Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവളാഞ്ചേരിയിൽ ആദ്യം...

വളാഞ്ചേരിയിൽ ആദ്യം എച്ച്.ഐ.വി സ്ഥിരീകരിച്ചത് മലയാളിക്ക്; 10 പേർക്കും രോഗം പകർന്നത് ലഹരി സിറിഞ്ച് ഉപയോഗത്തിലൂടെ

text_fields
bookmark_border
വളാഞ്ചേരിയിൽ ആദ്യം എച്ച്.ഐ.വി സ്ഥിരീകരിച്ചത് മലയാളിക്ക്; 10 പേർക്കും രോഗം പകർന്നത് ലഹരി സിറിഞ്ച് ഉപയോഗത്തിലൂടെ
cancel

മലപ്പുറം: വളാഞ്ചേരിയിൽ എച്ച്.ഐ.വി കണ്ടെത്തിയ ലഹരിസംഘത്തിലെ 10 പേരിൽ ആദ്യം സ്ഥിരീകരിച്ചത് മലയാളിക്ക്. ഏഴു മലയാളികൾക്കും മൂന്ന് ഇതര സംസ്ഥാന തൊഴിലാളികൾക്കുമാണ് ആരോഗ്യവകുപ്പ് പരിശോധനയിൽ രോഗം സ്ഥിരീകരിച്ചത്. സിറിഞ്ച് വഴി ലഹരി ഉപയോഗിക്കുന്നവരാണ് ഇവർ.

ഒരാൾക്ക് രോഗം കണ്ടതോടെ ഇയാളുടെ സംഘാംഗങ്ങളെക്കൂടി പരിശോധിക്കുകയായിരുന്നു. രണ്ടു മാസത്തിനിടയിൽ നടന്ന പരിശോധനയിലാണ് 10 പേർക്ക് എച്ച്.ഐ.വി സ്ഥിരീകരിച്ചതെന്ന് ഡി.എം.ഒ ഡോ. ആർ. രേണുക പറഞ്ഞു. ഒരേ സിറിഞ്ചോ അല്ലെങ്കിൽ ഒരാൾതന്നെ വീണ്ടും ഉപയോഗിക്കുന്ന സിറിഞ്ചിലൂടെയോ ആണ് രോഗം പകർന്നതെന്നാണ് കണ്ടെത്തൽ. 10 പേരും പ്രത്യേക നിരീക്ഷണത്തിലാണ്.

ജില്ലയിലെ മറ്റു ഭാഗങ്ങളിലും സിറിഞ്ച് പങ്കിടുന്നതിലൂടെ രോഗം ബാധിച്ചോയെന്നത് അന്വേഷിക്കുകയാണെന്ന് ഡി.എം.ഒ പറഞ്ഞു. ഡി.എം.ഒയുടെ നേതൃത്വത്തിൽ പ്രത്യേക യോഗം ചേർന്ന് സാഹചര്യങ്ങൾ വിലയിരുത്തി. സിറിഞ്ച് വഴി ലഹരി കുത്തിവെക്കുന്നവർ ധാരാളമുണ്ടെന്നാണ് നിഗമനം. ലഹരിവ്യാപനം വർധിച്ചതോടെ എച്ച്.ഐ.വി വ്യാപനത്തിനും സാധ്യതയേറിയിരിക്കുകയാണ്.

എയ്ഡ്സ് ക​ൺട്രോൾ സൊസൈറ്റിയാണ് ലൈംഗികതൊഴിലാളികൾക്കിടയിലും മറ്റും സ്ക്രീനിങ് നടത്തി രോഗികളെ കണ്ടെത്തുന്നത്. ഇത്തരം രോഗികൾക്ക് കൗൺസലിങ്ങും തുടർചികിൽസയും നൽകുന്നു. ഇപ്രകാരം കണ്ടെത്തിയ രോഗിയിൽനിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് സിറിഞ്ച് പങ്കിട്ട ലഹരി സംഘത്തിനും എച്ച്.ഐ.വിയുണ്ടെന്ന് കണ്ടെത്തിയത്. സംഭവം ആശങ്കയുണ്ടാക്കുന്നതാണെന്ന് മന്ത്രി എം.ബി. രാജേഷ് തിരുവനന്തപുരത്ത് പ്രതികരിച്ചു.

Show Full Article
TAGS:HIV Drug users drug addicts valanchery 
News Summary - 10 drug users sharing syringes found HIV positive at malappuram valanchery HIV case
Next Story