‘ഇത് കോൺഗ്രസിന്‍റെ ഉയിർത്തെഴുന്നേൽപ്’
text_fieldsകെ.സി വേണുഗോപാൽ
⇒ എ.ഐ.സി.സി സംഘടനാ സെക്രട്ടറിയെന്ന നിലയിൽ കോൺഗ്രസിന്‍റെ പ്രകടനത്തെ എങ്ങിനെ കാണുന്നു?
ഒരു കാലത്തും നേരിടാത്ത പ്രതിസന്ധികളുടെ പശ്ചാത്തലത്തിൽ നിന്നാണ് ഈ ഉയിർത്തെഴുന്നേൽപ്. ഒരു വർഷം മുമ്പുള്ള ദേശീയ രാഷ്ട്രീയ ചിത്രം പരിശോധിച്ചാൽ കോൺഗ്രസിനെ ഇല്ലാതാക്കാനുള്ള എല്ലാ വിധത്തിലുള്ള പരിശ്രമങ്ങളും നടക്കുകയായിരുന്നു. ഒരു ജനാധിപത്യ സർക്കാറിൽ നിന്ന് ഒരിക്കലും പ്രതീക്ഷിക്കാനാകാത്ത പീഡനങ്ങളാണ് കോൺഗ്രസ് നേരിട്ടത്. എൻഫോഴ്സ്മെന്റ് ഡയരക്ടറേറ്റ്, ആദായ നികുതി വകുപ്പ്, സി.ബി.ഐ തുടങ്ങിയ ഏജൻസികളെ ഉപയോഗിച്ച് നേതാക്കളെ വേട്ടയാടൽ, രാഹുൽ ഗാന്ധിയെ അയോഗ്യനാക്കൽ, അദ്ദേഹത്തെയും സോണിയാ ഗാന്ധിയെയും ചോദ്യം ചെയ്യൽ തുടങ്ങിയതെല്ലം ചെയ്തത് കോൺഗ്രസ് ഈ രാജ്യത്ത് ഇനിയുണ്ടാവില്ല, കോൺഗ്രസിനെ തീർത്തുകളയും എന്ന ചിന്തയോടെയായിരുന്നു. പൊതുതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് തൊട്ടുമുമ്പ് കോൺഗ്രസ് അക്കൗണ്ട് മുഴുവനും കണ്ടുകെട്ടി. സ്ഥാനാർഥികളുടെ അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്യാനായി വെച്ച പണമായിരുന്നു അത്. ഇപ്പോഴും ആ പണം തിരിച്ചുതന്നിട്ടില്ല. അവരുടെ കൈയിലാണ്. അതോടെ കോൺഗ്രസിന് പ്രചാരണയോഗം നടത്താൻ പറ്റാതായി. കോൺഗ്രസിന് സംഭാവന നൽകിയിരുന്ന മുതലാളിമാരെ വിളിച്ച് ചെയ്യരുതെന്ന് വിലക്കി. വളരെ അപൂർവം ആളുകളാണ് കോൺഗ്രസിനെ സഹായിച്ചത്. ഒരു പാർട്ടിക്ക് ഒരു നിലക്കും പ്രവർത്തിക്കാൻ പറ്റാത്ത സാഹചര്യമാക്കി. എങ്ങിനെ മുന്നോട്ടുപോകുമെന്ന നിലക്ക് പാർട്ടി നേതാക്കൾ പോലും ആലോചിച്ചു. ഏറ്റവും പ്രതീക്ഷയർപ്പിച്ച നാല് സംസ്ഥാന തെരഞ്ഞെടുപ്പുകളിൽ മൂന്നിടത്തും തോറ്റത് ബി.ജെ.പിയുടെ അഹങ്കാരമേറ്റി. 2024ലെ പൊതുതെരഞ്ഞെടുപ്പിനെ കുറിച്ച് ഒരു ചർച്ച പോലുമാവശ്യമില്ലെന്ന നിലയിലേക്ക് കാരണങ്ങളെത്തി.
⇒ ആ തെരഞ്ഞെടുപ്പുകളിൽ മോദിയുടെ തീവ്ര ഹിന്ദുത്വത്തെ കോൺഗ്രസ് മൃദുഹിന്ദുത്വം കൊണ്ട് നേരിടാൻ നോക്കി എന്ന ആക്ഷേപമുണ്ടായിരുന്നല്ലോ?
