കൂലിപ്പണിക്കിടയിലും പ്രവീണിന്റെ ലോകം തുള്ളൽ തന്നെ
text_fieldsപ്രവീൺ കുമാർ വിദ്യാർഥിനിയെ ഒരുക്കുന്നതിനിടയിൽ
നാദാപുരം: പഠനകാലത്ത് കലോത്സവങ്ങളിൽ പങ്കെടുക്കാൻ കഴിയാത്തതിന്റെ ദുഃഖം കൂലിപ്പണിക്കാരനായ പ്രവീൺ കുമാർ (48) മാറ്റുന്നത് കുട്ടികളുമായി തുള്ളൽ വേദിയിലെത്തുമ്പോഴാണ്. ഈ വർഷവും പ്രവീണിന്റെ ശിഷ്യ സംസ്ഥാന കലോത്സവ വേദിയിൽ മാറ്റുരക്കാനെത്തിയിരുന്നു.
എടച്ചേരിയിലെ വലിയ പാറോൽ പ്രവീൺ കുമാർ കലാമണ്ഡലം മോഹനകൃഷ്ണന്റെ കീഴിലാണ് തുള്ളൽ പഠിച്ചത്. സ്വന്തമായി തുള്ളൽ പഠിപ്പിക്കാൻ തുടങ്ങിയിട്ട് രണ്ടു പതിറ്റാണ്ടിലേറെയായി. പ്രവീൺ പരിശീലിപ്പിച്ച പത്തോളം വിദ്യാർഥികളാണ് തുള്ളൽ മത്സരത്തിൽ പങ്കെടുത്ത് സംസ്ഥാന കലാമേളയിൽ എ ഗ്രേഡ് നേടിയത്. തുള്ളൽ കോപ്പൊരുക്കുന്നതിൽ നിരവധി പുത്തൻ പരീക്ഷണങ്ങളും പ്രവീൺ നടത്തിയിട്ടുണ്ട്.
ഭാരം കുറഞ്ഞ കിരീടവും ശീതങ്കൻ തുള്ളലിന് ഉപയോഗിക്കുന്ന കുരുത്തോല ആഭരണത്തിനുപകരം ഒരിക്കലും വാടാത്ത പ്ലാസ്റ്റിക്കിന്റെ കൃത്രിമ കുരുത്തോല നിർമിച്ചും പ്രവീൺ ശ്രദ്ധ നേടിയിട്ടുണ്ട്. കച്ച, തോൾപൂട്ട്, ഹസ്തഘടകം, കൊരലാരം തുടങ്ങിയ കോപ്പുകളെല്ലാം സ്വന്തമായുണ്ടാക്കി ഉപയോഗിച്ചാണ് പ്രവീൺ വിദ്യാർഥികളെ മത്സരവേദിയിൽ എത്തിക്കുന്നത്.
ആനച്ചമയങ്ങൾ പുന:സൃഷ്ടിച്ചും തന്റെ കലാചാരുത പ്രവീൺ പ്രകടിപ്പിച്ചിട്ടുണ്ട്. ഓട്ടൻതുള്ളലിലും വഞ്ചിപ്പാട്ട് മത്സരത്തിലും നിരവധി തവണ സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനം നേടിയതിനുപുറമെ പാരമ്പര്യ കലാകാരന്മാരോട് മത്സരിച്ച് തെയ്യം കെട്ടിയാടുന്ന കേരളോത്സവ വേദിയിലും സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനം നേടിയിട്ടുള്ള പ്രവീൺ കൂലിപ്പണിക്കിടയിലാണ് ഇതിനെല്ലാമുള്ള സമയം കണ്ടെത്തുന്നത്.