കാട്ടുപന്നിയെ രക്ഷിക്കുന്നതിനിടെ ടെമ്പോ ട്രാവലർ മരത്തിലിടിച്ച് 15 പേർക്ക് പരിക്ക്
text_fieldsഎരുമപ്പെട്ടി (തൃശൂർ): റോഡിന് കുറുകെ ഓടിയ കാട്ടുപന്നിയെ രക്ഷിക്കുന്നതിനിടെ നിയന്ത്രണം വിട്ട ടെമ്പോട്രാവലർ വാൻ മരത്തിലിടിച്ച് കുട്ടികളടക്കം 15 യാത്രക്കാർക്ക് പരിക്കേറ്റു. പാലക്കാട് സ്വദേശികളായ രഞ്ജിത്ത് (49), അശ്വിൻ (12), നേത്ര (എട്ട്), ബാലസുബ്രഹ്മണ്യൻ (55), കണ്ണൻ (45), അനുശ്രീ (10), സുവർണ (51), സുകുമാരി (44), ലത (44), വിനോദ് (55), സുമതി (63), ഭാഗ്യവ് (17), ദീപ്ത (24), ഭരത് (17), രത്നകുമാർ (37) എന്നിവർക്കാണ് പരിക്കേറ്റത്.
എരുമപ്പെട്ടിയിൽ നിന്നും വടക്കാഞ്ചേരിയിൽ നിന്നും എത്തിയ ആക്ട്സ് ആംബുലൻസ് പ്രവർത്തകർ ഇവരെ വടക്കാഞ്ചേരി ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുരുതരുമായി പരിക്കേറ്റ സുവർണ, ബാലസുബ്രഹ്മണ്യൻ, രഞ്ജിത്ത്, വിനോദ്, സുകുമാരി എന്നിവരെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വടക്കാഞ്ചേരി-കുന്നംകുളം സംസ്ഥാനപാതയിലെ കുണ്ടന്നൂർ മുട്ടിക്കലിൽ കള്ളുഷാപ്പിന് സമീപം ഞായറാഴ്ച പുലർച്ച 1.30നാണ് അപകടം. പാലക്കാട്ട് നിന്ന് വരികയായിരുന്ന ടെമ്പോ ട്രാവലറിന് മുന്നിലൂടെ അപ്രതീക്ഷിതമായി ഓടിയ കാട്ടുപന്നിയെ ഇടിക്കാതിരക്കാൻ ശ്രമിച്ചപ്പോഴാണ് അപകടമുണ്ടായത്. റോഡരികിൽ താൽക്കാലികമായി കെട്ടിയുണ്ടാക്കിയ ലോട്ടറി കട തകർത്താണ് സമീപത്തെ തണൽ മരത്തിലിടിച്ചത്. ഇടിയുടെ ആഘാതത്തിൽ വാഹനത്തിന്റെ മുൻവശം തകർന്നു.
കുണ്ടന്നൂർ മുട്ടിക്കലിൽ ഞായറാഴ്ച പുലർച്ച ടെമ്പോട്രാവലർ മരത്തിലിടിച്ചുണ്ടായ അപകടം


