മീനാക്ഷി ഹാപ്പിയാണ്
text_fields‘അമർ അക്ബർ അന്തോണി’, ‘ഒപ്പം’, ‘ഓഫിസർ ഓൺ ഡ്യൂട്ടി’ ഈ മൂന്നു സിനിമ മാത്രം മതിയാവും മീനാക്ഷി അനൂപിന്റെ അഭിനയ മികവ് തിരിച്ചറിയാൻ. അവതാരകയായും സിനിമാതാരമായും പ്രേക്ഷകരുടെ മനസ്സ് കീഴടക്കിയ മീനാക്ഷി സിനിമാ വർത്തമാനങ്ങൾ പങ്കുവെക്കുന്നു.
സിനിമയിലേക്ക്
യാദൃച്ഛികമായി സിനിമയിലെത്തിയ ആളാണ് ഞാൻ. കാമറക്കു മുന്നിൽ ആദ്യം വരുന്നത് ‘മധുരം നൊമ്പരം’ എന്ന ആൽബത്തിലൂടെയാണ്. നാലാം വയസ്സിലായിരുന്നു അത്. ‘അമർ അക്ബർ അന്തോണി’ക്ക് മുന്നേ ഒരുപാട് ചിത്രങ്ങൾ ചെയ്തിട്ടുണ്ടെങ്കിലും അതൊന്നും അത്ര ശ്രദ്ധിക്കപ്പെട്ടിരുന്നില്ല. എന്നെ പാത്തുവായി ആളുകൾ തിരിച്ചറിഞ്ഞ് തുടങ്ങിയത് ആ സിനിമയിലൂടെയാണ്. നാദിർഷ അങ്കിളൊക്കെ ഇപ്പോഴും പാത്തു എന്നാണ് വിളിക്കാറ്. പുതിയ സിനിമക്കും നല്ല പ്രതികരണമാണ് കിട്ടുന്നത്. ആളുകൾ എന്റെ കഥാപാത്രങ്ങളെ സ്വീകരിക്കുന്നു എന്നറിയുന്നതാണ് സന്തോഷം.
മീനാക്ഷി ON DUTY
‘ഓഫിസർ ഓൺ ഡ്യൂട്ടി’യുടെ കാസ്റ്റിങ് കഴിഞ്ഞ ശേഷമാണ് ഞാൻ അതിന്റെ ഭാഗമാവുന്നത്. ഷൂട്ടും തുടങ്ങിയിരുന്നു. ഞാനിതുവരെ ചെയ്യാത്ത കഥാപാത്രമായതിനാൽ ചെയ്താൽ ശരിയാവുമോ എന്ന തോന്നലുണ്ടായിരുന്നു. എന്നാൽ, ക്രൂ എല്ലാവരും കൂടെ നിന്നു. ഒരു ബ്രേക്കിന് ശേഷം നല്ല ക്രൂവിന്റെ കൂടെ ചെയ്യുന്ന സിനിമകൂടിയാണ് ‘ഓഫിസർ ഓൺ ഡ്യൂട്ടി’. ‘നിള’ എന്ന ടീനേജ് പെൺകുട്ടിയായി എത്തിയപ്പോൾ അതെല്ലാവരും സ്വീകരിക്കുകയും ചെയ്തു. ശരിക്കും സിനിമയിലേക്കുള്ള ഒരു തിരിച്ചുവരവുതന്നെയായിരുന്നു ഈ ചിത്രം. അതിന്റെ എക്സൈറ്റ്മെന്റ് ഉണ്ട്. പണ്ട് ലാൽ അങ്കിളിന്റെ കൂടെ ചെയ്ത അച്ഛൻ-മകൾ കോമ്പോ ഇപ്പോൾ ചാക്കോച്ചന്റെ കൂടെ വർക്കൗട്ട് ചെയ്യാൻ പറ്റിയതിൽ സന്തോഷം. സെറ്റിൽ എല്ലാവരും ഒരു കുടുംബം പോലെയായിരുന്നു.
