ജലജ്, കേരളത്തിന്റെ ‘സക്സസ്' മന്ത്ര
text_fieldsജലജ് സക്സേന
വഴിതെറ്റിപ്പോയെ ഫോൺകോൾ. അതായിരുന്നു കേരളത്തിലേക്ക് അയാളെ കൊണ്ടെത്തിച്ചത്. പിന്നീട് ആ പോരാളി കേരള ക്രിക്കറ്റിന്റെ ചരിത്രം മാറ്റി എഴുതുകയായിരുന്നു. പറഞ്ഞുവരുന്നത് ജലജ് സക്സേനയെന്ന മധ്യപ്രദേശ്കാരനെ കുറിച്ചാണ്. 2015-16 സീസണിന്റെ തുടക്കം. ഇന്ത്യയുടെ മുൻ പേസ് ബൗളർ ടിനു യോഹന്നാൻ കേരള ബൗളിങ് പരിശീലകനായി ചുമതലയേൽക്കുന്നു. കേരളത്തിന് ഒരു മറുനാടൻ ഓപ്പണറെ വേണം. അന്നത്തെ കെ.സി.എ. പ്രസിഡന്റ് ടി.സി. മാത്യു, ടിനുവിന്റെ ഫോണിലേക്ക് ഒരു നമ്പർ അയച്ചു. പേര് വിനീത് സക്സേന. രാജസ്ഥാന്റെ ഓപ്പണറാണെന്നും വിളിച്ചാൽ വരുമെന്നും പറഞ്ഞു.
നമ്പർ സേവ് ചെയ്ത ടിനു പക്ഷേ തൊട്ടടുത്ത ദിവസം വിളിക്കുന്നത് സുഹൃത്തും മധ്യപ്രദേശിന്റെ ഓൾറൗണ്ടറുമായ ജലജ് സക്സേനയെ. വഴിതെറ്റിപ്പോയ ഒരു ഫോൺകോളിൽ കേരള ക്രിക്കറ്റിന് ലഭിച്ചത് ഒരു രക്ഷകനെയായിരുന്നെന്ന് ഒരു ദശകം കൊണ്ട് ജലജ് തെളിയിച്ചു. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ 150 മത്സരങ്ങളിൽ നിന്ന് 14 സെഞ്ചുറിയും 34 അർധ സെഞ്ച്വറികളും അടക്കം 7060 റൺസ്. 484 വിക്കറ്റുകൾ. നോക്കൗണ്ട് കടക്കുന്നത് സ്വപ്നം കണ്ട കേരള ടീം ഇന്ന് രഞ്ജിട്രോഫിയിൽ രാജ്യത്തെ രണ്ടാം നമ്പർ ടീമായി മാറിയിട്ടുണ്ടെങ്കിൽ അതിൽ ജലജ് എന്ന 38കാരന്റെ വിയർപ്പും രക്തവുമുണ്ട്. കേരള ക്രിക്കറ്റ് ലീഗിൽ ആലപ്പി റിപ്പിൾസ് പൊന്നും വിലക്ക് സ്വന്തമാക്കിയ താരം മനസ് തുറക്കുന്നു.
കെ.സി.എല്ലിൽ 12.40 ലക്ഷത്തിനാണ് ആലപ്പി താങ്കളെ സ്വന്തമാക്കിയത്. എന്തുതോന്നി?
ടീം മാനേജ്മെന്റ എന്നിൽ അർപ്പിച്ച വിശ്വാസത്തിന് നന്ദിയുണ്ട്. ആദ്യ മൂന്ന് മത്സരങ്ങളിൽ കാര്യമായ പ്രകടനം പുറത്തെടുക്കാൻ സാധിച്ചില്ല. പക്ഷേ കഴിഞ്ഞ രണ്ടുമത്സരങ്ങളിൽ ടീമിനായി ബാറ്റുകൊണ്ടും പന്തുകൊണ്ടും മികച്ച പ്രകടനം നടത്താനായതിൽ സന്തോഷുണ്ട്.
ഓപണിങ് ബാറ്ററുടെ റോളിലാണല്ലോ.?
ടീം ആവശ്യപ്പെടുന്ന ഏത് പൊസിഷനിലും ബാറ്റ് ചെയ്യാൻ ഞാൻ ഒരുക്കമായിരുന്നു. കഴിഞ്ഞ രണ്ട് മത്സരങ്ങൾ വിജയിച്ചതോടെ ടീമിന് ആത്മവിശ്വാസവും ഊർജവും ഉണ്ടായിട്ടുണ്ട്. ഈ മൂഡിൽ കാര്യങ്ങൾ പോയാൽ ഞങ്ങൾ കപ്പടിക്കും.
ആദ്യ കെ.സി.എല്ലിൽ താങ്കൾ കളിച്ചിരുന്നില്ല.എന്തുപറ്റി?
