ക്ഷാമബത്തയിൽ 10 ശതമാനം വർധനവ്; നിലവിലെ 25ൽ നിന്ന് 35 ശതമാനമായാണ് വർധിക്കുക
text_fieldsതിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത 10 ശതമാനം വർധിപ്പ് സർക്കാർ ഉത്തരവ്. നിലവിലെ 25ൽ നിന്ന് 35 ശതമാനമായാണ് വർധിക്കുക. പെൻഷൻകാരുടെ ഡി.ആറിലും സമാന വർധനവ് വരും. പുതുക്കിയ നിരക്കിലെ ക്ഷാമബത്ത ഏപ്രിലിൽ വിതരണം ചെയ്യുന്ന മാർച്ചിലെ ശമ്പളത്തോടൊപ്പം ലഭിച്ചുതുടങ്ങും.
പെൻഷൻകാർക്ക് ഏപ്രിലിലെ പെൻഷനോടൊപ്പം പുതുക്കിയ നിരക്ക് ലഭ്യമാകും. 2024 ജനുവരി ഒന്നിന് നൽകേണ്ട മൂന്ന് ശതമാനം, 2024 ജൂലൈ ഒന്നിന് നൽകേണ്ട ഒരു ശതമാനം, 2025 ജനുവരി ഒന്നിന് നൽകേണ്ട രണ്ട് ശതമാനം, 2025 ജൂലൈ ഒന്നിന് നൽകേണ്ട രണ്ട് ശതമാനം എന്നിങ്ങനെയാണ് നാല് ഗഡുക്കളിലെ പത്ത് ശതമാനം വർധിപ്പിച്ചത്.
പൊതുമേഖല സ്ഥാപനങ്ങൾ, സ്വയംഭരണ ബോർഡുകൾ തുടങ്ങിയവക്ക് അവരുടെ സാമ്പത്തിക സ്ഥിതി അനുസരിച്ച് ഭരണസമിതിയുടെ തീരുമാനപ്രകാരം വർധനവ് നടപ്പാക്കാം. തദ്ദേശ സ്ഥാപനങ്ങൾ ഈ അധിക ചെലവ് സ്വന്തം ഫണ്ടിൽനിന്ന് കണ്ടെത്തണം.
ഡി.എ ഇനത്തിൽ അവശേഷിക്കുന്ന ഗഡുക്കൾ ഫെബ്രുവരിയിലും മാർച്ചിലുമായി അനുവദിക്കുമെന്ന് കഴിഞ്ഞ ബജറ്റിൽ ധനമന്ത്രി പ്രഖ്യാപിച്ചിരുന്നു. ഇതേത്തുടർന്ന് ഒരു ഗഡു (രണ്ട് ശതമാനം) കഴിഞ്ഞ മാസം അനുവദിച്ചു.


