ഇല്ല, ഇന്ത്യയിൽ ഫാഷിസമില്ല
text_fieldsഇന്ത്യയിൽ ഫാഷിസം വന്നിട്ടില്ലെന്നും കേരളത്തിൽ ബി.ജെ.പിക്ക് വളർച്ചയില്ലെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. സംസ്ഥാനത്ത് ഇടതു ജനാധിപത്യ മുന്നണി മൂന്നാം ഭരണത്തുടർച്ച നേടുമെന്നും പിണറായി തന്നെ ക്യാപ്റ്റനെന്നും അദ്ദേഹം ഉറപ്പിക്കുന്നു. ഏപ്രിലിൽ മധുരയിൽ ചേരുന്ന 24ാം പാർട്ടി കോൺഗ്രസിന്റെ മുന്നോടിയായി മാർച്ച് ആറു മുതൽ ഒമ്പതുവരെ കൊല്ലത്ത് സംസ്ഥാന സമ്മേളനം നടക്കാനിരിക്കെ എം.വി. ഗോവിന്ദൻ ‘മാധ്യമ’ത്തിന് നൽകിയ അഭിമുഖത്തിൽനിന്ന്...
? പാർട്ടി കോൺഗ്രസ് ചർച്ച ചെയ്യാനിരിക്കുന്ന രാഷ്ട്രീയ പ്രമേയത്തിലെ ‘ഫാഷിസം’ സംബന്ധിച്ച നിർവചനം പുതിയ ചർച്ചക്ക് തിരികൊളുത്തിയിരിക്കുന്നു. മോദി സർക്കാർ ഫാഷിസ്റ്റ് ആണോ അല്ലയോ എന്ന സന്ദേഹം ഇപ്പോഴുണ്ടായതിന്റെ സാഹചര്യമെന്താണ്..?
ഇന്ത്യയിലിപ്പോൾ ഫാഷിസം ആണെന്ന് പറഞ്ഞാൽ ആരെങ്കിലും വിശ്വസിക്കുമോ..? ഫാഷിസം നിലവിലുണ്ടെങ്കിൽ നമുക്ക് ഇങ്ങനെയൊരു അഭിമുഖം പോലും നടത്താൻ സാധിക്കുമോ? പൊലീസും കോടതിയുമടക്കം ഭരണകൂട സംവിധാനങ്ങളെയാകെ കൈപ്പിടിയിലൊതുക്കി, ഒരു പ്രതിപക്ഷത്തെയും അംഗീകരിക്കാതെ നടക്കുന്ന ക്ലാസിക്കൽ ഫാഷിസത്തിനാണ് രണ്ടാംലോക യുദ്ധകാലത്ത് ലോകം സാക്ഷ്യം വഹിച്ചത്. അങ്ങനെയൊരു ഫാഷിസം ഇപ്പോൾ ഇന്ത്യയിലുണ്ടോ..? ഇല്ല. എന്നാൽ, ആർ.എസ്.എസിന് ഫാഷിസ്റ്റ് നിലപാടുണ്ട്. അവരാൽ നയിക്കപ്പെടുന്ന ബി.ജെ.പി മറ്റു പാർട്ടികളെ പോലെയല്ല. 2000ത്തിൽ പാർട്ടി പരിപാടി കാലോചിതമാക്കിയപ്പോൾ തന്നെ സി.പി.എം പറഞ്ഞിട്ടുണ്ട്. ഇന്ന് പഴയ ക്ലാസിക്കൽ ഫാഷിസം ലോകത്ത് എവിടെയുമില്ല. ഉള്ളത് പുത്തൻ ഫാഷിസ്റ്റ് സമീപനങ്ങളാണ്. ആദ്യം തന്നെ ഭരണകൂട അധികാരം പിടിച്ചെടുക്കുകയല്ല നവഫാഷിസം ചെയ്യുക. അവർ ജനാധിപത്യ രീതിയിൽ അധികാരത്തിലേറും. ഭരണം കിട്ടിക്കഴിഞ്ഞാൽ പടിപടിയായി ഫാഷിസത്തിലേക്ക് നീങ്ങും. അതാണ് ഇന്ത്യയിൽ നടക്കുന്നത്. മതാടിസ്ഥാനത്തിൽ പൗരത്വം, ഏക സിവിൽ കോഡ്, ഏതു പള്ളിക്കടിയിലും അമ്പലം തിരയുന്ന സാഹചര്യം, അതിന് കോടതിയുടെ പിൻബലം എന്നിങ്ങനെയുള്ള കാര്യങ്ങൾ തുടരാൻ അനുവദിച്ചാൽ രാജ്യം ഫാഷിസത്തിലേക്ക് പോകും. അതാണ് രാഷ്ട്രീയ പ്രമേയത്തിൽ പറയുന്നത്.
