‘വർഗീയത പറയുന്നവർ വോട്ട് കാണിച്ച് വിരട്ടേണ്ടാ’ -വി.ഡി. സതീശൻ
text_fieldsപ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ തന്റെ മണ്ഡലമായ പറവൂരിലെ ജനങ്ങൾക്കൊപ്പം
ചില മണ്ഡലങ്ങളിൽ ബി.ജെ.പിയെ ജയിപ്പിക്കുകയെന്നത് സി.പി.എം അജണ്ടയാണെന്നും അതിനുള്ള അവിഹിതമായൊരു ബാന്ധവം സി.പി.എമ്മും ബി.ജെ.പിയും തമ്മിലുണ്ടാക്കിയെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. എന്നാൽ മതേതര കേരളത്തിന്റെ പിന്തുണയോടെ തങ്ങൾ അതിനെ പൊളിക്കുമെന്നും ‘മാധ്യമ’ ത്തിന് അനുവദിച്ച അഭിമുഖത്തിൽ അദ്ദേഹം പറയുന്നു.
തദ്ദേശ തെരഞ്ഞെടുപ്പിൽ മികച്ച മുന്നേറ്റം നടത്തിയ ആത്മവിശ്വാസത്തിൽ ഫുൾ സെറ്റ് ആയെന്ന് പറഞ്ഞായിരുന്നു യു.ഡി.എഫ് നിയമസഭാ തെരഞ്ഞെടുപ്പിനെ കാത്തിരുന്നത്. അന്നത്തെ ആത്മ വിശ്വാസത്തിന്റെ സാഹചര്യം ഇപ്പോൾ മാറിയില്ലേ?
ഒരിക്കലുമില്ല. 30 വർഷം മുമ്പ് പഞ്ചായത്ത് നഗരപാലികാ സംവിധാനം കേരളത്തിൽ നടപ്പിലായ ശേഷം യു.ഡി.എഫ് നേടിയ ഏറ്റവും തിളക്കമാർന്ന വിജയമായിരുന്നു ഇക്കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിലേത്. ഇതിനെ ഒരു തുടർച്ചയായിട്ടാണ് കാണേണ്ടത്. തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് തൊട്ടുള്ള തുടർച്ച.
യു.ഡി.എഫിൽ നിന്ന് അകന്നുപോയ സാമൂഹിക വിഭാഗങ്ങളെ മൂഴുവനായും തിരിച്ചുകൊണ്ടുവന്നതിന്റെ കൂടി വിജയമാണ് തദ്ദേശ തെരഞ്ഞെടുപ്പിൽ മലബാറിനോടൊപ്പം മധ്യ കേരളത്തിലും മധ്യ തിരുവിതാംകൂറിലുമുണ്ടായ വിജയങ്ങൾ. 100 സീറ്റുകൾ നേടി യു.ഡി.എഫ് ഭരണത്തിലെത്തുമെന്നുള്ള ഉപരിപ്ലവമായ ഒരു പ്രസ്താവനയല്ല. അതിന് പിന്നിൽ നടത്തിയ കഠിനാധ്വാനവും ഗൃഹപാഠവും അതിന്റെ ഫലപ്രാപ്തിയുമെല്ലാം വെച്ചുള്ള കണക്കുകൂട്ടലാണ്.
എൽ.ഡി.എഫ് വികസനം ചൂണ്ടിക്കാട്ടിയാണല്ലോ വോട്ടുപിടിക്കുന്നത് ?
അതിന്റെ പൊള്ളത്തരങ്ങൾ ഞങ്ങൾ പൊളിച്ചടുക്കും.
രാഹുൽ ഗാന്ധി പ്രഖ്യാപിച്ച അഞ്ച് അജണ്ടകളിലൂന്നിയായിരിക്കുമോ യു.ഡി.എഫ് പ്രചാരണം?
