞ്ഞെടുപ്പ് പ്രവർത്തനം
ഇത്തവണ നേരത്തേതന്നെ തെരഞ്ഞെടുപ്പ് പ്രവർത്തനം തുടങ്ങിയിരുന്നു. കോൺഗ്രസും ലീഗും മറ്റ് ഘടക കക്ഷികളുമെല്ലാം ഒറ്റക്കെട്ടായാണ് താഴെ തലം മുതൽ പ്രവർത്തിക്കുന്നത്. യു.ഡി.എഫ് അധികാരത്തിൽ വരാൻ ജനങ്ങൾ കാത്തിരിക്കുകയാണെന്ന് ഓരോ സ്ഥലങ്ങളിലെയും പ്രചാരണങ്ങളിൽനിന്ന് കാണാൻ കഴിയുന്നുണ്ട്.
?. സി.പി.എം, ബി.ജെ.പി സ്വാധീനങ്ങൾ
ഞങ്ങളെ സംബന്ധിച്ച് സി.പി.എമ്മും ബി.ജെ.പിയും പ്രശ്നമേയല്ല. ഒരു വിശ്വാസിപോലും ഇത്തവണ സി.പി.എമ്മിന് വോട്ടു ചെയ്യില്ല. ശബരിമലയിലെ കൊള്ള ജനം മനസ്സിലാക്കിയിട്ടുണ്ട്. അവരുടെ തന്ത്രങ്ങളൊന്നും ഇത്തവണ വിലപ്പോകില്ല. ബി.ജെ.പിയാണെങ്കിൽ സ്ഥാനാർഥികളെ കിട്ടാൻ പണമെറിയുകയാണുണ്ടായത്. കേന്ദ്ര നിലപാടുകൾ അറിയുന്ന ജനം അവരെയും പരിഗണിക്കില്ല.
?. വാർഡ് വിഭജനത്തെപ്പറ്റി
അശാസ്ത്രീയ വാർഡ് വിഭജനമാണ് സി.പി.എം ഒത്താശയിൽ നടത്തിയിട്ടുള്ളത്. അവർക്ക് ജയിക്കാൻപറ്റും വിധം വാർഡുകൾ പലതും കീറിമുറിച്ചിട്ടുണ്ട്. ഇതിനെതിരെ തുടക്കത്തിലേ ഞങ്ങൾ പരാതി ഉന്നയിച്ചതാണ്. എങ്കിലും അവരുടെ സ്വാധീന പ്രദേശങ്ങളിൽപോലും ഇത്തവണ യു.ഡി.എഫ് അനുകൂല തരംഗമുണ്ടാവും.
?. വിമത ഭീഷണിയെ എങ്ങനെ കാണുന്നു
കോൺഗ്രസിന് ചിലയിടങ്ങളിലെല്ലാം വിമതരുണ്ട്. അത് എക്കാലവുമുള്ള പോലെ മാത്രമേ കാണുന്നുള്ളൂ. പാർട്ടിയുടെ ചിഹ്നവും ഔദ്യോഗിക സ്ഥാനാർഥികളും വന്നാൽ പിന്നെ വിമതരെയൊന്നും ആരും ഗൗനിക്കില്ലെന്നതാണ് മുൻകാല ചരിത്രം.
?. കോർപറേഷൻ ഭരണം, പി.കെ. രാഗേഷ് വിഭാഗത്തെപ്പറ്റി
കോർപറേഷൻ ഭരണം നല്ല രീതിയിലാണ് നടന്നത്. ജനകീയ പദ്ധതികൾ നടപ്പാക്കിയതിനാൽ മികച്ച വിജയവും തുടർഭരണവുമുണ്ടാവും. അത്തരം വിഭാഗത്തെപ്പറ്റിയൊന്നും അറിയില്ല. കോൺഗ്രസിന്‍റെ ആനുകൂല്യങ്ങൾ പറ്റി പുറത്തുനിന്ന് കളിക്കുന്നവരെ ഞങ്ങൾ മുഖവിലക്കെടുക്കാറില്ല. യു.ഡി.എഫ് വിജയത്തിന് ഒരു തടസ്സവും നിലവിലില്ല.
?. രാഹുൽ മാങ്കൂട്ടത്തിൽ വിഷയം ചർച്ചയാവുമോ
രാഹുൽ വിഷയമൊന്നും ചർച്ചയാവില്ല. സർക്കാറിന്‍റെ ശബരിമല കൊള്ളയും മറ്റ് അഴിമതികളും ജനകീയ പ്രശ്നങ്ങളുമാണ് ഞങ്ങൾ തെരഞ്ഞെടുപ്പിൽ മുന്നോട്ടുവെക്കുന്നത്. നികുതി, വൈദ്യുതി ചാർജ്, വെള്ളക്കരം തുടങ്ങി വലിയ വർധന നടപ്പാക്കി ജനത്തെ കൊള്ളയടിച്ച സർക്കാറിനെതിരായ വിധിയെഴുത്തായി തദ്ദേശ ഫലം മാറും.