നിയമസഭാ തെരഞ്ഞെടുപ്പുകൾ സംസ്ഥാന നേതൃത്വത്തിന് കീഴിലാണ് നടക്കുക. അവർക്കായിരുന്നു പ്രചാരണ ചുമതല. എന്നിട്ടും ഇത് ശരിയല്ല എന്ന് ഞങ്ങൾ ഈ സംസ്ഥാന നേതൃത്വങ്ങളോട് പറഞ്ഞിരുന്നു. ഇത് കോൺഗ്രസിന് ഗുണം ചെയ്യില്ലെന്ന് ഞങ്ങൾ പറഞ്ഞു. അത്തരം പ്രവർത്തനങ്ങളിൽ കമൽനാഥ് വ്യാപൃതനായപ്പോൾ അദ്ദേഹത്തെ നിയന്ത്രിച്ചു നിർത്തിയിട്ടുമുണ്ട്.
⇒ പൊതുതെരഞ്ഞെടുപ്പിൽ മൃദുഹിന്ദുത്വം തെരഞ്ഞെടുക്കാതിരുന്നത് ആ അനുഭവത്തിൽ നിന്നാണോ?
പൊതു തെരഞ്ഞെടുപ്പിൽ മൃദുഹിന്ദുത്വ നിലപാട് എടുക്കേണ്ട എന്ന് ആലോചിച്ചുറപ്പിച്ചതായിരുന്നു. അന്നും അഖിലേന്ത്യാ നേതൃത്വം എതിരായിരുന്നു. അവർക്ക് താക്കീത് കൊടുക്കുകയും ചെയ്തു. മോദിയുടെയും ബി.ജെ.പിയുടെയും കെണിയിൽ വീഴാതിരിക്കാനാണ് സാം പിത്രോദയുടെ ചെറിയൊരു പരാമർശം വന്നപ്പോഴേക്കും രാജി വെക്കാൻ ഞങ്ങൾ ആവശ്യപ്പെട്ടത്. രാമക്ഷേത്ര പ്രാണ പ്രതിഷ്ഠയിൽ കോൺഗ്രസ് പങ്കെടുത്തത് വിവാദമാക്കി കോൺഗ്രസിനെ ഒരു മുസ്‍ലിം പാർട്ടിയാക്കി അവതരിപ്പിച്ചിട്ടും ഞങ്ങൾ ഗൗനിച്ചില്ല. കോൺഗ്രസ് മുസ്ലിം പാർട്ടിയാണെന്ന് മോദി ആരോപിക്കുന്നത് ഹിന്ദുവിനോടുള്ള താൽപര്യം കൊണ്ടല്ല. വികാരം ഇളക്കി വിട്ട് വോട്ടാക്കി മാറ്റാനായിരുന്നു.
⇒ ഹിന്ദി ഹൃദയഭൂമിയിലുടനീളം ബി.ജെ.പിയുടെ വോട്ട് കുത്തനെ കുറയുമ്പോൾ പ്രബുദ്ധമായ കേരളത്തിൽ ബി.ജെ.പിയുടെ വോട്ട് കുത്തനെ ഉയർന്നതെന്തുകൊണ്ടാണ്? ഇത് ആശങ്കാജനകമല്ലേ?
അതിൽ വലിയ ഉൽക്കണ്ഠക്ക് അവകാശമില്ല. മോദി വലിയ ആളാണെന്ന് വരുത്തിത്തീർത്തത് കൊണ്ട് ഉണ്ടായ താൽക്കാലിക വിജയമാണ് കേരളത്തിലേത്. ഹിന്ദുത്വത്തിന്റെ സമൂർത്ത രൂപമായി മോദിയെ അവതരിപ്പിച്ച് ജനങ്ങൾക്കിടയിലുള്ള വിഭാഗീയ ചിന്തകളെ പ്രോൽസാഹിപ്പിച്ച് നിലനിർത്തുന്ന തന്ത്രം കേരളത്തിലും തുടങ്ങിയിട്ടുണ്ട്. ക്രൈസ്തവ-മുസ്‍ലിം സമുദായങ്ങൾക്കും ഹിന്ദു - മുസ്‍ലിം സമുദായങ്ങൾക്കും ഇടയിൽ ഭിന്നതയുണ്ടാക്കി അതിൽ നിന്ന് മുതലെടുക്കാനുള്ള ശ്രമമാണ് അവർ നടത്തുന്നത്. ഞാൻ ദൈവത്തിൽ നിന്നുള്ളതാണെന്നും ഗംഗയുടെ പുത്രനാണെന്നുമൊക്കെ പറഞ്ഞതും കന്യാകുമാരിയിൽ ധ്യാനത്തിനിരുന്നതും മോദിയുടെ നാടകമാണെന്ന് അറിയാത്ത ഒരു ബി.ജെ.പി പ്രവർത്തകൻ പോലുമുണ്ടാകില്ലെന്നാണ് ഞാൻ കരുതുന്നത്. ഈ നാടകമായിരുന്നു മോദിയുടെ ആശ്രയം. ഈ അവതാര പുരുഷൻ സ്വന്തം നിയോജകമണ്ഡലമായ വാരാണസിയിൽ മൂന്ന് റൗണ്ട് പിന്നിലായിരുന്നുവെന്ന് കേരള ജനത മനസിലാക്കുമെന്നാണ് എന്റെ വിശ്വാസം. അതൊക്കെ മനസിലാക്കുന്നവരാണ് മലയാളികൾ. എന്നുവെച്ച് ഇൗ വസ്തുത പാടെ അവഗണിച്ച് മുന്നോട്ടുപോകാനാവില്ല. എൽ.ഡി.എഫും യു.ഡി.എഫും വളരെ ഗൗരവതരമായി ഇതേ കുറിച്ച് ആലോചിക്കണം.