? മോദി സർക്കാർ ഫാഷിസ്റ്റ് ആണെന്ന കാര്യത്തിൽ ഇടതുപാർട്ടികളായ സി.പി.ഐക്കും സി.പി.ഐ (എം.എൽ)നും ഒട്ടും സംശയമില്ല.
അത് ആ പാർട്ടികളുടെ നിലപാടാണ്. അത് അവർ വിശദീകരിക്കട്ടെ. അടിയന്തരാവസ്ഥ കാലത്തുപോലും ഞങ്ങൾ അർധ ഫാഷിസം എന്നേ പറഞ്ഞിട്ടുള്ളൂ. പാർലമെന്ററി ജനാധിപത്യം പൂർണമായും ഇല്ലായ്മ ചെയ്ത കാലമാണത്. പ്രതിപക്ഷ നേതാക്കളെയെല്ലാം ജയിലിലാക്കിയ കാലമാണത്. ചർച്ച തെറ്റിദ്ധരിപ്പിക്കുന്നത് മാധ്യമങ്ങളാണ്. കേരളത്തിലേതുപോലെ കമ്യൂണിസ്റ്റ് വിരുദ്ധത പ്രചരിപ്പിക്കുന്ന മാധ്യമ ശൃംഖല ലോകത്ത് ഒരിടത്തുമില്ല.
? ഈ ചർച്ച ആത്യന്തികമായി സംഘ്പരിവാറിനാണ് സഹായമാകുന്നത് എന്നൊരു വിമർശനമുണ്ട്..
ഉള്ളതു ഉള്ളതുപോലെ പറയണം. ഫാഷിസം വരുന്നതിനുമുമ്പ് വന്നുവെന്ന് പറയേണ്ട കാര്യമില്ല. അങ്ങനെ പറഞ്ഞാൽ നിലപാടുകൾ എല്ലാം തെറ്റും. ഞങ്ങൾക്ക് കൃത്യമായ നിലപാടുണ്ട്. അത് പറഞ്ഞുകൊണ്ടിരിക്കും.
? തൃശൂരിലെ വിജയം. ആറ്റിങ്ങലിലും ആലപ്പുഴയിലുമുണ്ടാക്കിയ മുന്നേറ്റം. ബി.ജെ.പി കേരളത്തിൽ ഇടതു വലതു മുന്നണികൾക്ക് ബദലായി ചുവടുറപ്പിക്കുകയാണോ..?
ബി.ജെ.പിയുടെ വളർച്ച പരിശോധിച്ചപ്പോൾ അത് വലുതായിട്ടൊന്നുമില്ല എന്നതാണ് ഞങ്ങൾ കണ്ടത്. വാജ്പേയി സർക്കാറിന്റെ കാലത്തുതന്നെ ബി.ജെ.പിക്ക് കേരളത്തിൽ 16 ശതമാനം വരെ വോട്ടുണ്ട്. ഇപ്പോൾ അത് 19 ശതമാനം വോട്ടായി മാറിയിരിക്കുന്നുവെന്ന് മാത്രം. ബി.ജെ.പിക്ക് വലിയ വളർച്ചയൊന്നുമില്ല. കേരളത്തിലെ വോട്ടർമാരിൽ 80 ശതമാനംവരുന്നവർ മതേതര ചിന്താഗതിക്കാരാണ്. അവരുടെ മാറ്റം അനുസരിച്ച് എൽ.ഡി.എഫും യു.ഡി.എഫും വരും. ഇവിടെ ബി.ജെ.പിക്ക് സാധ്യതയൊന്നുമില്ല.
? സി.പി.എം-സംഘ്പരിവാർ അന്തർധാര കേരളത്തിൽ പ്രതിപക്ഷം തുടർച്ചയായി ഉന്നയിക്കുന്ന ആക്ഷേപമാണ്. തൃശൂർ പൂരം - എ.ഡി.ജി.പി വിവാദം മുതൽ ഇപ്പോഴത്തെ ‘ഫാഷിസം’ ചർച്ച വരെ അതിന്റെ ഭാഗമാണെന്നും അവർ പറയുന്നുണ്ട്.
