ബസ് തിട്ടയിലിടിച്ചു, ഓടുന്ന ലോറിക്ക് തീപിടിച്ചു, കാർ കുഴിയിൽ മറിഞ്ഞു; ശബരിമല റോഡിൽ മൂന്ന് അപകടങ്ങളിൽ 13 തീർഥാടകർക്ക് പരിക്ക്
text_fieldsശബരിമല: എരുമേലി -പമ്പ, പത്തനംതിട്ട -പമ്പ റോഡുകളിൽ വിവിധ സ്ഥലങ്ങളിൽ നടന്ന മൂന്ന് അപകടങ്ങളിൽ 13 ശബരിമല തീർഥാടകർക്ക് പരിക്ക്. എരുമേലി - പമ്പ റോഡിലെ ഇലവുങ്കലിൽ തീർഥാടകർ സഞ്ചരിച്ച മിനി ബസ് തിട്ടയിലേയ്‌ക്ക് ഇടിച്ചുകയറി 10 പേർക്കാണ് പരിക്കേറ്റത്. തിങ്കൾ രാവിലെ 10ന് ഇലവുങ്കൽ – എരുമേലി പാതയിൽ രണ്ടാമത്തെ ഹെയർപിൻ വളവിലാണ് അപകടം.
ദർശനം കഴിഞ്ഞ് മടങ്ങിയ തീർഥാടകർ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപ്പെട്ടത്. ബസ്സിലുണ്ടായിരുന്ന തമിഴ്‌നാട് സ്വദേശികളായ ശിവ (32), ദിനകരൻ (24), പ്രഭാകരൻ (32), അയ്യപ്പൻ ഹരിദോസ് (32), മുരുകവേൽ (42), വിജയകുമാർ (46), ജ്യോതിബസു (29), ജീവ (38), രഞ്ജിത് (30), ജോർജ് (50) എന്നിവർക്കാണ് പരിക്ക്. ഇതിൽ സാരമായി പരിക്കേറ്റവരെ കോന്നി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പത്തനംതിട്ട– പമ്പ പാതയിൽ വിളക്കുവഞ്ചി ഭാഗത്താണ് ഓടിക്കൊണ്ടിരുന്ന മിനി ലോറിക്ക് തീപിടിച്ചത്. തിങ്കളാഴ്ച രാവിലെ 11 മണിയോടെ പമ്പയിലേക്ക് സാധനങ്ങളുമായി എത്തിയ ലോറിക്കാണ് തീ പിടിച്ചത്. അഗ്നിരക്ഷാ സേന എത്തി തീ അണച്ചു. വാഹനത്തിന്റെ ഇന്ധന ടാങ്കിന്റെ ഭാഗത്ത് നിന്ന് തീ ഉയരുന്നത് നാട്ടുകാരാണ് കണ്ടത്. റോഡരികിൽ നിന്നവർ വിളിച്ചു പറഞ്ഞതോടെ വാഹനം നിർത്തി ഡ്രൈവർ പുറത്തിറങ്ങി. ആർക്കും പരിക്കില്ല.
പത്തനംതിട്ട - പമ്പ റോഡിലെ അട്ടത്തോട്ടിൽ കാർ കുഴിയിലേക്ക് മറിഞ്ഞ് മൂന്ന് പേർക്കാണ് പരിക്കേറ്റത്. ദർശനം കഴിഞ്ഞ് മടങ്ങിയ തീർഥാടകർ സഞ്ചരിച്ച കാർ ഇന്ന് രാവിലെ 11.30ന് അപകടത്തിൽപെടുകയായിരുന്നു. തമിഴ്‌നാട് തിരിപ്പൂർ സ്വദേശി ഹരീഷ് (27), ശിവകുമാർ (28), തരുൺ (24) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.