എനിക്ക് ഷൂട്ട് ദിവസം കുറവായിരുന്നെങ്കിലും എല്ലാവരുമായും നല്ല അടുപ്പമുണ്ടാക്കാൻ കഴിഞ്ഞു. പ്രിയാമണി ചേച്ചിയുടെയെല്ലാം കൂടെ അഭിനയിക്കാൻ പറ്റിയത് വളരെ സ്പെഷലാണ്. സെറ്റിലുള്ള എല്ലാവരുമായിട്ടും ഒരടുപ്പവും കണക്ഷനുമുണ്ടായിരുന്നു. വലിയ ഒരു കഥാപാത്രമാണ് ‘ഓഫിസർ ഓൺ ഡ്യൂട്ടി’യിലെന്ന് ഞാൻ ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല. കീ റോളാണ് ചെയ്യാൻ പോകുന്നതെന്ന് ധാരണയില്ലായിരുന്നു. സിനിമ കണ്ട് ഞാനും വീട്ടുകാരും കൂട്ടുകാരും എല്ലാവരും ഹാപ്പിയാണ്.
‘ആങ്കർ’ ആണെല്ലാം
ടോപ് സിങ്ങർ റിയാലിറ്റി ഷോയിൽ ഇപ്പോഴും അവതാരകയായി ഞാനുണ്ട്. ഗസ്റ്റ് അപ്പിയറൻസ് ആയി വന്നതായിരുന്നു. പിന്നെയാണ് ആങ്കറിങ്ങിലേക്ക് തിരിയുന്നത്. ഇപ്പോഴുള്ള എന്റെ ഫ്രൻഡ്സ് ഒക്കെ ടോപ് സിങ്ങറിൽനിന്ന് കിട്ടിയതാണ്. ഇപ്പോൾ ആറു വർഷമായി. അവിടത്തെ ആൾക്കാരായാലും ജഡ്ജസ് ആയാലും എനിക്ക് ഏറെ പ്രിയപ്പെട്ടവരാണ്. വീട്ടിലുള്ളപ്പോളെല്ലാം സ്കൂളിൽ പോകാറുണ്ട്. അല്ലാത്ത സമയം ടീച്ചർ വീട്ടിൽ വന്നു പഠിപ്പിക്കും. 10 മുതൽ അങ്ങനെയാണ്. അതുകൊണ്ട് പഠനവും നന്നായി നടക്കുന്നുണ്ട്. ഞാനിപ്പോൾ മണർകാട് സെന്റ് മേരീസ് കോളജിൽ ഡിഗ്രി ആദ്യവർഷ വിദ്യാർഥിയാണ്.
ലാലങ്കിളിനോടൊപ്പം
ലാൽ അങ്കിളും പ്രിയനങ്കിളും വരുന്ന കോമ്പോ കിട്ടുക എന്നത് ചെറിയ കാര്യമല്ല. ഞാൻ ലക്കിയാണ്. ‘ഒപ്പം’ ചെയ്യുന്നത് എട്ടോ ഒമ്പതോ വയസ്സുള്ളപ്പോഴാണ്. ആ സമയത്ത് കളിച്ചുചിരിച്ച് അങ്ങനെ പോയി. ഇപ്പോൾ അതെല്ലാം ആലോചിക്കുമ്പോൾ ഇത്രയും വലിയ ആളുകളുടെ കൂടെ ആണല്ലോ വർക്ക് ചെയ്തത് എന്നതിന്റെ എക്സൈറ്റ്മെന്റ് ഉണ്ട്.
അച്ഛൻ മകൾ അല്ലെങ്കിലും ഇമോഷനൽ കോമ്പോയാണ് ‘ഒപ്പ’ത്തിലേത്. ഒപ്പം കഴിഞ്ഞതിനുശേഷമാണ് ‘നന്ദിനിക്കുട്ടി’യായി ആളുകൾ തിരിച്ചറിയാൻ തുടങ്ങിയത്. അത്രയും ചെറുപ്പത്തിൽ തന്നെ ഇത്രയും ഹിറ്റായ രണ്ട് ചിത്രങ്ങൾ അടുപ്പിച്ച് വന്നതുതന്നെ ഭാഗ്യമാണ്.
കുടുംബത്തിനൊപ്പം
അച്ഛനും അമ്മയും രണ്ട് അനിയന്മാരും അടങ്ങുന്നതാണ് കുടുംബം. എല്ലാവരും കട്ട സപ്പോർട്ട് ആണ്.‘സൂപ്പർ ജിമ്നി’ എന്ന സിനിമയാണ് ഈയടുത്ത് റിലീസ് ആയത്. ആ സിനിമയിൽ കേന്ദ്ര കഥാപാത്രമാണ്. തിയറ്റർ റെസ്പോൺസ് നല്ലതായിരുന്നു. പുതിയ ചില പ്രോജക്ടുകളുണ്ട്. റിലീസിങ് ഡേറ്റ് പ്രഖ്യാപിച്ചിട്ടില്ല.