സൂര്യകാന്തി വിടർന്നു; ഇനി തേക്കിൻകാട്ടിൽ കലയുടെ പൂവിരിയും ദിനങ്ങൾ
text_fieldsഎച്ച്.എസ് വിഭാഗം ഓട്ടൻ തുള്ളൽ മത്സരങ്ങൾക്കായി വിദ്യാർഥിയെ ഒരുക്കുന്നു ടി.എച്ച്. ജദീർ
തൃശൂർ: തൃശൂരിൽ പൂത്തുവിടർന്ന കലയുടെ പൂരച്ചന്തം മിഴികളിലാകെ നിറഞ്ഞു. പാണ്ടിമേളത്തുടക്കത്തിൽ ഇലഞ്ഞിത്തറയുടെ മണ്ണിൽ സൂര്യകാന്തി വിടർന്നു. ഇനി കലയുടെ പൂവിതൾ വിരിയും ദിനങ്ങൾ. ബുധനാഴ്ച രാവിലെ ‘സൂര്യകാന്തി’എന്ന് പേരിട്ട തേക്കിൻകാട്ടിലെ ഒന്നാം നമ്പർ വേദിയിൽ ഒരു നിരയിൽ പാറമേക്കാവിന്റെ മേളപ്രമാണി കിഴക്കൂട്ട് അനിയൻ മാരാരും സംഘവും. മറുവശത്ത് തിരുവമ്പാടിയുടെ മേളപ്രമാണി ചെറുശ്ശേരി കുട്ടൻ മാരാരും സംഘവും. പാണ്ടിമേളം കൊട്ടിക്കയറുന്നതിനനുസരിച്ച് കൈകൾ വാനിലുയർന്നു താളമിട്ടു. മേടമാസ ചൂടെത്തും മുന്നേ തേക്കിൻകാട്ടിൽ ഉത്സവാരവമുയർന്നു. 64ാമത് കലോത്സവമായതിനാൽ 64 വർണക്കുടകൾ കുടമാറ്റത്തിൽ അണി നിരന്നു.
രാവിലെ പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ എൻ.എസ്.കെ. ഉമേഷ് പതാക ഉയർത്തി. ചെമ്പുക്കാവ് ഹോളി ഫാമിലി കോൺവെന്റ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികളുടെ ബാൻഡ് സെറ്റ് ഊർജം പകർന്നു. രാവിലെ 10നായിരുന്നു ഉദ്ഘാടനം നിശ്ചയിച്ചിരുന്നത്. പ്രധാനവേദിക്ക് മുന്നിൽ അരങ്ങേറിയ മിനി പൂരം കണ്ട് മുഖ്യമന്ത്രിയും സംഘവും കുറച്ചുനേരം അവിടെ തങ്ങി. പിന്നെ വേദിയിലേക്ക്. കൃത്യം 10.30ന് പരിപാടിക്ക് തുടക്കം.
ഗാനരചയിതാവ് ബി.കെ. ഹരിനാരായണന്റെ വരികൾക്ക് കേരള കലാമണ്ഡലം അണിയിച്ചൊരുക്കിയ അതിസുന്ദര സംഗീത ശിൽപം. ശേഷം രാഷ്ട്രീയവും കുട്ടികൾക്കുള്ള ഉപദേശവും ഒക്കെയായി മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസംഗം. ഇതിനിടെ പരിവാരങ്ങളുമായി കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി സദസിലേക്ക്. അപ്പോഴും കേന്ദ്രത്തിനും സംഘ്പരിവാർ ഭീഷണിക്കും എതിരായ പ്രസംഗം മുഖ്യമന്ത്രി തുടർന്നു. എല്ലാവരുടെയും ഹ്രസ്വ പ്രസംഗങ്ങൾക്കൊടുവിൽ 11.50ഓടെ ഒന്നാം വേദിയിൽ ആദ്യ മത്സരയിനമായ ഹൈസ്കൂൾ വിഭാഗം പെൺകുട്ടികളുടെ മോഹിനിയാട്ടം തുടങ്ങി. ഏഷ്യയിലെ ഏറ്റവും വലിയ കലാമാമാങ്കത്തിന് തിരശ്ശീലയുയർന്നു...


