ന്നാപ്പിന്നൊരു സുലൈമാനിയായാലോ...
text_fieldsകലോത്സവ വേദിയിലെ മീഡിയ സെന്‍ററിൽ ചായ തയ്യാറാക്കുന്ന ബഷീർ
ബഷീർക്കാ രണ്ടു സുലൈമാനി, പഞ്ചാര കൂട്ടിയൊരു സ്ട്രോങ് ചായയും പോരട്ടെ... വിളിയും ചായയും പല വിധമാണെങ്കിലും ചായ അടിക്കാനും കൊടുക്കാനും മുക്കം കാരശ്ശേരി ബഷീർക്കക്ക് ഒരേ മനസ്സാണ്. തലപുകച്ച് കലോത്സവം റിപ്പോർട്ട് ചെയ്യുന്ന മാധ്യമപ്രവർത്തകർക്ക് ഉഷാറ് പകരാൻ ചൂടുചായ എപ്പോഴും റെഡിയാണ്.
കലോത്സവ പ്രധാന വേദി വിക്രം മൈതാനത്തിലെ മീഡിയ സെന്ററിലാണ് കാരശ്ശേരി ബ്രോബെയ്ക് ടീയുടെ നേതൃത്വത്തിൽ മാധ്യമപ്രവർത്തകർക്കായി സൗജന്യമായി ചായ മക്കാനി ഒരുക്കിയത്. മത്സരാർഥികളും അധ്യാപകരും അടക്കം അത്യാവശ്യക്കാർക്കും പരിഭവമൊന്നുമില്ലാതെ ബഷീർക്ക ചായയും ബിസ്കറ്റും നൽകും.
സരളച്ചേച്ചിയും സഹായത്തിനുണ്ട്. രാവിലെ ഒമ്പതു മുതൽ രാത്രി ഒമ്പതുവരെ ഒട്ടും മടുപ്പില്ലാതെ ഒരേ എനർജിയിൽ ബഷീർക്ക ചായ അടിച്ചുതകർക്കുകയാണ്. 1500ലേറെ ചായ ദിവസേന ചെലവാകും. 45 ലിറ്റർ പാലും. കലോത്സവം കഴിഞ്ഞാലും ബഷീർക്കയുടെ ചായ കടുപ്പത്തിൽ എല്ലാവരുടെയും നാവിലുണ്ടാവും.