അഞ്ജലീന ബാബു
text_fieldsദൈവവഴി തെരഞ്ഞെടുത്ത സിസ്റ്റർ ഷാന്‍റി സഹോദരിപുത്രിക്ക് ദൈവവഴി കാട്ടുന്നത് കലയിലൂടെ. ഇടുക്കി മുതലക്കോട് എസ്.എച്ച്.ജി എച്ച്.എസിലെ മ്യൂസിക് ടീച്ചറായ സിസ്റ്റർ ഷാന്റി എഫ്.സി.സിയാണ് കൊച്ചു മകളായ അഞ്ജലീന ബാബുവിനെ കലാലോകത്ത് പ്രതിഷ്ഠിക്കുന്നത്.
സംസ്ഥാന കലോത്സവത്തിൽ മോഹിനിയാട്ടത്തിലും മാർഗം കളിയിലും എ ഗ്രേഡ് നേടി. കുച്ചിപ്പുടിയിൽ അപ്പീലുമായി എത്തിയാണ് മത്സരിച്ചത്. ഒപ്പനയിലും വഞ്ചിപ്പാട്ടിലും നാടോടി നൃത്തത്തിലും കഥാപ്രസംഗത്തിലും തുടർ ദിവസങ്ങളിൽ മത്സരിക്കുന്നുണ്ട്.
കല ദൈവികമാണെന്നും ദൈവം സമ്മാനിക്കാതെ കലയുണ്ടാകില്ലെന്നും സിസ്റ്റർ പറയുന്നു. തുടർച്ചയായി അഞ്ചുതവണ സംസ്ഥാന കലോത്സവത്തിൽ വിവിധയിനങ്ങളിൽ സിസ്റ്റർ ഷാന്റി പത്താം ക്ലാസ് വിദ്യാർഥിനിയായ അഞ്‌ജലീനയെ മത്സരിപ്പിച്ചു. കുട്ടികളെ കഥാപ്രസംഗവും ഹാർമോണിയവും തബലയുമെല്ലാം പഠിപ്പിച്ച് മത്സരത്തിനിറക്കുന്നതും ഈ സംഗീതാധ്യാപികയാണ്.
ഇനി ഒരു വർഷം കൂടിയേ സർവിസുള്ളൂ എന്നതിൽ ചെറിയൊരു സങ്കടമുണ്ട്. ദൈവത്തിലെത്താനുള്ള ഏറ്റവും നല്ല മാർഗം കലയാണെന്ന് സിസ്റ്റർ തറപ്പിച്ചുപറയുന്നു.