Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightInterviewchevron_rightകഥ പറയലിൽ...

കഥ പറയലിൽ മാറ്റങ്ങളില്ല; കഥയിലെ ഉള്ളൂ

text_fields
bookmark_border
Vishnu Sasi Shankar
cancel
camera_alt

വിഷ്ണു ശശി ശങ്കർ

മാളികപ്പുറം എന്ന ഒറ്റ ചിത്രത്തിലൂടെ സൂപ്പർ ഹിറ്റ് സംവിധായകനായ വിഷ്ണു ശശി ശങ്കർ. പ്രശസ്ത സംവിധായകൻ ശശി ശങ്കറിന്‍റെ മകൻ കൂടിയായ വിഷ്ണു തന്‍റെ രണ്ടാമത്തെ ചിത്രമായ സുമതി വളവിന്‍റെ ചിത്രീകരണത്തിനിടെ മാധ്യമം ഓൺലൈനോട് സംസാരിക്കുന്നു.

മാളികപ്പുറം

എല്ലാവർക്കും ആസ്വദിക്കാൻ കഴിയുന്ന ഒരു സിനിമ അതായിരുന്നു ഞങ്ങളുടെ ലക്ഷ്യം. അങ്ങനെയാണ് മാളികപ്പുറം പിറക്കുന്നത്. പഴയ കാലത്ത് സ്റ്റോറി ടെല്ലിങ് മെത്തേഡുകളിൽ ഒരുപാട് വ്യത്യാസങ്ങൾ വന്നിട്ടുണ്ട്. അങ്ങനെയാണെങ്കിലും പ്രേക്ഷകർ ഇപ്പോഴും ആ സ്റ്റോറി ടെല്ലിങ് രീതികളെ സ്വീകരിക്കുന്നുണ്ട്. അതുകൊണ്ടാണ് മാളികപ്പുറം അത്രയും വിജയമായി തീർന്നത്. സിനിമാറ്റിക് ആയിട്ടുള്ള എസ്തറ്റിക് പരിപാടിക്കുപരി ആ ഒരു സ്റ്റോറി ടെല്ലിങ്ങ് രീതിയാണ് ഞങ്ങൾ മാളികപ്പുറത്തിൽ ഫോക്കസ് ചെയ്തത്. അത് പക്ഷേ വലിയ റിസ്ക് തന്നെയായിരുന്നു.

മാളികപ്പുറം റിലീസായ സമയത്ത് ടിക്കറ്റ് ഒന്നും അധികം വിറ്റുപോയിരുന്നില്ല. വലിയ ബുക്കിങും ഉണ്ടായിരുന്നില്ല. അപ്പോൾ പലരും പറഞ്ഞു. ഇന്നത്തെ കാലത്ത് ഒരു സിനിമ ചെയ്യുമ്പോൾ കാലഘട്ടത്തിന് അനുസൃതമായ ചേരുവകൾ വേണമായിരുന്നു എന്ന്. എന്നാൽ എനിക്ക് എന്‍റെ സബ്ജക്ടിൽ നല്ല വിശ്വാസമുണ്ടായിരുന്നു. ഇത്തരമൊരു ചിത്രത്തിന് തുടക്കത്തിൽ പ്രേക്ഷകർ ഉണ്ടാകില്ലെങ്കിലും പിന്നീട് അവർ തിയേറ്ററുകൾ തേടിയെത്തുമെന്ന് അറിയാമായിരുന്നു. എന്നാൽ പടം ഇറങ്ങുന്നതിന് മുമ്പ് തന്നെ ഭക്തിചിത്രം എന്ന രീതിയിൽ ടാഗ് ചെയ്ത് ചിലരൊക്കെ ഡി പ്രമോഷൻ നടത്തിയിരുന്നു.

പക്ഷേ പടമിറങ്ങിയതിന് ശേഷം കണ്ട അവർ തന്നെ സിനിമയെ കുറിച്ച് സംസാരിക്കാൻ തുടങ്ങി. സിനിമയുടെ പേരും ചിത്രങ്ങളും ഒക്കെ കണ്ടിട്ട് ഞങ്ങൾ തെറ്റിദ്ധരിക്കുകയായിരുന്നു എന്ന് അവർ കുറ്റസമ്മതം നടത്തി. പിന്നീട് മാസങ്ങളോളം മാളികപ്പുറം ഹൗസ് ഫുൾ ഷോകളായിരുന്നു. ഒരുപാട് നല്ല സിനിമകൾ തിയറ്ററുകളിൽ എത്തിയ ഒരു വർഷമായിരുന്നു അത്. ആ കൂട്ടത്തിൽ ഞങ്ങളുടെ ചിത്രവും വിജയിച്ചത് ഒരുപാട് സന്തോഷം നൽകുന്ന കാര്യമാണ്.

