അകകാഴ്ചയിൽ കലാമേളം
text_fieldsകാഴ്ച പരിമിതിയുള്ള റംലയും സിദ്ദീഖും വഞ്ചിപ്പാട്ട് ആസ്വദിക്കാനെത്തിയപ്പോൾ
കണ്ണുനിറയെ കൂരിരുട്ടാണ്. എങ്കിലും കലോത്സവത്തിന്റെ എല്ലാ വർണക്കാഴ്ചകളും ഈ കണ്ണുകളിൽ നിറയുന്നുണ്ട്. അവ മനസ്സിലാനന്ദം പകരുന്നുമുണ്ട്. കാഴ്ച പരിമിതിയുള്ള പാലക്കാട്ടെ ഈ ദമ്പതികൾ അകക്കാഴ്ചയിലൂടെയാണ് കൗമാര കലോത്സവം ആസ്വദിച്ചത്.
പാലക്കാട് കൊല്ലങ്കോട് സ്വദേശിയായ സിദ്ദീഖും ആനക്കര സ്വദേശിനിയായ റംലയും രണ്ടുവർഷം മുമ്പാണ് വിവാഹിതരായത്. റംലക്ക് സ്കൂൾ കാലത്ത് കാഴ്ചയുണ്ടായിരുന്നുവെങ്കിലും പിന്നീട് കുറഞ്ഞുകുറഞ്ഞു വരുകയായിരുന്നു.
വിവാഹം കഴിഞ്ഞപ്പോൾതന്നെ ഇരുവരും തീരുമാനിച്ചതാണ് സ്കൂൾ കലോത്സവമടക്കമുള്ള വലിയ കലാമേളകൾക്ക് പോകണമെന്ന്. കലോത്സവം കോഴിക്കോട്ടാണെന്നറിഞ്ഞപ്പോൾതന്നെ പോകാനുള്ള ഒരുക്കങ്ങൾ നടത്തി. എന്നാൽ, കാഴ്ച പരിമിതിയുള്ളതിനാൽ വലിയ ബുദ്ധിമുട്ടാകുമോ എന്നതായിരുന്നു ആശങ്ക.
പിന്നെ ആരെങ്കിലുമൊക്കെ സഹായിക്കും എന്നുറപ്പിച്ചാണ് മേളക്കെത്തിയത്. ആദ്യനാളിൽ നഗരത്തിലെത്തിയ ഇവർ വട്ടപ്പാട്ട്, മാപ്പിളപ്പാട്ട്, ഒപ്പന, മോണോ ആക്ട്, കോൽക്കളി, പരിചമുട്ട്, വഞ്ചിപ്പാട്ട് വേദികളിലെല്ലാം എത്തി. നേരിട്ട് കാണാനാവുന്നില്ലെങ്കിലും എല്ലാം താളം കേട്ട് ആസ്വദിക്കുകയാണ് എന്നായിരുന്നു ഇവരുടെ പ്രതികരണം. റംല തിരുവനന്തപുരം ബീമാപള്ളി ഗവ. യു.പി സ്കൂൾ അധ്യാപികയാണ്.
സിദ്ദീഖ് പള്ളി പരിസരങ്ങളിലും മറ്റും അത്തർ വിൽക്കുകയും ചെയ്യുന്നു. വരും വർഷങ്ങളിലും കലോത്സവ വേദികളിൽ പോകുമെന്നുറപ്പിച്ചാണ് ഇരുവരും കോഴിക്കോട്ടുനിന്ന് മടങ്ങിയത്. കാഴ്ച പരിമിതിയുള്ളവരുടെ സൊസൈറ്റി സംഘടിപ്പിച്ച ചടങ്ങിലാണ് ഇരുവരും പരിചയത്തിലാവുന്നത്.