പൂരം കലക്കൽ, എ.ഡി.ജി.പി വിവാദങ്ങളൊക്ക അസംബന്ധമാണ്. അത് ചർച്ചാ വിഷയമേ ആകേണ്ടതല്ല. ചില വർഗീയവാദികൾ പറഞ്ഞുനടക്കുന്ന കാര്യങ്ങളാണത്. തൃശൂരിൽ 86,000 വോട്ട് കുറഞ്ഞത് കോൺഗ്രസിനാണ്. അത് കിട്ടിയത് ബി.ജെ.പിക്കാണ്. ബി.ജെ.പിയാണ് ജയിച്ചത്. അതാണ് കൂട്ടുകെട്ട്. ഞങ്ങൾ അക്കാര്യം വസ്തുതകൾ നിരത്തി പറയാൻ ശ്രമിക്കുമ്പോൾ തൃശൂർ പൂരവും എ.ഡി.ജി.പി വിവാദവും ഉയർത്തിക്കൊണ്ടുവന്ന് പിടിച്ചുനിൽക്കാനാണവർ ശ്രമിക്കുന്നത്.
സി.പി.എമ്മിനെതിരെ മഴവിൽ സഖ്യമാണ്. ഹിന്ദുക്കളിൽ വർഗീയത വളർത്തുന്ന ആർ.എസ്.എസിന് സമാനമാണ് മുസ്ലിംകളിൽ ജമാഅത്തെ ഇസ്ലാമി, എസ്.ഡി.പി.ഐ എന്നിവരുടെ പ്രവർത്തനം. ക്രൈസ്തവർക്കിടയിൽ അത് ചെയ്യുന്നത് കാസയാണ്. ഇവരുമായെല്ലാം കൂട്ടുചേരാൻ കോൺഗ്രസിനും മുസ്ലിം ലീഗിനും സാധിക്കുന്നു. യഥാർഥത്തിലുള്ള വർഗീയ അന്തർധാര അവിടെയാണുള്ളത്.
? രണ്ടാം പിണറായി സർക്കാർ അവസാന വർഷത്തേക്ക് കടക്കുകയാണ്. ഭരണത്തുടർച്ചയിൽ പാർട്ടിയുടെയും സർക്കാറിന്റെയും പ്രവർത്തനം എങ്ങനെ വിലയിരുത്തുന്നു?
ഭരണത്തുടർച്ചയിൽ പാർട്ടിയുടെയും സർക്കാറിന്റെയും പ്രവർത്തനം വളരെ മികച്ചതാണ്. ഇടതുസർക്കാറിന്റെ വ്യവസായ രംഗത്തെ പുരോഗതി ആഘോഷിക്കണമെന്ന് പറഞ്ഞത് കോൺഗ്രസ് നേതാവ് ശശി തരൂരാണ്. നിക്ഷേപക സംഗമത്തിൽ വന്നത് ഒന്നര ലക്ഷം കോടിയുടെ നിക്ഷേപമാണ്. സി.പി.എമ്മിന് കേരളത്തെ പുതുക്കിപ്പണിയാനാകില്ലെന്നാണ് എതിരാളികൾ പറഞ്ഞത്. ഒന്നാം പിണറായി സർക്കാർ തന്നെ അതു തിരുത്തി. 45,000 കോടിയുടെ കിഫ്ബി പദ്ധതികൾ വഴി അത്യാധുനിക റോഡുകളും പാലങ്ങളും ആശുപത്രികളും നടപ്പാക്കിയ ഒന്നാം പിണറായി സർക്കാർ പാശ്ചാത്യ രാജ്യങ്ങളിലേതുപോലുള്ള അടിസ്ഥാന സൗകര്യങ്ങളാണ് ഒരുക്കിയത്. വിജ്ഞാന സമ്പദ്വ്യവസ്ഥയായി കേരളത്തെ വളർത്താനാണ് രണ്ടാം പിണറായി സർക്കാർ ശ്രമിക്കുന്നത്. 15,000 സ്റ്റാർട്ടപ്പുകൾ, 1,55,000 മൂലധന നിക്ഷേപം, അതനുസരിച്ച് വ്യവസായിക ഇടനാഴികൾ എന്നിങ്ങനെ തൊഴിലില്ലായ്മ പരിഹരിക്കാൻ കഴിയുന്ന വലിയ കാര്യങ്ങളാണ് രണ്ടാം പിണറായി സർക്കാർ ചെയ്തുപോരുന്നത്. പിണറായി സർക്കാറിന്റെ മൂന്നാം ഭരണത്തുടർച്ച ഉറപ്പാണ്.
