ഫാഷിസ്റ്റ് വിരുദ്ധ നിലപാടിൽ മാറ്റമില്ല - പ്രകാശ് കാരാട്ട്
text_fieldsനടന്നുതീർക്കാൻ ഏറെയുണ്ട്... കൊല്ലം കടപ്പുറത്ത് നടക്കാനിറങ്ങിയ സി.പി.എം പോളിറ്റ്ബ്യൂറോ കോഓഡിനേറ്റർ പ്രകാശ് കാരാട്ട് - പി.ബി. ബിജു
കൊല്ലം: ഫാഷിസ്റ്റ് വിരുദ്ധ നിലപാടിൽ സി.പി.എം വെള്ളം ചേർത്തിട്ടില്ലെന്നും ഈ വിഷയത്തിൽ തനിക്കും അന്തരിച്ച മുൻ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിക്കുമിടയിൽ അഭിപ്രായ ഭിന്നത ഉണ്ടായിരുന്നില്ലെന്നും സി.പി.എം കോഓഡിനേറ്ററും പി.ബി അംഗവുമായ പ്രകാശ് കാരാട്ട്. സംസ്ഥാന സമ്മേളനത്തിന്റെ ഇടവേളയിൽ ‘മാധ്യമ’ത്തോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യയിൽ നിലനിൽക്കുന്ന സാഹചര്യങ്ങൾ മാർക്സിയൻ രീതിയിൽ കാര്യങ്ങൾ പഠിച്ചാണ് പാർട്ടി കോൺഗ്രസ് രേഖ തയാറാക്കിയത്. മോദി സർക്കാർ നവനാസിസത്തിലേക്ക് പോകുന്നുവെന്നും അത് പ്രതിരോധിക്കണമെന്നുമാണ് പാർട്ടി കോൺഗ്രസ് രേഖയിലുള്ളത്. ഇതിലെവിടെയാണ് വെള്ളം ചേർത്തതെന്ന് പറയാൻ വിമർശകൾക്ക് കഴിയണമെന്നും കാരാട്ട് കൂട്ടിച്ചേർത്തു.
? പാർട്ടി കോൺഗ്രസ് രേഖയിലെ ഫാഷിസം സംബന്ധിച്ച വിശദീകരണത്തിൽ കേരളത്തിൽ ചർച്ചകൾ നടക്കുന്നുണ്ടല്ലോ?
അനാവശ്യ ചർച്ചകളാണത്. അതത് കാലത്തെ രാഷ്ട്രീയ, സാമൂഹിക വികാസങ്ങൾ വിലയിരുത്തി നിലപാട് രൂപപ്പെടുത്തി പോകുന്നതാണ് കമ്യൂണിസ്റ്റ് -മാർക്സിസ്റ്റ് പാർട്ടിയുടെ രീതി. പാർട്ടി കോൺഗ്രസിലെ രേഖ അതിന്റെ ഭാഗമായുള്ളതാണ്. പാർട്ടി രേഖയിൽ ഇടംപിടിച്ച ‘നവനാസിസം’ എന്ന പദപ്രയോഗത്തിന്റെ വിശദീകരണം രേഖയിൽ തന്നെയുണ്ട്. സംഘ്പരിവാറിനെതിരായ മുൻനിലപാടിൽ ഒരു വിട്ടുവീഴ്ചയും പുതിയ രേഖയിലില്ല.
? ‘നവനാസിസം’ എന്ന പദപ്രയോഗം ഇതാദ്യമായി പാർട്ടി കോൺഗ്രസ് രേഖയിൽ ഇടംപിടിച്ച സാഹചര്യമെന്താണ്..?
എതിരഭിപ്രായങ്ങളെയാകെ അധികാര മുഷ്ക് ഉപയോഗിച്ച് ഇല്ലാതാക്കിയ ഹിറ്റ്ലറുടെയും മുസോളിനിയുടെയും ക്ലാസിക്കൽ ഫാഷിസത്തിന്റെ രീതി ഇപ്പോഴില്ല. പകരം, ജനാധിപത്യരീതി ഉപയോഗപ്പെടുത്തി അധികാരത്തിലേറുകയും അധികാര സംവിധാനങ്ങളെ ദുരുപയോഗം ചെയ്ത് ഫാഷിസ്റ്റ് അജണ്ടകൾ നടപ്പാക്കുകയുമാണ് ചെയ്യുന്നത്. നവഫാഷിസം എന്നു വിളിക്കാവുന്ന ഈ പ്രവണതയാണ് ഇന്ത്യയിൽ മോദി സർക്കാറിനുള്ളത്. പൗരത്വ നിയമം, ഏക സിവിൽ കോഡ്, ഒരു രാജ്യം-ഒരു തെരഞ്ഞെടുപ്പ് തുടങ്ങിയ അജണ്ടകൾ അതിന്റെ ഭാഗമാണ്. ഈ പോക്ക് തടയാൻ പറ്റിയില്ലെങ്കിൽ ഫാഷിസത്തിന്റെ മുഴുവൻ കെടുതികളും നാം അനുഭവിക്കേണ്ടി വരും. അതുണ്ടാകുന്നതിനുമുമ്പ് ഫാഷിസം വന്നുവെന്ന് വിലയിരുത്തിയാൽ അത് ഫാഷിസത്തിനെതിരായ പ്രതിരോധത്തെയാണ് ദുർബലപ്പെടുത്തുക.