⇒ ഭാരത് ജോഡോ യാത്രയാണ് ഈ പൊതുതെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ മികച്ച പ്രകടനത്തിന്റെ അടിത്തറയിട്ടത് എന്ന് പറയാമോ?
നാലായിരം കിലോമീറ്റർ കാൽനടയായി താണ്ടി ലക്ഷക്കണക്കിന് ജനങ്ങളുമായി ആശയവിനിമയം നടത്തിയ ഭാരത് ജോഡോ യാത്ര ഇന്ത്യ കണ്ട ഏറ്റവും വലിയ രാഷ്ട്രീയ പ്രസ്ഥാനമായി മാറി. അതിലൂടെയാണ് തകർന്ന് കിടന്ന പാർട്ടിയെ രാഹുൽ ഗാന്ധി പുന:രുജ്ജീവിപ്പിച്ചത്. ഭാരത് ജോഡോ യാത്ര തുടങ്ങുമ്പോൾ എന്തായിരുന്നു സ്ഥിതി? കോൺഗ്രസ് നേതാക്കൾക്ക് തന്നെ സംഘടനയുടെ തിരിച്ചുവരവിൽ വിശ്വാസമില്ലാതാകുന്നു. എല്ലാ തെരഞ്ഞെടുപ്പുകളിലും കോൺഗ്രസ് തോൽക്കുന്നു. നേതാക്കൾ കൂറുമാറിക്കൊണ്ടിരിക്കുന്നു. കോൺഗ്രസ് എന്ന പാർട്ടി തന്നെ ഇനിയുണ്ടാവില്ലെന്ന് ജനത്തിന് തോന്നിയ സമയത്താണ് ആ യാത്രയുമായി രാഹുൽ ഇറങ്ങുന്നത്. വിഭജന കാലത്തേക്ക് രാജ്യത്തെ കൊണ്ടുപോകരുതെന്ന് ആവശ്യപ്പെട്ട് ‘നഫ്റത് കാ ബാസാർ മേം മുഹബ്ബത്ത് കാ ദുകാൻ' (വെറുപ്പിന്റെ ചന്തയിൽ സ്നേഹത്തിന്റെ കട) എന്ന പ്രമേയവുമായി നടത്തിയ ആ യാത്രയിലൂടെയാണ് രാജ്യത്തെ അരാഷ്ട്രീയക്കാരായ വലിയൊരു വിഭാഗം ചെറുപ്പക്കാർ, ‘പപ്പു’ എന്ന ആക്ഷേപത്തിനിരയായ, രാഹുൽ ഗാന്ധിയെ കുറിച്ചറിയുന്നത്. ആയിരക്കണക്കിനാളുകൾ അദ്ദേഹത്തോടൊപ്പം നടക്കുകയും സംസാരിക്കുകയും ചെയ്തതോടെ തങ്ങൾ ഈ കേട്ടതല്ല രാഹുൽ എന്ന് മനസിലാക്കി. തകർന്ന് കിടക്കുന്ന സംഘടനക്കകത്ത് പ്രവർത്തകർക്ക് ഊർജം നൽകുന്ന ഒരു മുന്നേറ്റമായി അത് മാറി.
•