അളവിലെ അഭിനവ് അഭിനയ കുലപതി
text_fieldsമികച്ച നടി നിതീനയും നടൻ അഭിനവും
കോഴിക്കോട്: സംസ്ഥാന കലോൽസവത്തിലെ അഭിനയകുലപതിയായി അഭിനവ് തെരഞ്ഞെടുക്കപ്പെട്ടു. പൊന്നാനി വിജയമാത സ്കൂളിന്റെ ‘അളവ്’ എന്ന നാടകത്തിലാണ് തകർത്തഭിനയിച്ച് അഭിനവ് മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടത്.
പ്രശസ്ത നാടകപ്രവർത്തകൻ ജിനേഷ് ആമ്പല്ലൂരാണ് നാടകം പഠിപ്പിച്ചത്. മത്സരത്തിലെ ഏറ്റവും കൂടുതൽ മാർക്ക് ലഭിച്ചത് ‘അളവി’നാണ് മാർക്ക്. എട്ടാം ക്ലാസ് വിദ്യാർഥിയായ അഭിനവ് സബ് ജില്ലയിലും ജില്ലയിലും മികച്ച നടനായിരുന്നു.
ബഹ്റൈനിൽ പ്രവാസിയായ പൊന്നാനി മഞ്ഞക്കാട്ട് വീട്ടിൽ പ്രവീൺകുമാറിന്റെയും സബിതയുടെയും മകനാണ്. അനഘയാണ് ചേച്ചി. പിതാവ് പ്രവീണും സംസ്ഥാന സ്കൂൾ കലോൽസവങ്ങളിൽ അഭിനേതാവായിരുന്നു.
ജീവിതത്തിൽ എല്ലാത്തിനും അളവുണ്ടെന്നും അത് കൃത്യമാവുമ്പോഴാണ് ജീവിതം മനോഹരമാവുന്നതെന്നും പറയുന്ന നാടകത്തിലുടനീളം കാണികൾക്ക് ഹ്യൂമർ സമ്മാനിച്ചു. ആദ്യമായാണ് ദേവമാതാ സ്കൂൾ സംസ്ഥാന സ്കൂൾ കലോൽസവത്തിലേക്ക് എത്തിയത്.
നാടകത്തിൽ അഭിനയം തുടങ്ങിയ അഭിനവിനും സിനിമാമോഹമുണ്ട്. നാടകം കഴിഞ്ഞിറങ്ങിയ ഉടൻ സിനിമാമേഖലയിലുള്ള പലരും അഭിനന്ദിക്കാനെത്തിയതായി അഭിനവ് പറഞ്ഞു.