അവയുണ്ട്, കൂടാതെ പ്രകടനപത്രികക്കുള്ള അജണ്ടകളുമുണ്ട്. കേരളത്തെ ഈ സർക്കാർ എവിടെ കൊണ്ടെത്തിച്ചുവെന്നത് ഒരു കുറ്റപത്രം പോലെ ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കും. എന്നിട്ട് അതിൽ ഞങ്ങൾക്ക് എന്ത് ബദൽ ചെയ്യാനാകുമെന്നും പറയും. സർക്കാർ പരാജയപ്പെട്ടു എന്ന് എവിടെയെല്ലാം പറഞ്ഞിട്ടുണ്ടോ അവിടെയെല്ലാം ഞങ്ങൾക്ക് ബദൽ മാർഗങ്ങളുണ്ട്. മികച്ച ധനകാര്യ മാനേജ്മെന്റ്, ആസൂത്രണ മികവോടു കൂടിയ നികുതി ഭരണം, ഖജനാവിന്റെ ചോർച്ച അടക്കാനുളള കാർക്കശ്യം നിറഞ്ഞ നിർദേശങ്ങൾ എന്നിവയിൽ ഞങ്ങൾക്ക് ബദലുകളുണ്ട്.
സമ്പദ് വ്യവസ്ഥയെ ഉത്തേജിപ്പിക്കുന്നതിനുള്ള നടപടികളുണ്ട്. സപ്ലൈ ചെയിൻ മാനേജ്മെന്റ് വഴി സിവിൽ സപ്ലൈസ് കോർപറേഷനെ ലാഭത്തിലാക്കാനും കേരളത്തിലെ സെക്രട്ടേറിയേറ്റിനെ ഏറ്റവും ഫലപ്രദമാക്കി മാറ്റാനുള്ള പദ്ധതികളുമുണ്ട്. സർക്കാർ ഉദ്യോഗസ്ഥരെ ഉത്തരവാദിത്ത ബോധമുള്ളവരാക്കി മാറ്റുന്ന നിയമം നിർമിക്കാനുണ്ട്. എല്ലാ ജില്ലകളിലും ആരോഗ്യ, വിദ്യാഭ്യാസ കോൺക്ലേവുകൾ സംഘടിപ്പിച്ച് തയാറാക്കിയ ആരോഗ്യ നയരേഖയും ഉന്നത വിദ്യാഭ്യാസ രേഖയും നടപ്പാക്കാനുണ്ട്. തൊഴിലില്ലായ്മ നേരിടാൻ ഗ്ലോബൽ ജോബ് വാച്ച്ഡോഗ് എന്ന സങ്കൽപം യാഥാർഥ്യമാക്കാനുണ്ട്.
എൽ.ഡി.എഫിന് ഉയർത്തിക്കാണിക്കാൻ ഒരു മുഖ്യമന്ത്രി സ്ഥാനാർഥിയുണ്ട്. യു.ഡി.എഫിന് അങ്ങിനെ ഒരാളില്ലല്ലോ ?
കോൺഗ്രസ് ഒരു സംസ്ഥാനത്തും അങ്ങിനെ ചെയ്യാറില്ല. കർണാടകത്തിലും തെലങ്കാനയിലും ഞങ്ങൾ ജയിച്ചു. അത് നേരത്തെ ഒരു മുഖ്യമന്ത്രി സ്ഥാനാർഥിയെ ഉയർത്തിക്കാണിച്ചായിരുന്നില്ല. കോൺഗ്രസിൽ അതിനൊരു നടപടി ക്രമമുണ്ട്.
തെരഞ്ഞെടുപ്പുകളിൽ ജയസാധ്യത കാണുമ്പോഴേക്ക് കോൺഗ്രസിൽ ഗ്രൂപ്പുകൾ തലപൊക്കുന്ന പ്രവണത പണ്ടേയുണ്ട്. അത് കൊണ്ടല്ലേ ഇപ്പോൾ നടന്ന സ്ഥാനാർഥി നിർണയവും തെറ്റായ പല ചർച്ചകൾക്കും വഴിവെച്ചത്?
