അണലി കടിച്ചത് അറിഞ്ഞില്ല, ഒന്നാം ക്ലാസ് വിദ്യാർഥിനി മരിച്ചു
text_fieldsവാടാനപ്പള്ളി (തൃശൂർ): പാമ്പിന്റെ കടിയേറ്റ് ഒന്നാം ക്ലാസ് വിദ്യാർഥിനി മരിച്ചു. ഇടശ്ശേരി സി.എസ്.എം സെൻട്രൽ സ്കൂളിന് കിഴക്ക് പുളിയംതുരുത്ത് വാടകക്കു താമസിക്കുന്ന തച്ചാട് നന്ദുവിന്റെ മൂത്ത മകൾ അനാമിക (ആറ്) ആണ് മരിച്ചത്. പത്താംകല്ല് സി.എം.എസ് യു.പി സ്കൂളിലെ വിദ്യാർഥിനിയാണ്.
ബുധനാഴ്ച പ്രയാസങ്ങൾ നേരിട്ടതോടെ ചാവക്കാട് താലൂക്ക് ആശുപത്രിയിൽ കൊണ്ടുപോയി ചികിത്സ നേടിയിരുന്നു. ഭേദമായതോടെ വീട്ടിൽ കൊണ്ടുവന്നു. വ്യാഴാഴ്ച രാവിലെ ക്ഷീണിതയായതോടെ വീണ്ടും ആശുപത്രിയിൽ കൊണ്ടുപോയി. നില മോശമായതോടെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ കൊണ്ടുപോയി പരിശോധിച്ചപ്പോഴാണ് അണലിയുടെ വിഷം രക്തത്തിൽ കലർന്നതായി തെളിഞ്ഞത്.
ഉടൻ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും വൃക്കയുടെ പ്രവർത്തനം നിലച്ചിരുന്നു. വീട്ടിലോ മുറ്റത്തോ വെച്ച് പാമ്പ് കടിച്ചതാകാമെന്നാണ് നിഗമനം. പാമ്പ് കടിച്ചത് അറിയാതിരുന്നതാണ് ചികിത്സ വൈകാൻ കാരണമായത്.
കാലിലോ ശരീരത്തിൽ മറ്റെവിടെയോ പാമ്പ് കടിച്ച ലക്ഷണമൊന്നും കാണാൻ കഴിഞ്ഞില്ല. ഇവർ താമസിക്കുന്ന ഷെഡ് കെട്ടിയ വീടിന് ചുറ്റും പൊന്തക്കാടാണ്. പതിവായി വീട്ടുപരിസരത്ത് അണലിയെ കാണാറുണ്ട്. ഏങ്ങണ്ടിയൂർ പുളിഞ്ചോട് താമസിച്ചിരുന്ന നിർധന കുടുംബം നാലു മാസം മുമ്പാണ് പുളിയംതുരുത്തിൽ വാടകക്ക് താമസം തുടങ്ങിയത്. മാതാവ്: ലക്ഷ്മി. സഹോദരങ്ങൾ: ശ്രിഗ, അദ്വിത്.