ബി.സി.സി.ഐ നിയമപ്രകാരം ഒരു സീസണിൽ ഒരു ലീഗിൽ മാത്രമേ കളിക്കാൻ സാധിക്കുമായിരുന്നുള്ളൂ. കെ.സി.എൽ വൈകിയാണ് തുടങ്ങിയത്. ആ സമയത്ത് ഞാൻ വേറൊരു ലീഗിൽ കളിച്ചിരുന്നു. ഇത്തവണ കെ.സി.എല്ലിനായി ഞാൻ കാത്തിരുന്നു
ഒരുപാട് ലീഗുകൾ കളിച്ച താങ്കൾക്ക് കെ.സി.എല്ലിനെക്കുറിച്ചുള്ള അഭിപ്രായം?
വെറുതെ ഒരു ലീഗ് സംഘടിപ്പിച്ച് ചടങ്ങ് തീർക്കുകയല്ല കെ.സി.എ. ഒരു മിനി ഐ.പി.എല്ലായി കെ.സി.എല്ലിനെ മാറ്റി. എല്ലാ മത്സരങ്ങളും രാജ്യം മൊത്തം കാണിക്കാനുള്ള അവസരം ഒരുക്കിയതോടെ കേരളത്തിലെ യുവതാരങ്ങൾക്ക് വലിയൊരു സുവർണാവസരമാണിത്. ഐ.പി.എൽ ഫ്രാഞ്ചൈസികളടക്കം ഒരോ കളിയും വിലയിരുത്തുന്നു. കഴിഞ്ഞ സീസണിൽ വിഘ്നേഷ് പുത്തൂർ കെ.സി.എല്ലിൽ നിന്ന് ഐ.പി.എല്ലിൽ എത്തി. ഇനിയും നിരവധി താരങ്ങൾ ഐ.പി.എൽ കളിക്കും.
കേരള ക്രിക്കറ്റിന്റെ വളർച്ചയെ എങ്ങനെ കാണുന്നു?
ഇന്നിപ്പോൾ കേരളം എന്റെ വീടും കെ.സി.എ കുടുംബവുമാണ്. ഒരു മറുനാടൻ താരത്തിന് ലഭിക്കാവുന്നതിലേറെ അംഗീകാരങ്ങളും സ്നേഹവും ഈ മണ്ണിൽ നിന്ന് കിട്ടി. രഞ്ജിയിൽ പ്രാഥമിക റൗണ്ട് കടക്കാൻ പ്രയാസപ്പെട്ട കാലത്തുനിന്നും രാജ്യത്തെ രണ്ടാം നമ്പർ ടീമായി കേരളം മാറിയെങ്കിൽ അതിന് പിന്നിൽ ഒരു കൂട്ടം യുവാക്കളുടെ ആത്മസമർപ്പണവും കഠിനാധ്വാനവും കെ.സി.എയുടെ പിന്തുണയും മാത്രമാണ്. ഇപ്പോഴും മികച്ചതാരങ്ങൾ കേരള ബഞ്ചിലിരിപ്പുണ്ട്. അഹമ്മദ് ഇമ്രാൻ, മുഹമ്മദ് ഇനാൻ, വിഘ്നേഷ് പുത്തൂർ... കേരള ക്രിക്കറ്റിന്റെ ഭാവി ശോഭനമാണ്.
കേരള ക്രിക്കറ്റിൽ ഓർമിക്കുന്ന നിമിഷം
കേരളത്തിനായി കളിച്ച ഓരോ നിമിഷവും ആസ്വദിച്ചിട്ടേയുള്ളൂ. എങ്കിലും കഴിഞ്ഞ രഞ്ജിട്രോഫി സെമിയിൽ ഗുജറാത്തിന്റെ അവസാന ബാറ്ററുടെ ഷോട്ട് സൽമാന്റെ ഹെൽമറ്റിൽ തട്ടി സച്ചിൻ ബേബി എടുത്ത ക്യാച്ചാണ് ഏറ്റവും മനോഹര നിമിഷം.
ആഭ്യന്തരക്രിക്കറ്റിൽ മികച്ച പ്രകടനം പലകുറി നടത്തിയിട്ടും ഇന്ത്യൻ സീനിയർ ടീമിൽ ഇടംപിടിക്കാത്തതിൽ നിരാശയുണ്ടോ?
ഓരോന്നിനും ഓരോ സമയമുണ്ട്. ഞാൻ എന്റെ ജോലി ചെയ്തുകൊണ്ടിരിക്കും. എനിക്ക് ഉറപ്പുണ്ട് ഒരിക്കൽ ഞാൻ ഇന്ത്യൻ സീനിയർ ടീമിനായി കളിക്കും.
താങ്കൾ കേരളം വിടുന്നതായുള്ള വാർത്തകൾ കേൾക്കുന്നു. ശരിയാണോ
ഇപ്പോൾ അത്തരം കാര്യങ്ങളെക്കുറിച്ച് പറയാൻ ആഗ്രഹിക്കുന്നില്ല. ഇപ്പോഴും കേരളത്തിലാണ് കളിക്കുന്നത്.