17കാരൻ മണ്ണുമാന്തിയും ടിപ്പറും ഓടിക്കുന്ന വിഡിയോ റീൽസാക്കി; വാഹന ഉടമക്ക് 10000 രൂപ പിഴയിട്ട് മോട്ടോർ വാഹന വകുപ്പ്
text_fieldsതിരുവല്ല: 17കാരൻ മണ്ണുമാന്തിയും ടിപ്പറും ഓടിക്കുന്ന വിഡിയോ റീൽസാക്കി ഇൻസ്റ്റഗ്രാമിൽ ഇട്ടു. പിന്നാലെ വാഹന ഉടമക്ക് 10000 രൂപ പിഴയിട്ട് മോട്ടോർ വാഹന വകുപ്പ്. തിരുവല്ല കവിയൂർ പടിഞ്ഞാറ്റിശ്ശേരി കാട്ടാശ്ശേരിൽ വീട്ടിൽ കുഞ്ഞുമോന് എതിരെയാണ് മോട്ടോർ വാഹന വകുപ്പിന്റെ നടപടി. കുറ്റൂരിൽ മണ്ണെടുപ്പ് നടക്കുന്ന സ്ഥലത്ത് വച്ചാണ് ഉടമയുടെ അനുവാദത്തോടെ 17കാരൻ വാഹനങ്ങൾ ഓടിച്ചത്.
17കാരൻ ഉപദ്രവിച്ചു എന്ന് കാട്ടി കുറ്റപ്പുഴ സ്വദേശിയായ പ്ലസ് ടു വിദ്യാർഥി ഇക്കഴിഞ്ഞ 12ന് തിരുവല്ല പൊലീസിൽ നൽകിയ പരാതിക്ക് പിന്നാലെയാണ് റീൽസ് കഥ പുറത്തുവന്നത്. തുടർന്ന് വിഡിയോ പരിശോധിച്ച പൊലീസ് റിപ്പോർട്ട് തയാറാക്കി മോട്ടോർ വാഹന വകുപ്പിന് കൈമാറുകയായിരുന്നു.
10000 രൂപ പിഴ കൂടാതെ താലൂക്ക് ആശുപത്രിയിൽ മൂന്ന് ദിവസത്തെ സാമൂഹിക സേവനവും ശിക്ഷാ നടപടിയുടെ ഭാഗമായി മോട്ടോർ വാഹന വകുപ്പ് വാഹനങ്ങളുടെ ഉടക്ക് നൽകിയിട്ടുണ്ട്.