ഒന്നാമതായി ഒരു പാർട്ടി പോലും ഒരു അലോസരമുണ്ടാക്കാതെ യു.ഡി.എഫിനിടയിലെ സീറ്റ് വിഭജനം ഏറ്റവും ഭംഗിയായാണ് ഇത്തവണ നടന്നത്. ഒരാളും അനാവശ്യമായ ഒരു അവകാശവാദമുന്നയിച്ചില്ല. രണ്ടാമത്തേത് കോൺഗ്രസിന്റെ സ്ഥാനാർഥി നിർണയമാണ്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാൽ ഞങ്ങൾ 24 മണിക്കൂറിനകം സ്ഥാനാർഥികളെ പ്രഖ്യാപിക്കുമെന്ന് പറഞ്ഞത് 48 മണിക്കൂറായി. സ്ക്രീനിംഗ് കമ്മിറ്റി യോഗത്തിൽ അധ്യക്ഷത വഹിക്കേണ്ടിയിരുന്ന നേതാവിന് അസുഖം ബാധിച്ചതിനെ തുടർന്ന് ആദ്യ ദിവസം യോഗം നടക്കാതിരുന്നത് കൊണ്ടാണത്.
ഗ്രൂപ്പ് തലത്തിലുള്ള ഒരു തർക്കവുമുണ്ടായില്ലെന്നാണോ?
ഒന്നുമില്ല. ആ തരത്തിലുള്ള തർക്കവുമുണ്ടായിട്ടില്ല. ഗ്രൂപ്പുതലത്തിൽ വീതം വെക്കാതെ 50 കൊല്ലത്തിനിടയിൽ കോൺഗ്രസ് നടത്തിയ ആദ്യ സീറ്റ് വിഭജനമാണിത്.
പിന്നെന്തായിരുന്നു സീറ്റ് നിർണയ ചർച്ചയിൽ മാനദണ്ഡമാക്കിയത്?
ജയ സാധ്യതയും വിവിധ സാമൂഹിക വിഭാഗങ്ങൾക്കുളള പ്രാതിനിധ്യവും. ഇവ രണ്ടുമാണ് കോൺഗ്രസ് മാനദണ്ഡമാക്കിയത്.
ഒരു സ്ഥാനാർഥിയുടെ ജയസാധ്യതയും വിവിധ സാമൂഹിക വിഭാഗങ്ങളുടെ പ്രാതിനിധ്യവും കൂടി എങ്ങിനെ ഒത്തുകൊണ്ടുപോകാനാകും?
അതൊരു വെല്ലുവിളി തന്നെയാണ്. അടുത്തടുത്ത മൂന്ന് മണ്ഡലങ്ങളിൽ ജയസാധ്യതയുള്ള മൂന്ന് സ്ഥാനാർഥികളും ഒരേ സമുദായക്കാരായാൽ അടുപ്പിച്ചടുപ്പിച്ച് അങ്ങിനെ കൊടുക്കാൻ പറ്റില്ല. പലപ്പോഴും സീറ്റ് ചർച്ച നീണ്ടുപോയതിന്റെ പ്രധാനപ്പെട്ട കാരണവും അതാണ്.
എസ്.ഐ.ആറിന് ശേഷം കേരളത്തിൽ നടക്കുന്ന ആദ്യ തെരഞ്ഞെടുപ്പാണിത്. ബംഗാളിൽ മുഖ്യമന്ത്രി മമത ബാനർജി വലിയ ഗൗരവമായെടുത്താണ് എസ്.ഐ.ആറിനെ നേരിട്ടത്. ആ നിലക്ക് വോട്ടർപട്ടിക കേന്ദ്രീകരിച്ച് കേരളത്തിൽ യു.ഡി.എഫ് എന്താണ് ചെയ്തത്?
