കലാമേളയിൽ അലിഞ്ഞു കാരുണ്യ തീരത്തെ കുട്ടികളും
text_fieldsകോഴിക്കോട് :സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ അവസാന ദിനം തിരക്കിലമർന്നപ്പോൾ അതിലൊരു കണ്ണിയായി പൂനൂർ കാരുണ്യതീരം സ്പെഷ്യൽ സ്കൂൾ കുട്ടികളും അധ്യാപികമാരും. വിക്രം മൈതാനിയിലെ പ്രധാന വേദിയായ അതിരാണിപ്പാടത്ത് നടന്ന നാടോടി നൃത്ത മത്സരം കണ്ടപ്പോൾ പലർക്കും സന്തോഷം അടക്കിവെക്കാൻ സാധിച്ചില്ല.
പാട്ടുകൾക്കൊപ്പിച്ചു ചുവടുവെച്ച ഓരോ കലാകാരികളെയും അവർ വേണ്ടുവോളം കയ്യടിച്ചു പ്രോത്സാഹിപ്പിച്ചു. സ്കൂളിൽ നിന്നെത്തിയ 16 കുട്ടികളാണ് ആയിരക്കണക്കിന് കാണികളിൽ ചെറുകൂട്ടമായത്.
പരിമിതികളെയെല്ലാം മാറ്റിവെച്ചു കൊണ്ട് രാവിലെ തന്നെ വേദിയുടെ മുന്നിൽ സ്ഥാനം പിടിച്ച ഇവർ കലോത്സവത്തിൽ ആതിഥേയ ജില്ലയായ കോഴിക്കോട് കപ്പ് ഉയർത്തുന്നത് പക്ഷേ ഏറെ വൈകുമെന്നതിനാൽ കാണാൻ കഴിഞ്ഞില്ല.
വേദിക്കു സമീപത്തുവെച്ച് ഇവരെ കണ്ട മിമിക്രി കലാകാരൻ ദേവരാജ് കോഴിക്കോട് ഇവർക്കൊപ്പം നിന്നു ഫോട്ടോ എടുക്കാൻ ഓടി വന്നത് വലിയ സന്തോഷമായി. ചാനൽ റിയാലിറ്റി ഷോയിൽ മിമിക്രി അവതരപ്പിച്ച ഫസലു റഹ്മാൻ ചുരുങ്ങിയ നമ്പർ കൊണ്ട് അദ്ദേഹത്തിന്റെ മനസ്സിൽ സ്ഥാനം പിടിച്ചു. പ്രിൻസിപ്പൽ മുംതാസ് ടീച്ചർ അടക്കമുള്ള അധ്യാപികമാർ ഇവർക്ക് വേണ്ട നിരദേശവുമായി കൂടെയുണ്ടായിരുന്നു.