എല്ലാ സംസ്കാരങ്ങളെയും ബഹുമാനിക്കണം -വി.ഡി. സതീശൻ
text_fieldsഎല്ലാ സംസ്കാരങ്ങളെയും ബഹുമാനിക്കാനും എല്ലാ പ്രത്യേകതകളെയും ആദരിക്കാനും എല്ലാ സവിശേഷതകളെയും കൗതുകത്തോടെ നോക്കിക്കാണാനുമാണ് കലയും സാഹിത്യവും പഠിപ്പിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. 61ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ സമാപന ചടങ്ങ് ക്യാപ്റ്റൻ വിക്രം മൈതാനിയിലെ ‘അതിരാണിപ്പാട’ത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കോവിഡിനുശേഷം നടന്ന സംസ്ഥാന കലോത്സവത്തെ കോഴിക്കോട്ടുകാർ കോവിഡിനോടുള്ള റിവഞ്ച് കലോത്സവമാക്കി മാറ്റിയെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. ചടങ്ങിൽ ഗായിക കെ.എസ്. ചിത്ര മുഖ്യാതിഥിയായി. മന്ത്രി ആന്റണി രാജു സുവനീർ പ്രകാശനം ചെയ്തു.
മന്ത്രി വി. ശിവൻകുട്ടി സമ്മാനവിതരണം നടത്തി. വീരമൃത്യു വരിച്ച ക്യാപ്റ്റൻ വിക്രമിന്റെ മാതാപിതാക്കളായ ലഫ്റ്റനന്റ് കേണൽ പി.കെ.പി.വി. പണിക്കരെയും കല്യാണി പണിക്കരെയും മന്ത്രി വി. ശിവൻകുട്ടി ആദരിച്ചു.
മന്ത്രിമാരായ അഹമ്മദ് ദേവർകോവിൽ, എ.കെ. ശശീന്ദ്രൻ, എം.പിമാരായ എളമരം കരീം, എം.കെ. രാഘവൻ, മേയർ ബീന ഫിലിപ്, എം.എൽ.എമാരായ ടി.പി. രാമകൃഷ്ണൻ, തോട്ടത്തിൽ രവീന്ദ്രൻ, സച്ചിൻദേവ്, ലിന്റോ ജോസഫ്, നടിയും നർത്തകിയുമായ ഡോ. വിന്ദുജ മേനോൻ, പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ്, ഡെപ്യൂട്ടി മേയർ സി.പി. മുസാഫർ അഹമ്മദ്, കലക്ടർ ഡോ. തേജ് ലോഹിത് റെഡ്ഡി, സിറ്റി പൊലീസ് കമീഷണർ രാജ്പാൽ മീണ, പൊതുവിദ്യാഭ്യാസ ഡയറക്ടർ ജീവൻബാബു എന്നിവർ സംബന്ധിച്ചു.