സഞ്ജയ്
text_fieldsമാമൂലുകളെയും ആചാരങ്ങളെയും കാറ്റിൽപറത്തി കൂത്ത് പറയാൻ സാമൂതിരിയുടെ നാട്ടിലെത്തിയ ഈ പത്താം ക്ലാസുകാരൻ സഞ്ജയ് ചൊവ്വാഴ്ച കലോത്സവ വേദിയിൽ രചിച്ചത് നവോത്ഥാനചരിത്രം. ഗുരുമുഖത്തുനിന്ന് പഠിച്ചെത്തിയ വിദ്യാർഥികളെ കവച്ചുവെച്ച് കൂത്ത് പറഞ്ഞ് നേടിയത് ഒന്നാം സ്ഥാനത്തോളം പോന്ന എ ഗ്രേഡ്.
സബ്ജില്ല കലോത്സവത്തിൽ സ്കൂളിന് ഒരു പോയന്റെങ്കിലും കിട്ടട്ടേ എന്ന ലക്ഷ്യവുമായാണ് മത്സരിക്കാന്‍ ആളില്ലാതിരുന്ന എച്ച്.എസ് വിഭാഗം ചാക്യാർകൂത്തിലേക്ക് സഞ്ജയിനെ എളേറ്റിൽ എം.ജെ.എച്ച്.എസ്.എസിലെ ഫിസിക്സ് അധ്യാപിക സഫ്നിയ പേര് ചേർത്തത്. ടൈൽസ് പണിക്കാരനായ അച്ഛൻ സന്തോഷിന്റെ വരുമാനം തികയില്ലെന്ന് കണ്ടതോടെയാണ് യൂട്യൂബിനെ ഗുരുവായി വരിച്ചത്.
ഏകദേശം ഒരുമാസം കൊണ്ട് ചാക്യാര്‍കൂത്തിന്റെ അടിസ്ഥാനകാര്യങ്ങള്‍ പഠിച്ചെടുത്തു. രാവണൻ അശോകവനിയിൽ പാർപ്പിച്ച സീതയെ തേടിയെത്തുന്ന ഹനുമാൻ രാമനെക്കുറിച്ച് പറയുന്ന സന്ദർഭമായിരുന്നു തിരഞ്ഞെടുത്തത്. പക്ഷേ, മിഴാവ് കൊട്ടാൻപോലും ആളില്ലാതെ വേദിയിലെത്തിയ സഞ്ജയിനെ വിധികർത്താക്കൾ നിർത്തിപ്പൊരിച്ചു. ഇതോടെ ജില്ലതലത്തിൽ മത്സരിക്കാനുള്ള മനസ്സുണ്ടായില്ല. അപ്പോഴും അധ്യാപകരും അമ്മ സവിതയും കൂടെ നിന്നു. മത്സരത്തിനാവശ്യമായ ചെലവുകൾ സ്കൂൾ ഏറ്റെടുത്തു.
നേരത്തെ ഇതേ സ്കൂളിൽനിന്ന് സംസ്ഥാനതലത്തിൽ ചാക്യാർകൂത്തിൽ മത്സരിച്ച സാബിർ മിനുക്കുപണികൾക്കായെത്തി. പക്ഷേ, അപ്പോഴും വെല്ലുവിളികൾ അവസാനിച്ചില്ല. യൂട്യൂബിൽ നോക്കി ചിട്ടവട്ടങ്ങളില്ലാതെ പഠിച്ച ഒരാൾക്ക് മിഴാവ് കൊട്ടാനില്ലെന്നുപറഞ്ഞ് എല്ലാവരും പിന്മാറി.
വഴികളടഞ്ഞ നിമിഷത്തിൽ സ്കൂളിലെ സംഗീതാധ്യാപകൻ ഇൻസാഫ് പ്രകടനം പകർത്തിയയച്ചു. അങ്ങനെ ജില്ല മത്സരത്തിന് മണിക്കൂറുകൾക്ക് മുമ്പാണ് സഞ്ജയ് ആദ്യമായി മിഴാവ് കാണുന്നത്. ഒടുവിൽ ഫലം വന്നപ്പോൾ എ ഗ്രേഡോടെ ഒന്നാം സ്ഥാനം. സംസ്ഥാനതലത്തിൽ മികച്ച പ്രകടനം നടത്തണമെന്ന ആഗ്രഹവുമായി ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് ചാക്യാർകൂത്തിലെ ഗുരുവര്യന്മാരിലൊരാളായ പൈങ്കുളം നാരായണ ചാക്യാരുടെ മുന്നിലെത്തുന്നത്.