എല്ലാ നിയോജകമണ്ഡലങ്ങളിലും നേതാക്കന്മാർക്ക് ചുമതല നൽകി യോഗങ്ങൾ വിളിച്ചുകൂട്ടി. ബൂത്ത് തല ഏജന്റു(ബി.എൽ.എ)മാർക്ക് ക്ലാസ് കൊടുത്തു. എസ്.ഐ.ആർ മാർഗനിർദേശങ്ങൾ താഴെ തട്ട് വരെ പഠിപ്പിച്ചു. യു.ഡി.എഫിന്റെ ഓരോ വോട്ടും നഷ്ടപ്പെട്ടുപോകാത്ത തരത്തിൽ വളരെ ഭംഗിയായി ആത്മ വിശ്വാസത്തോടെ തന്നെ ചെയ്തിട്ടുണ്ട്. സാധാരണ കോൺഗ്രസും യു.ഡി.എഫുമൊക്കെ ചെയ്യുന്നതിന്റെ പത്തിരട്ടി വോട്ടർ പട്ടിക കേന്ദ്രീകരിച്ച് ചെയ്തിട്ടുണ്ട്.
ബി.ജെ.പി - സി.പി.എം ഡീൽ എന്ന നിങ്ങളുടെ ആരോപണം വലിയ ചർച്ചയാകുന്നുണ്ട്. സ്ഥാനാർഥി നിർണയത്തിൽ ഡീൽ നടത്തിയെന്ന് പറയുന്നതിന് അടിസ്ഥാനമെന്താണ്?
പാലക്കാട് നോക്കൂ. ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫ് 18,000 വോട്ടിന് ജയിച്ച സ്‍ഥലമാണ്. അവിടെ ഒന്നാം സ്ഥാനത്ത് ഞങ്ങളും രണ്ടാം സ്ഥാനത്ത് ബി.ജെ.പിയും വന്നപ്പോൾ പരിതാപകരമായ മൂന്നാം സ്ഥാനത്താണ് സി.പി.എം. ഇപ്പോൾ സി.പി.എം അവിടെ നിർത്തിയ സ്ഥാനാർഥി ഞങ്ങൾക്ക് കിട്ടേണ്ട വോട്ടുകൾ ഭിന്നിപ്പിച്ച് ബി.ജെ.പിയെ ജയിപ്പിക്കാനുള്ളതാണ്. സി.പി.എം ഒരിക്കലും അവിടെ ജയിക്കാൻ പോകുന്നില്ല. ബി.ജെ.പിയെ ജയിപ്പിക്കുകയെന്നത് സി.പി.എം അജണ്ടയാണ്. അതിനുള്ള അവിഹിതമായൊരു ബാന്ധവം സി.പി.എമ്മും ബി.ജെ.പിയും തമ്മിലുണ്ട്. മതേതര കേരളത്തിന്റെ പിന്തുണയോടെ ഞങ്ങൾ അതിനെ പൊളിക്കും.
ഞങ്ങളാണ് ഇടതുപക്ഷം എന്നാണല്ലോ താങ്കൾ അവകാശപ്പെടുന്നത് ?
ഇടതുപക്ഷം എന്നത് ഒരു ആഗോള കാഴ്ചപ്പാടാണ്. ‘നെഹ്റുവിയൻ ലെഫ്റ്റ്’ ആണ് ഞങ്ങൾ. പുരോഗമനപരമായി ചിന്തിക്കുക, പുതിയ കാലത്തെ കുറിച്ച് സംസാരിക്കുക, പുതിയ കാര്യങ്ങളെ ഉൾക്കൊള്ളുക, മതേതര നിലപാടെടുക്കുക എന്നിവയൊക്കെയാണത്. വലതുപക്ഷ പാർട്ടിയെന്ന് സ്വയം സമ്മതിക്കുന്ന ബി.ജെ.പിയുടെ അതേ ട്രാക്കിലാണ് ഇപ്പോൾ സി.പി.എമ്മും പോയ്ക്കൊണ്ടിരിക്കുന്നത്. അത് കൊണ്ട് ഇടതുപക്ഷ സഹയാത്രികരും ഉത്തമ കമ്യുണിസ്റ്റുകളുമടങ്ങുന്ന വലിയൊരു വിഭാഗം കലാപക്കൊടി ഉയർത്തുകയാണ്. ആ കലാപം ബംഗാളിൽ സംഭവിച്ചത് പോലൊരു തകർച്ചയിലേക്ക് കേരളത്തിൽ സി.പി.എമ്മിനെ കൊണ്ടുപോകുകയാണ്.