വിവാദങ്ങൾ ശ്രദ്ധിച്ചില്ല

മാളികപ്പുറത്തിന്റെ വിവാദങ്ങൾ സിനിമയെ വിജയിപ്പിക്കാൻ സഹായിച്ചു എന്ന് വിശ്വസിക്കുന്നില്ല. വിവാദങ്ങൾക്ക് ഞങ്ങൾ ചെവി കൊടുത്തിരുന്നില്ല. ആളുകൾ പറയാനുള്ളത് പറയട്ടെ, സിനിമ സംസാരിച്ചാൽ മതി എന്ന സമീപനമായിരുന്നു ഞങ്ങളുടേത്.

അതുകൊണ്ടുതന്നെ പല അഭിമുഖങ്ങൾക്കും ഞാൻ പോയില്ല. കാരണം സിനിമയെ ലൈവാക്കാൻ വിവാദങ്ങൾ സൃഷ്ടിക്കുന്ന ഒരു രീതിയായിരുന്നു ഉണ്ടായിരുന്നത്. അതിൽ എനിക്ക് താല്പര്യമില്ലായിരുന്നു. അതൊരു ഭക്തി ചിത്രം ആയിപ്പോയി എന്നേയുള്ളൂ. അതുകൊണ്ടുതന്നെ രണ്ടാമത്തെ ചിത്രം വിനോദ ചിത്രമാകണം എന്ന് ഞങ്ങൾക്ക് നിർബന്ധമുണ്ട്.

മാളികപ്പുറത്തിന്‍റെ രണ്ടാം ഭാഗം

മാളികപ്പുറത്തിന്‍റെ രണ്ടാം ഭാഗം ചർച്ചയിലുണ്ട്. അന്നേരവും ഇതുപോലെ മുൻവിധിയോടുകൂടി ചലച്ചിത്രത്തെ സമീപിക്കരുത് എന്നൊരു അപേക്ഷയെ ഉള്ളൂ.

മാളികപ്പുറം സെറ്റിൽ

രണ്ടാമത്തെ സിനിമ

മാളികപ്പുറത്തിന് ശേഷം ഉത്തരവാദിത്തങ്ങൾ കൂടുതലാണ് എന്നതുകൊണ്ടാണ് രണ്ടാമതൊരു സിനിമ ചെയ്യാൻ വൈകിയത്. അതിന് ശേഷം ഒരു സിനിമ പ്ലാൻ ചെയ്തിരുന്നു. എന്നാൽ പ്രേക്ഷകരുടെ പ്രതീക്ഷക്കൊത്തുയരാൻ കഴിയുമോ എന്ന ആശങ്കയാണ് അത് മാറ്റിവെക്കാൻ കാരണം. മാളികപ്പുറത്തിന് ശേഷം ഓഡിയൻസ് പ്രതീക്ഷിക്കുന്ന ഒരു സിനിമ ചെയ്യണമെന്ന് നിർബന്ധം വന്നു. അതിനാൽ കുറച്ചു സമയം എടുത്തു. അങ്ങനെയാണ് 'സുമതി വളവി'ലെത്തിപ്പെടുന്നത്. എന്നാലും സുമതി വളവ് എന്ന സിനിമ ആ പ്രതീക്ഷക്കൊത്ത് ചെയ്യാൻ സാധിക്കുന്നുണ്ട്.

രണ്ടാമത്തെ സിനിമ മാളികപ്പുറം എന്ന സിനിമയിൽ നിന്ന് തികച്ചും വ്യത്യസ്തമായ ഒരു സിനിമയായിരിക്കണം എന്നും നിർബന്ധം ഉണ്ടായിരുന്നു. ലൈറ്റ് ആയിട്ടുള്ള സബ്ജക്ട് ആയിരിക്കണമെന്നും അതിലേറെ പ്രതീക്ഷകൾ നൽകുന്നതായിരിക്കണം എന്നും വിചാരിച്ചു. പ്രേക്ഷകർ കൂടുതൽ പ്രതീക്ഷയോടെ കാണുമെന്നുള്ളത് കൊണ്ട് എല്ലാവർക്കും പറ്റിയ ഒരു ഫാമിലി ഓറിയന്റഡ് സബ്ജക്റ്റ് കണ്ടെത്തുകയായിരുന്നു.

സുമതി വളവ്

രണ്ടാമത്തെ ചിത്രത്തിൽ പ്രേക്ഷകർക്ക് ഏറെ പ്രതീക്ഷ ഉണ്ടാകും. അതുകൊണ്ടുതന്നെ ഒരു എക്സ്പിരിമെന്റൽ മൂവിയിലേക്ക് ഇപ്പോൾ പോകാൻ തൽക്കാലം ആഗ്രഹിക്കുന്നില്ല. തിയറ്ററിൽ എത്തിപ്പെടുന്ന ഒരു സാധാരണക്കാരൻ എന്താണ് ആഗ്രഹിക്കുന്നത് അത് നൽകുക മാത്രമാണ് ഉദ്ദേശം. കുടുംബത്തോടെ വന്നു എൻജോയ് ചെയ്യാൻ പറ്റിയ ഒരു ചിത്രം. ത്രില്ലറിന്‍റെ അംശങ്ങൾ അവിടെയും ഇവിടെയും ഉണ്ടെങ്കിലും ഫോക്കസ് ചെയ്യുന്നത് നർമ്മത്തിനാണ്.

