സർക്കാർജോലിക്ക് വ്യാജ അഡ്വൈസ് മെമ്മോയും ഇന്‍റർവ്യൂ ലെറ്ററും നൽകി 16 ലക്ഷം തട്ടി; ബി.ജെ.പി സംസ്ഥാന കമ്മിറ്റി അംഗം രണ്ടാംപ്രതി
text_fieldsവാഗമൺ: സർക്കാർ ജോലിക്ക് വ്യാജ അഡ്വൈസ് മെമ്മോയും ഇന്റർവ്യൂ കാർഡും നൽകി ഏലപ്പാറ ബൊണാമി സ്വദേശിയിൽനിന്ന് 16 ലക്ഷം രൂപ തട്ടിയെടുത്തു. 2024ലാണ് സംഭവത്തിന് തുടക്കം. ടാക്സി വാഹനം ഓടിക്കുന്ന ബൊണാമി വാരത്ത് കരോട്ട് വീട്ടിൽ ബെന്നിയാണ് തട്ടിപ്പിനിരയായത്. ഇയാളുടെ മകൻ അഖിലിന് ഇടുക്കി ആയുർവേദ കോളജിൽ ആയുർവേദ തെറാപ്പിസ്റ്റായി ജോലി വാഗ്ദാനംചെയ്താണ് തട്ടിപ്പാരംഭിച്ചത്.
ബെന്നിയുടെ വാഹനത്തിൽ യാത്രചെയ്യുന്നതിനിടെ പരിചയപ്പെട്ട തിരുവനന്തപുരം സ്വദേശി രാജേഷാണ് തട്ടിപ്പിന് തുടക്കമിട്ടത്. പി.എസ്.സി ഓഫിസിൽ സ്വാധീനമുണ്ടെന്നും പി.എസ്.സി ജീവനക്കാർക്ക് ഒഴിവുകളിൽ അഞ്ച് ശതമാനം നിയമനസംവരണം ഉണ്ടെന്നും ഇയാൾ വിശ്വസിപ്പിച്ചു. തുടർന്ന് മകന് ഇടുക്കിയിൽ ജോലി വാഗ്ദാനംചെയ്ത് അഞ്ചുലക്ഷം രൂപ വാങ്ങി. മുമ്പ് എഴുതിയ പരീക്ഷയിൽ ഏതാനും മാസത്തിനുശേഷം അഡ്വൈസ് മെമ്മോയും ലഭിച്ചു. എന്നാൽ, നിയമനം വൈകുമെന്നും വിശ്വസിപ്പിച്ചു. ഇതിനിടെ ബെന്നിയുടെ സഹോദരഭാര്യക്ക് തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയിൽ നഴ്സായി ജോലി നൽകാമെന്നും അറിയിച്ചു. ഇതോടെ ബെന്നി ജീപ്പ് വിൽക്കുകയും സ്വർണവും മറ്റും വിറ്റ് ബാങ്ക് വഴിയും രൊക്കമായും 16 ലക്ഷം രൂപയോളം കൈമാറി.
നഴ്സ് ജോലിക്ക് ഇന്റർവ്യൂ ലെറ്റർ ലഭിച്ച് തിരുവനന്തപുരത്ത് ഇവർ അഭിമുഖത്തിന് എത്തിയപ്പോഴാണ് വ്യാജ ലെറ്ററാണ് ലഭിച്ചതെന്ന് മനസ്സിലായത്. തട്ടിപ്പ് മനസ്സിലാക്കിയ ബെന്നി പണം തിരികെ ആവശ്യപ്പെട്ടു. പണം മടക്കിനൽകാമെന്ന് അറിയിച്ചതിനാൽ ഇവർ പൊലീസിൽ പരാതി നൽകിയില്ല. എന്നാൽ, പിന്നീട് പണം നൽകിയില്ല. പിന്നാലെ രാജേഷിന്റെ ഫോണും സ്വിച്ച് ഓഫായി. ഇതേതുടർന്ന് ബെന്നി വാഗമൺ പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. പരാതിയെത്തുടർന്ന് തിരുവനന്തപുരം സ്വദേശി രാജേഷിനെ ഒന്നാം പ്രതിയായെടുത്ത കേസിൽ ബി.ജെ.പി സംസ്ഥാന കമ്മിറ്റി അംഗം ബെന്നി പെരുവന്താനം രണ്ടാംപ്രതിയാണ്.
തിരുവനന്തപുരം സ്വദേശി അഗസ്റ്റിൻ മൂന്നാംപ്രതിയും വണ്ടിപ്പെരിയാർ സ്വദേശി ഫൈസൽ നാലാംപ്രതിയുമായി പൊലീസ് കേസ് രജിസ്റ്റർചെയ്തു. സംഭവത്തിൽ കൂടുതൽപേർ ഉൾപ്പെട്ടിട്ടുണ്ടോയെന്നതടക്കം പൊലീസ് അന്വേഷിക്കുന്നുണ്ട്. വ്യാജരേഖകൾ നിർമിച്ചതിന്റെ ഉറവിടമടക്കം അന്വേഷണത്തിൽ ഉൾപ്പെടുന്നുണ്ട്.