പുതുയുഗ യാത്രയുടെ ഭാഗമായി ഞാൻ കയറിയ 125 വേദികളിൽ 100-ലധികം വേദികളിലും സി.പി.എമ്മിൽ നിന്ന് ആളുകൾ കോൺഗ്രസിൽ ചേരുകയായിരുന്നു. വി.എസ് ഒരു പ്രതീകമായിരുന്നു. അദ്ദേഹത്തിന്റെ സന്തത സഹചാരി സുരേഷ് കോൺഗ്രസിൽ ചേർന്നു. കേരളത്തിൽ ഇന്ന് ജീവിച്ചിരിക്കുന്നവരിൽ ഏറ്റവും വലിയ കമ്യൂണിസ്റ്റായ ജി. സുധാകരൻ സി.പി.എമ്മിനെതിരെ നിലപാടെടുത്തു. തളിപ്പറമ്പിലെ ഗോവിന്ദനും പയ്യന്നൂരിലെ കുഞ്ഞികൃഷ്ണനുമെല്ലാം വ്യക്തിപരമായ ഒരാക്ഷേപവും ഉന്നയിക്കാൻ പറ്റാത്ത ഇടതുപക്ഷ പ്രവർത്തകരാണ്. അവരുടെയൊക്കെ വേദനയും ദുഃഖവും പ്രയാസവും പ്രതിഷേധവും അമർഷവുമായി മാറുകയാണ്. സി.പി.എം ഈ തീയിൽ വെന്തുപോകും.
ശക്തമായ മതധ്രുവീകരണമാണ് കേരളത്തിൽ സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഓരോ മണ്ഡലത്തിലും സ്ഥാനാർഥി നിർണയം നടത്തുമ്പോൾ ബി.ജെ.പിയുടെ നരേറ്റീവിനെ എല്ലാവരും ഭയക്കുകയാണ്. ഇതിനെതിരെ ഒരു കേരള മാതൃക ഉയർത്തിക്കാണിക്കാൻ കോൺഗ്രസിനാകുമോ?
കേരളത്തിനുള്ള ബദൽ മാതൃകകൾ അവതരിപ്പിച്ച യാത്രയിൽ ഉന്നയിച്ച പ്രധാന പോയിന്റ് അതായിരുന്നു. ഈ തെരഞ്ഞെടുപ്പ് കഴിയുമ്പോൾ ഇവരുടെ കുൽസിത പ്രവണതകളെയും വർഗീയ പ്രവർത്തനങ്ങളെയും പരാജയപ്പെടുത്തി ഇത് മതേതര കേരളമാണ് എന്ന് കേരളം തലയെടുപ്പോടു കൂടി ഈ രാജ്യത്തോട് പറയും. വർഗീയത പറയുന്ന ഒരാളോ ഒരു സമൂഹമോ തങ്ങളുടെ കൈയിൽ വോട്ടുബാങ്ക് ഉണ്ടെന്ന് പറഞ്ഞ് ബ്ലാക്ക് മെയിൽ ചെയ്യാൻ വന്നാൽ വോട്ടുബാങ്ക് ഉണ്ടെങ്കിൽ കൈയിൽ വെച്ചോ, വർഗീയത പറയാൻ നിൽക്കരുത് എന്ന് ഞങ്ങൾ പറയും. അതിനുള്ള ആർജവം ഇന്നത്തെ കോൺഗ്രസിനും യു.ഡി.എഫിനുമുണ്ട്.