ചിരി പടർത്തുന്ന ഹൊറർ ആണ് ഇതിലുള്ളത്. പാലോട് സംഭവിച്ച സുമതി വളവിന്റെ കഥയല്ല ഇതിലുള്ളത്. അതിന്‍റെ ഇൻസ്പിരേഷൻ ഉണ്ട് എന്ന് മാത്രം. അതുപോലെ പ്രേതം ഉള്ള സുമിതി വളവിൽ താമസിക്കുന്ന കുറേ ആളുകളുടെ കഥകളാണ്. സുമതി വളവ് എന്ന പേരും ചില ഇൻസ്പിരേഷൻ മാത്രമേ ഇതിൽ ഉൾക്കൊണ്ടിട്ടുള്ളൂ. അഭിലാഷ് പിള്ള അതിനെ നല്ല സിനിമ ഭാഷയാക്കി എഴുതിയിട്ടുണ്ട്.

ന്യൂജൻ സംവിധായകർ

പുതിയ വർക്ക് ടെക്നിക്കൽ ആസ്പെക്ടസും സിനിമാറ്റിക് രീതികളും പിൻപറ്റാനുള്ള കഴിവ് കൂടുതലാണ്. അത് ഏറ്റവും നല്ല ഒരു ക്വാളിറ്റിയാണ്. എന്നാൽ ഞാൻ ഫോക്കസ് ചെയ്യുന്നത് ഓഡിയൻസിന്റെ പൾസ് ആണ്. നാട്ടിൽ ഏറ്റവും കൂടുതൽ ഓഡിയൻസ് ആരാണ് എന്ന് ഞാൻ ചിന്തിക്കാറുണ്ട്. അത് ഒരിക്കലും ഈ സോഷ്യൽ മീഡിയയിൽ ഉള്ളവരല്ല എന്ന് ഞാൻ വിശ്വസിക്കുന്നു. ആദ്യ സിനിമ വിജയിപ്പിച്ചത് വീട്ടുകാരും കുടുംബങ്ങളിൽ ഉള്ളവരുമാണ്. അപ്പോൾ അത്തരം ആളുകളെ മുന്നിൽ കണ്ടുകൊണ്ടാണ് ഞാൻ സിനിമ ചെയ്യുന്നത്. ആദ്യ മൂന്നു ചിത്രങ്ങൾ അങ്ങനെ ചെയ്യണമെന്ന് തന്നെയാണ് എന്‍റെ ആഗ്രഹം.

സംവിധാന രംഗത്ത് റോൾ മോഡൽ

എല്ലാവരും റോൾ മോഡലുകളാണ്. സത്യൻ അന്തിക്കാട് ചിത്രങ്ങൾ എനിക്കിഷ്ടമാണ്. മാത്രമല്ല ഇക്കാലത്തെ ആഷിക് അബു തുടങ്ങിയ സംവിധായകരുടെ ചിത്രങ്ങൾ ഒക്കെയും എനിക്കിഷ്ടമാണ്. ബേസിൽ ജോസഫ്, വാഴ എന്ന ചിത്രം ചെയ്ത ആനന്ദ്, നഹാസ് ഇവരെയൊക്കെ അങ്ങനെയാണ് കാണുന്നത്.

പുതിയ കാലത്തെ സിനിമ

പുതിയ കാലത്തെ സിനിമ എങ്ങനെയായിരിക്കുമെന്ന് ചിന്തിക്കാറുണ്ട്. സിനിമകളിൽ കഥ പറയുന്ന രീതികളിൽ വലിയ മാറ്റങ്ങൾ ഒന്നുമില്ല. പക്ഷെ ടെക്നിക്കൽ ആയിട്ട് ഒരുപാട് മാറ്റങ്ങൾ വന്നു കൊണ്ടിരിക്കുന്നു. പ്രേക്ഷകരെ രസിപ്പിക്കുന്ന ചിത്രങ്ങൾ അത് ഏതുതരത്തിലുള്ളതായാലും അവർ സ്വീകരിക്കും. സോളിഡായിട്ടുള്ള ഒരു കഥയുണ്ടാവുകയും അത് ആളുകൾക്ക് റിലേറ്റ് ചെയ്യാൻ കഴിയുകയും വേണം. എന്നാൽ സിനിമയെ വിജയിപ്പിക്കാൻ ആകുമെന്ന് തന്നെയാണ് എന്‍റെ വിശ്വാസം.

Show Full Article
TAGS:Vishnu Sasi Shankar Malikappuram Sumathi Valavu 
News Summary - Interview with Vishnu Sasi Shankar
Next Story