Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right12 ശതമാനം തദ്ദേശ...

12 ശതമാനം തദ്ദേശ വാർഡുകൾ ജലക്ഷാമ ഹോട്ട് സ്പോട്ടുകൾ; മഴയിലും താപനിലയിലും ഉണ്ടാകുന്ന ഏറ്റക്കുറച്ചിലുകൾ വെല്ലുവിളി

text_fields
bookmark_border
12 ശതമാനം തദ്ദേശ വാർഡുകൾ ജലക്ഷാമ ഹോട്ട് സ്പോട്ടുകൾ; മഴയിലും താപനിലയിലും ഉണ്ടാകുന്ന ഏറ്റക്കുറച്ചിലുകൾ വെല്ലുവിളി
cancel

തൊടുപുഴ: സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങൾക്ക് കീഴിലുള്ള 12.08 ശതമാനം വാർഡുകളും ജലക്ഷാമം രൂക്ഷമായ ഗാർഹിക ഹോട്ട് സ്പോട്ടുകളെന്ന് പഠനം. കേരളത്തിലെ ശാസ്ത്ര സാങ്കേതിക കൗൺസിലിന് കീഴിലെ ജലവിഭവ വികസന വിനിയോഗ കേന്ദ്രത്തിന്‍റെ പഠനത്തിലാണ് ഇത്രയധികം വാർഡുകളിൽ ജലക്ഷാമം രൂക്ഷമായി കണക്കാക്കുന്നത്. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ വരൾച്ച റിപ്പോർട്ട്, ജില്ല കലക്ടർ ഓഫിസുകളിൽ നിന്ന് ലഭിച്ച ഡേറ്റ എന്നിവ ഉപയോഗിച്ച് പഠനം നടത്തിയും പഞ്ചായത്ത്, ഗാർഹിക തലത്തിൽ സർവേകളും ഫീൽഡ് വെരിഫിക്കേഷനും നടത്തിയുമാണ് വാർഡുകളുടെ കണക്ക് ശേഖരിച്ചത്. ഗാർഹിക ജലക്ഷാമത്തിന്റെ തീവ്രത വിവിധ ജില്ലകൾക്കിടയിൽ ഗണ്യമായി വ്യത്യാസപ്പെടുന്നുണ്ടെന്നാണ് പഠനം ചൂണ്ടിക്കാട്ടുന്നത്.

ഉയർന്നത്, മിതമായത്, കുറഞ്ഞത് എന്നിങ്ങനെ തരംതിരിക്കുമ്പോൾ കാസർകോടാണ് ഉയർന്ന ജലക്ഷാമ സാധ്യതയിൽ മുന്നിൽ (24.74%) തിരുവനന്തപുരം -22.01%, പത്തനംതിട്ട -20.72, കോഴിക്കോട് -20.48 എന്നിവ ഇതിൽ പെടും. മലപ്പുറം (14.84%) ഇടുക്കി (10.60) ആലപ്പുഴ- (10.41) കണ്ണൂർ -(9.60) എന്നിവ മിതമായതിലും എറണാകുളം (5.28%), കോട്ടയം -(4.29) എന്നിവ കുറഞ്ഞ ജലക്ഷാമ സാധ്യതയുള്ള ജില്ലകളുടെ പട്ടികയിലും വരും. ഭൂജല നിരപ്പിൽ ഉണ്ടാകുന്ന കുറവ് പരിഗണിച്ച് കേരളത്തിൽ മൂന്ന് ബ്ലോക്കുകൾ ക്രിട്ടിക്കലായും 30 ബ്ലോക്കുകൾ സെമി ക്രിട്ടിക്കലായും കേന്ദ്ര ഭൂഗർഗ ജല ബോർഡ് കണ്ടെത്തിയിട്ടുണ്ട്.

പാലക്കാട് ജില്ലയിലെ ചിറ്റൂർ, മലമ്പുഴ, ബ്ലോക്കുകളും കാസർകോട് ബ്ലോക്കും ജലക്ഷാമത്തിന് അതീവ സാധ്യതയുള്ള പ്രദേശങ്ങളാണ്. കാലാവസ്ഥാ വ്യതിയാനം മഴയിലും താപനിലയിലും ഉണ്ടാകുന്ന ഏറ്റക്കുറച്ചിലുകൾ കേരളത്തിൽ അപകടകരമാം വിധം വർധിച്ചതായും പഠനം ചൂണ്ടിക്കാട്ടുന്നു. എല്ലാ ജില്ലകളിലെയും ചില ഭാഗങ്ങളിൽ പ്രത്യേകിച്ച് വേനൽക്കാലങ്ങളിൽ കടുത്ത ജലക്ഷാമം അനുഭവപ്പെടുന്നുണ്ട്. തുറന്ന കിണറുകൾ, കുഴൽക്കിണറുകൾ, നദികൾ, പൊതു ജലവിതരണം തുടങ്ങിയ പ്രധാന ജലസ്രോതസ്സുകൾ അമിത ജലചൂഷണം, അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത എന്നിവ കാരണം ജലലഭ്യതയുടെ കാര്യത്തിൽ വിശ്വസനീയമല്ലാതായിട്ടുണ്ട്. കേന്ദ്ര ഭൂജല ബോർഡിന്‍റെ 2024ലെ ഭൂഗർഭ ജല വിലയിരുത്തൽ റിപ്പോർട്ട് പ്രകാരം കേരളത്തിലെ മൊത്തം വാർഷിക ഭൂഗർഭ ജല ലഭ്യത 567 കോടി ക്യുബിക് മീറ്ററാണ്.

ഇതിൽ പ്രകൃതിദത്ത ഒഴുക്ക് മാറ്റിവെച്ച ശേഷം ഉപയോഗ യോഗ്യമായ ജല സമ്പത്ത് 5.13 ബി.സി.എമ്മും നിലവിലെ വാർഷിക ഉപയോഗം 2.76 ബി.സി.എമ്മുമാണ്. സംസ്ഥാന തലത്തിൽ 53.78 ശതമാനം ഭൂഗർഭ ജല ഉപയോഗമാണ് നടക്കുന്നതെന്നാണ് കണക്കുകൾ. നിലവിൽ സുരക്ഷിത പരിധിയിൽ നിൽക്കുമ്പോഴും പ്രാദേശികമായി ഗൗരവമേറിയ ക്ഷാമ മേഖലകൾ നിലവിലുണ്ടെന്നും മേൽ കണക്കുകൾ ചൂണ്ടിക്കാട്ടുന്നു. കാലാവസ്ഥ വ്യതിയാനം, ഭൂവിനിയോഗ മാറ്റം, വർധിച്ച ജല ഉപയോഗം ഇവ ഒത്തുചേർന്നാൽ ഭാവിയിൽ വലിയ ജലക്ഷാമത്തിലേക്ക് നയിക്കാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ലെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

Show Full Article
TAGS:water Hotspots Rainfall temperature 
News Summary - 12% of Local Wards Identified as Water Scarcity Hotspots; Fluctuations in Rainfall and Temperature Pose Challenges
Next Story