ചേച്ചിക്ക് മൂന്ന്, അനിയന് രണ്ട്
text_fieldsനിരഞ്ജൻ ശ്രീലക്ഷ്മി മാനസ് മഹേശ്വർ
സിനിമയിലും ജീവിതത്തിലും ഒരുപോലെ മിന്നിത്തിളങ്ങുകയാണ് നിരഞ്ജൻ ശ്രീലക്ഷ്മി. കലോത്സവ വേദിയിൽനിന്നും ഈ മിടുക്കി വീട്ടിലെത്തുന്നത് മൂന്ന് എ ഗ്രേഡുകളുമായാണ്. അനുജൻ മാനസ് മഹേശ്വറിന് ഭരതനാട്യത്തിലും കുച്ചിപ്പുടിയിലും എ ഗ്രേഡ് ലഭിച്ചിട്ടുണ്ട്.
നടൻ ജോജുവിന്റെ മകളായി ‘നായാട്ട്’ എന്ന സിനിമയിൽ അഭിനയിച്ച നിരഞ്ജൻ ശ്രീലക്ഷ്മി അവതരിപ്പിച്ചതാകട്ടെ, കലോത്സവത്തിൽ പങ്കെടുത്ത് ഒന്നാംസ്ഥാനം നേടുന്ന പൊലീസുകാരന്റെ മകളുടെ കഥാപാത്രം. കലോത്സവ വേദിയിൽ വെച്ചുതന്നെയായിരുന്നു മാർട്ടിൻ പ്രക്കാട്ട് നിരഞ്ജനെ കണ്ടെത്തിയത്.
കാഞ്ഞങ്ങാട്ടെ കലോത്സവത്തിൽ ഭരതനാട്യം അവതരിപ്പിച്ച കുട്ടിയെ അന്നുതന്നെ മാർട്ടിൻ തന്റെ പുതിയ സിനിമക്കായി തിരഞ്ഞെടുത്തിരുന്നു. പിന്നീടാണ് 19(1)(എ) എന്ന സിനിമയിൽ അഭിനയിച്ചത്. സിനിമയെക്കുറിച്ച് വലിയ മോഹങ്ങളില്ലാതിരുന്ന സമയത്താണ് മാർട്ടിൻ സിനിമയിലേക്ക് വിളിച്ചത്.
തുടർന്നും അഭിനയിക്കാൻ താൽപര്യമുണ്ടെന്നും നിരഞ്ജൻ പറഞ്ഞു. തൃശൂർ പെരിങ്ങോട്ടുകര ജി.എച്ച്.എസ്.എസ് വിദ്യാർഥിനിയാണ് ശ്രീലക്ഷ്മി.
അധ്യാപകരായ കെ.സി. മഹേഷ്, ശ്രീദേവി ദമ്പതികളുടെ മകളാണ്. സന്തോഷത്തിന്റെ കൊടുമുടിയിലാണ് ഈ അച്ഛനും അമ്മയും തൃശൂരിലേക്ക് മടങ്ങുന്നത്.