ബിഹാറിൽ നിന്നൊരു രാജകുമാരൻ
text_fieldsബിഹാറി ബാലൻ നായകനായ നാടകം നിറഞ്ഞ കൈയടി നേടി. കണ്ണൂർ ജില്ലയിൽ നിന്നെത്തിയ ‘ഞാൻ’ എന്ന നാടകത്തിലാണ് ബിഹാർ സ്വദേശി പ്രിൻസ് കുമാർ തകർത്തഭിനയിച്ചത്. ചൊക്ലി രാമവിലാസം ഹയർ സെക്കൻഡറി സ്കൂൾ ഒമ്പതാം തരം വിദ്യാർഥിയായ പ്രിൻസ്, ഒരു കൗമാരക്കാരൻ ട്രാൻസ് ജെൻഡർ ആയി പരിണമിക്കുന്ന കഥയിൽ ഈ ശാരീരിക പരിണാമഘട്ടത്തിന്റെ സങ്കീർണതകളും മാനസികസമ്മർദങ്ങളും അവതരിപ്പിക്കുകയാണ്.
ഞാൻ എന്ന കഥാപാത്രമാണ് പ്രിൻസ്. നാടകത്തിലുടനീളം കഥാപാത്രത്തെ പൂർണതയോടെ അവതരിപ്പിക്കാൻ പ്രിൻസിന് സാധിച്ചു. അതുകൊണ്ട് തന്നെ സദസ്സും മനസ്സറിഞ്ഞ് കൈയടിച്ച് പ്രോത്സാഹിപ്പിച്ചു. അമ്മ ആരതി ദേവിയും സഹോദരി കൃതികുമാരിയും നാടകം കഴിഞ്ഞ ശേഷം പ്രിൻസിനെ അഭിനന്ദിക്കാനും ആശ്ലേഷിക്കാനുമെത്തി.
2012 ൽ കേരളത്തിലെത്തിയ പ്രിൻസിന്റെ പിതാവ് ദിനേഷ് ഠാകുർ ആശാരിപ്പണിക്കാരനാണ്. മലയാളം നന്നായി വായിക്കാനും എഴുതാനുമറിയാം. ആദ്യമായാണ് നാടകത്തിൽ അഭിനയിക്കുന്നത്. ജില്ലയിലും ഉപജില്ലയിലും മികച്ച നടനായിരുന്നു. സവ്യസാചിയാണ് നാടകത്തിന്റെ കഥയും സംവിധാനവും നിർവഹിച്ചത്.