Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightശ്വാസംമുട്ടിക്കുന്ന...

ശ്വാസംമുട്ടിക്കുന്ന ഓർമകളിൽ വാഗൺ ട്രാജഡിക്ക് 104 വയസ്സ്

text_fields
bookmark_border
ശ്വാസംമുട്ടിക്കുന്ന ഓർമകളിൽ വാഗൺ ട്രാജഡിക്ക് 104 വയസ്സ്
cancel

പുലാമന്തോൾ: ഇന്ത്യൻ സ്വാതന്ത്ര്യസമര പോരാട്ടങ്ങളില്‍ സമാനതകളില്ലാത്ത ക്രൂരതയുടെ അധ്യായമായ വാഗണ്‍ ട്രാജഡി കൂട്ടക്കൊലക്ക് 104 വയസ്സ്. 1921 നവംബര്‍ 19നായിരുന്നു ആ ദുരന്തം. വേദിയായത് തിരൂരാണെങ്കിലും വാഗണ്‍ ട്രാജഡിയെന്ന് ചരിത്രം വിളിച്ച കൊടുംക്രൂരതയില്‍ ജീവന്‍ ബലി നല്‍കിയവരിൽ പകുതിയിലധികവും പുലാമന്തോൾ പഞ്ചായത്തിലെ കുരുവമ്പലം ഗ്രാമത്തിലുള്ളവരായിരുന്നു. 41 പേരാണ് മഹാ ദുരന്തത്തിൽ ഇവിടെനിന്ന് രക്തസാക്ഷികളായത്.

ബ്രിട്ടീഷുകാര്‍ക്കും ബ്രിട്ടീഷ് ഭരണത്തിനുമെതിരെ നിലകൊണ്ടതിന് പകതീര്‍ക്കാന്‍ വെള്ളക്കാര്‍ വേട്ടയാടിക്കൊണ്ടിരുന്നത് മലബാര്‍ മാപ്പിളമാരെയായിരുന്നു. 1921 നവംബര്‍ 19ന് തിരൂരില്‍നിന്ന് കോയമ്പത്തൂരിലേക്ക് പുറപ്പെട്ട ട്രെയിനിലെ ചരക്ക് വാഗണിലാണ് നൂറോളം മാപ്പിളമാരെ കുത്തിനിറച്ച് യാത്ര ആരംഭിച്ചത്.

വാഗണിലെ എഴുപതോളം പേർ ശ്വാസംമുട്ടി മരിച്ചു. ഈ മരിച്ച 70 പേരില്‍ 41 പേരും കുരുവമ്പലം എന്ന കൊച്ചു ഗ്രാമത്തിലുള്ളവരാണ്. ഇവരില്‍ 35 പേര്‍ കുരുവമ്പലത്തുകാരും ആറുപേർ വളപുരം, ചെമ്മലശ്ശേരി പ്രദേശത്തുള്ളവരുമാണ്. പുലാമന്തോളിലെ പാലം പൊളിച്ചുവെന്നത് ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ ചുമത്തപ്പെട്ടവരാണ് ഇവരുടെ കൂട്ടത്തിലുണ്ടായിരുന്നത്. പള്ളി ദര്‍സ് വിദ്യാര്‍ഥികളായിരുന്നു ഇവരിലധികവും.

നാട്ടിലെ പണ്ഡിതനും പൊതു സ്വീകാര്യനുമായ വളപുരത്തെ കല്ലെത്തൊടി കുഞ്ഞുണ്ണീന്‍ മുസ്‌ലിയാരെ ബ്രിട്ടീഷ് പൊലീസ് അറസ്റ്റ് ചെയ്ത് പെരിന്തല്‍മണ്ണ സബ് ജയിലിലടച്ചിട്ടുണ്ടെന്ന വിവരമറിഞ്ഞ് പുലാമന്തോള്‍ പഞ്ചായത്തിലെ വിവിധ ഭാഗങ്ങളില്‍നിന്ന് ജനങ്ങള്‍ പെരിന്തല്‍മണ്ണയിലേക്ക് പ്രതിഷേധവുമായെത്തി. ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് കുഞ്ഞിണ്ണീന്‍ മുസ്‌ലിയാരെ വിട്ടയക്കുകയും പ്രതിഷേധക്കാരെ മുഴുവന്‍ അറസ്റ്റ് ചെയ്ത് തിരൂരിലേക്ക് കൊണ്ടുപോവുകയുമായിരുന്നു.

ഇവരെയാണ് തിരൂരില്‍നിന്ന് കോയമ്പത്തൂരിലേക്ക് കൊണ്ടുപോവാനായി ഗുഡ്സ് വാഗണില്‍ തിക്കിത്തിരുകി കയറ്റിയിരുന്നത്. വായു സഞ്ചാരമില്ലാത്തതിനാലും തിക്കി നിറച്ചുകൊണ്ടുപോയതിനാലും തടവുകാര്‍ ശ്വാസംകിട്ടാതെ പിടഞ്ഞു. പോത്തന്നൂരില്‍ എത്തിയപ്പോള്‍ 56 പേര്‍ മരിച്ചു. ഈ മൃതദേഹങ്ങള്‍ അതേ വാഗണില്‍ത്തന്നെ തിരൂരിലേക്ക് തിരിച്ചയച്ചു. തിരൂരിലെ കോരങ്ങത്ത് പള്ളിയിലും ജുമുഅത്ത് പള്ളിയിലും മുത്തൂര്‍കുന്നിലുമായാണ് മൃതദേഹങ്ങള്‍ ഖബറടക്കിയത്.

ഈ നടുക്കുന്ന ഓർമകൾ പുതുതലമുറക്ക് കൈമാറുന്നതിനായി വാഗൺ ട്രാജഡി രക്തസാക്ഷികളുടെ കുടുംബം കുരുവമ്പലത്ത് വെള്ളിയാഴ്ച സംഗമിക്കുന്നു. കുരുവമ്പലം വാഗൺ ട്രാജഡി സ്മാരക സമിതി സംഘടിപ്പിക്കുന്ന വാർഷികദിനാചരണം വൈകീട്ട് ആറിന് കുരുവമ്പലം വാഗൺ ട്രാജഡി സ്മാരക മന്ദിര പരിസരത്ത് നടക്കും. നജീബ് കാന്തപുരം എം.എൽ.എ ഉദ്ഘാടനം ചെയ്യും.

മഞ്ചേരി എൻ.എസ് കോളജ് ചരിത്ര വിഭാഗം അസി. പ്രഫസർ ഡോ. ഹരിപ്രിയ, മലപ്പുറം ഗവ. കോളജ് ഇസ്‍ലാമിക് ചരിത്ര വിഭാഗം അസി. പ്രഫസർ ഡോ. പി. സക്കീർ ഹുസൈൻ എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തും. സ്മാരക സമിതി ചെയർമാൻ സലീം കുരുവമ്പലം അധ്യക്ഷത വഹിക്കും. ഭാരവാഹികളായ സലാം മാസ്റ്റർ പൂമംഗലം, ഡോ. വി. ഹുസൈൻ, ഡോ. അലി നൗഫൽ എന്നിവർ സംസാരിക്കും.

Show Full Article
TAGS:Wagon Tragedy Malabar Rebellion 1921 Martyrs Malappuram News Kerala News 
News Summary - 104th anniversary of the tragic Wagon Tragedy
Next Story