? മൂന്നാമതും നയിക്കുന്നത് പിണറായി വിജയൻ തന്നെയെന്ന് ഉറപ്പിച്ചോ...?
പിണറായി വിജയന്റെ കരുത്തുറ്റ നേതൃത്വമാണ് പാർട്ടിയുടെയും സർക്കാറിന്റെയും ശക്തി. ഒരു കാര്യം പറഞ്ഞാൽ, അത് നടപ്പാക്കുമെന്നതിന്റെ പര്യായമാണ് പിണറായി. പിണറായി സർക്കാർ വന്നില്ലെങ്കിൽ ദേശീയ പാതയുണ്ടോ, ഗെയിൽ പാതയുണ്ടോ., കൂടംകുളം വൈദ്യുതി വരുമായിരുന്നോ..? അത് ജനങ്ങൾക്ക് നല്ല ധാരണയുണ്ട്. അതുകൊണ്ടുതന്നെ ഭരണത്തുടർച്ച ഉറപ്പാണ്. യു.ഡി.എഫിൽ മുഖ്യമന്ത്രിമാർ അഞ്ചാറുപേരാണ്. ഏറ്റവും അവസാനം കുഞ്ഞാലിക്കുട്ടിയും വന്നിരിക്കുന്നു. ഞങ്ങളിൽ അത്തരം പ്രശ്നങ്ങളൊന്നുമില്ല.
? വിമർശനവും സ്വയം വിമർശനവുമാണ് കമ്യൂണിസ്റ്റ് പാർട്ടികളുടെ രീതി. സമ്മേളനങ്ങളിൽ വിമർശനത്തിന്റെ വർത്തമാനങ്ങൾ അധികം പുറത്തുകേട്ടില്ല...
വിമർശനമുണ്ട്, സ്വയം വിമർശനമുണ്ട്. അതിന് മറുപടിയുണ്ട്. മറുപടി കഴിഞ്ഞാൽ പ്രവർത്തന റിപ്പോർട്ട് അവതരണമുണ്ട്. അത് ഏകകണ്ഠമായാണ് അംഗീകരിക്കുന്നത്. പാർട്ടി കമ്മിറ്റിയിൽ എല്ലാം തുറന്നു പറയും. പറഞ്ഞില്ലെങ്കിൽ അത് കമ്യൂണിസ്റ്റ് പാർട്ടിയാകില്ല. പാർട്ടിയിൽ പറയുന്നതെല്ലാം പുറത്തുകേൾപ്പിക്കാറില്ല.
? പാർട്ടിക്കുള്ളിൽ തെറ്റുതിരുത്തൽ പ്രഖ്യാപിച്ചാണ് മാഷ് അധികാരമേറ്റത്. തിരുത്തൽ പ്രക്രിയ എത്രത്തോളം സാധ്യമായിട്ടുണ്ട്..?
തെറ്റുതിരുത്തലിൽ ഒരു വിട്ടുവീഴ്ചയുമില്ല. ഒരു പരാതിയും പരിഗണിക്കാതിരുന്നിട്ടില്ല. താഴെത്തട്ടുമുതൽ പാർട്ടി സെന്റർ ഇടപെട്ടിട്ടുണ്ട്. മേലെ നിന്ന് പിന്തുണ കിട്ടില്ല എന്ന ധാരണയുണ്ട്. ഭരണത്തുടർച്ചയുടെ ജീർണത ബാധിക്കാതിരിക്കാനുള്ള കരുതൽ എല്ലാ തലത്തിലുമുണ്ട്. കണ്ണൂരിൽ നവീൻ ബാബു കേസിലടക്കം ശരിയായ നിലപാടാണ് സ്വീകരിച്ചത്. നാം ജീവിക്കുന്നത് ബൂർഷ്വാ വ്യവസ്ഥിതിയിലാണ്. അതിന്റെ ജീർണത പാർട്ടി കേഡർമാർക്കിടയിലേക്കും അരിച്ചുകയറും. അതിനെ പ്രതിരോധിക്കാനുള്ള നടപടികളാണ് വിമർശനവും സ്വയം വിമർശനവും. അതനുസരിച്ചുള്ള തെറ്റുതിരുത്തലും. അത് സമ്മേളനത്തിൽ മാത്രമല്ല, ശേഷവും തുടരും. പാർട്ടി സെക്രട്ടറിയെന്ന നിലക്ക് തെറ്റായ ഒരു പ്രവണതയെയും പിന്തുണച്ചിട്ടില്ല. പിന്തുണക്കുകയുമില്ല.