നിറമുള്ള കലോത്സവ ഓർമകളുമായി ദോസ്തി പത്മന്
text_fieldsഎന്‍. പത്മനാഭന് നായര്‍
പെരുമ്പാവൂര്‍: ഒരു സ്കൂള്‍ കലോത്സവകാലം കൂടിയെത്തുമ്പോൾ നിറമാർന്ന ഓർമകളാണ് ദോസ്തി പത്മന്റെ മനസ്സുനിറയെ. പെരുമ്പാവൂര്‍ മരുതുകവല നെടുവേലി വീട്ടില്‍ ‘ദോസ്തി പത്മന്’ എന്ന എന്‍. പത്മനാഭന് നായര്‍ ( 77) ഏഴു വര്‍ഷം മുമ്പുവരെ കലോത്സവങ്ങളിലും യുവജനോത്സവങ്ങളിലും പല വേഷങ്ങളിലാണ് അണിയറയില്‍ പ്രവര്‍ത്തിച്ചത്. ഫാന്‍സിഡ്രസ്, മോണോ ആക്ട്, നാടകം, കഥാപ്രസംഗം എന്നിവയുടെ പരിശീലകനും മേക്കപ്മാനുമായിരുന്നു. 11ം വയസ്സില്‍ സ്കൂള്‍ പഠനകാലത്താണ് നാടകാഭിനയത്തിലൂടെ കലാജീവിതത്തിലെത്തിയത്.
നാടകം, ഗാനം, കവിത, വില്ലടിച്ചാന്‍പാട്ട്, കഥാപ്രസംഗം എന്നിവയുടെ രചയിതാവായി. വിദ്യാര്‍ഥികളടക്കം 5000ത്തില്പരം പേര്‍ക്ക് മുഖത്ത് ചായം പൂശി മേക്കപ്മാന് എന്ന പേരാണ് നേട്ടം. 1969ല്‍ സ്ഥാപിച്ച ദോസ്തി ആര്‍ട്ട് ക്ലബിലൂടെ കലാരംഗത്ത് മുഴുവന്‍ സമയ പ്രവര്‍ത്തകനായി.
ദോസ്തി ആര്‍ട്സ് ക്ലബിനുവേണ്ടി വില്ലടിച്ചാന്പട്ടിന് കഥയും പാട്ടും എഴുതി സംവിധാനം ചെയ്താണ് കലയില്‍ വേരുറച്ചത്. ശ്രീഅയ്യപ്പന്, രമണന്, പുന്നാപുരം കോട്ട എന്നിവയാണ് വില്ലടിച്ചാന്‍ പാട്ടിനുവേണ്ടി രചിച്ചത്. കേരളത്തിൽ അങ്ങോളമിങ്ങോളമുള്ള ക്ഷേത്രങ്ങളിലും ആര്‍ട്സ് ക്ലബുകളിലും അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ വില്ലടിച്ചാന്‍ പാട്ട് അവതരിപ്പിച്ചിട്ടുണ്ട്.
സിനിമ നടന് പോള്‍ വെങ്ങോലയുടെ രാപ്പാടികള്‍ എന്ന പ്രഫഷനല്‍ നാടകത്തിന് ഗാനങ്ങള്‍ എഴുതിയത് ദോസ്തി പത്മനാണ്. കെ.എസ്. ചിത്രയാണ് അതിലെ ഗാനങ്ങള്‍ പാടിയത്. ആകാശവാണി കൊച്ചി, തൃശൂര്‍ നിലയങ്ങള്‍ കഥാപ്രസംഗങ്ങളും കഥകളും ധാരാളം അവതരിപ്പിച്ചിട്ടുണ്ട്. ധര്‍മസമരം എന്ന നാടകത്തിനുവേണ്ടി എഴുതിയ വിപ്ലവഗാനം കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ജാഥകളില്‍ പിന്നീട് മുദ്രാവാക്യമായി മാറി. അമേച്വര്‍ നാടകങ്ങള്‍ക്ക് വേണ്ടി 250ല്‍പരം ഗാനങ്ങള്‍ രചിച്ചിട്ടുണ്ട്.
ജില്ലയില്‍ സ്കൂള്‍ കലോത്സവങ്ങള്‍ വന്നാല്‍ ദോസ്തി പത്മന് പിന്നെ ഊണും ഉറക്കവുമുണ്ടാവില്ല. സ്വന്തം വീട്ടിലും സ്കൂളുകളിലും പരിശീലനത്തിന്റെയും മേക്കപ്പിന്റെയും തിരക്കാകും. സിനിമ നടി അനന്യ കലാരംഗത്തേക്ക് വന്നത് ദോസ്തി പത്മന് എഴുതിയ കഥാപ്രസംഗത്തിലൂടെയാണ്. സംഗീത നാടക അക്കാദമിയും പുരോഗമന കലാ സാഹിത്യസംഘവും അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്.
വാര്‍ധക്യവും രോഗവും ശരീരത്തെ കീഴടക്കിയപ്പോഴാണ് അരങ്ങൊഴിഞ്ഞ് വീട്ടിൽ വിശ്രമജീവിതത്തിലേക്ക് മാറിയത്. അവിവാഹിതനായ അദ്ദേഹം സഹോദരിയോടൊപ്പമായിരുന്നു താമസിച്ചിരുന്നത്. 11 വര്‍ഷം മുമ്പ് സഹോദരി മരിച്ചപ്പോള്‍ തനിച്ചായി. സാംസ്കാരിക വകുപ്പ് നല്കുന്ന ചെറിയ പെന്ഷന് മാത്രമാണ് ഉപജീവനമാര്‍ഗം.