? മോദി സർക്കാർ ഫാഷിസ്റ്റ് തന്നെയെന്നാണ് സി.പി.ഐ, സി.പി.ഐ (എം.എൽ) തുടങ്ങിയ ഇടതുകക്ഷികളുടെ നിലപാട്
അത് ആ പാർട്ടികളുടെ നിലപാടാണ്. നിലപാടുകൾ വ്യത്യസ്തമായതിനാണ് വ്യത്യസ്ത പാർട്ടികളായി നിലകൊള്ളുന്നത്. അവരുടെ നിലപാട് അതാണെന്ന് പാർട്ടി കോൺഗ്രസ് രേഖയിൽ പറഞ്ഞിട്ടുള്ളതുമാണ്.
? സി.പി.എമ്മിന്റെ നിലപാട് മാറ്റത്തിൽ ആർ.എസ്.എസ് അന്തർധാരയെന്ന് കോൺഗ്രസ് ആക്ഷേപിക്കുന്നുണ്ട്
- അത് രാഷ്ട്രീയ ആരോപണം മാത്രമാണ്. ആർ.എസ്.എസ് വിരുദ്ധ നിലപാടിൽ ഞങ്ങൾക്ക് ആരുടെയും സർട്ടിഫിക്കറ്റ് വേണ്ട. പ്രത്യേകിച്ച്, കേരളത്തിൽ. ആർ.എസ്.എസിന്റെ കഠാരക്ക് ഇരയായ പാർട്ടിക്കാരുടെ എണ്ണം അവർക്കുള്ള മറുപടിയാണ്.
? സി.പി.എം നിലപാട് മാറ്റം സ്വാഗതം ചെയ്യുന്നുവെന്നാണ് ഇക്കാര്യത്തിൽ ബി.ജെ.പി പ്രതികരിച്ചത്
ഞങ്ങൾ നിലപാട് മാറ്റിയെന്നത് അവരുടെ തെറ്റിദ്ധാരണയാണ്. കമ്യൂണിസ്റ്റ് പാർട്ടികൾക്ക് വർഗീയ, വംശീയ അജണ്ടകളോട് സന്ധി ചെയ്യാനാകില്ല. മുമ്പ് എത്ര ശക്തമായി എതിർത്തുവോ അതിലേറെ ശക്തിയിൽ ആ നിലപാട് തുടരും.
? പാർട്ടി സമ്മേളനത്തിന്റെ ഉദ്ഘാടനം നിർവഹിച്ച താങ്കൾ ദേശീയ രാഷ്ട്രീയം വിശദീകരിച്ചപ്പോൾ പതിവുള്ള കോൺഗ്രസ് വിമർശനം ഇക്കുറി ഒട്ടുമുണ്ടായില്ല. ഇൻഡ്യ മുന്നണിയുടെ പശ്ചാത്തലമാണോ കാരണം?
ഇൻഡ്യ മുന്നണി സംവിധാനം ഇപ്പോൾ നിലവിലില്ല. അത് ലോക്സഭ തെരഞ്ഞെടുപ്പിന് വേണ്ടിയുള്ളതായിരുന്നു. തെരഞ്ഞെടുപ്പിന് ശേഷം അത് തുടരുന്നില്ല. അടുത്ത തെരഞ്ഞെടുപ്പ് ഘട്ടത്തിൽ അപ്പോഴത്തെ സാഹചര്യത്തെ അടിസ്ഥാനപ്പെടുത്തി പുതിയ സംവിധാനങ്ങൾ രൂപപ്പെട്ടേക്കാം.
ബി.ജെ.പിയെ പ്രതിരോധിക്കുന്ന വിഷയത്തിൽ കോൺഗ്രസിന് നേതൃത്വം നൽകാൻ കഴിയില്ലെന്നത് പകൽപോലെ വ്യക്തമാണ്. ബി.ജെ.പിയുമായി നേരിട്ട് ഏറ്റുമുട്ടിയ ഇടങ്ങളിലെല്ലാം അവർ വളരെ പിന്നിലാണ്. പ്രാദേശിക ശക്തികൾക്കാണ് ബി.ജെ.പിക്കെതിരായ പ്രതിരോധത്തിൽ കാര്യമായി ചെയ്യാനുള്ളത്.
? മൂന്നാം പിണറായി സർക്കാറിനെക്കുറിച്ചാണ് സംസ്ഥാന സമ്മേളനത്തിലെ ചർച്ച. 75 വയസ്സ് പ്രായപരിധിയിൽ പിണറായി വിജയനുള്ള ഇളവ് തുടരാൻ തീരുമാനമായോ?
സംസ്ഥാനങ്ങളിൽ മത്സരിക്കുന്നതും സർക്കാറിന്റെ ഭാഗമാകുന്നതുമൊക്കെ അതത് സംസ്ഥാന ഘടകങ്ങളാണ് തീരുമാനിക്കുക. കേരള ഘടകത്തിനും അതിനുള്ള സ്വാതന്ത്ര്യമുണ്ട്. 75 വയസ്സ് പിന്നിട്ട താനുൾപ്പെടെയുള്ളവരുടെ പ്രായപരിധി ഇളവ് സംബന്ധിച്ച് പാർട്ടി കോൺഗ്രസ് തീരുമാനമെടുക്കും.