ഇടുക്കിയിൽ മണ്ണിടിഞ്ഞ് രണ്ടുപേർക്ക് ദാരുണാന്ത്യം
text_fieldsഇടുക്കി ചിത്തിരപുരത്ത് റിസോർട്ട് നിർമാണത്തിനിടെ ഇടിഞ്ഞുവീണ മണ്ണിനടിയിൽപെട്ടവർക്കായി തിരച്ചിൽ നടത്തുന്നു
അടിമാലി: അനധികൃത റിസോര്‍ട്ടിന്റെ സംരക്ഷണഭിത്തി നിര്‍മാണത്തിനിടെ മണ്ണിടിഞ്ഞ് രണ്ട് തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം. ബൈസണ്‍വാലി ഈന്തുംതോട്ടത്തില്‍ ബെന്നി (49), ആനച്ചാല്‍ കുഴിക്കാട്ടുമറ്റം രാജീവ് (കണ്ണന് -40) എന്നിവരാണ് മരിച്ചത്.
ബുധനാഴ്ച വൈകീട്ട് 3.30നാണ് സംഭവം. ആനച്ചാൽ കെ.എസ്.ഇ.ബി ഓഫിസിന് സമീപമുള്ള സ്വകാര്യ റിസോര്‍ട്ടിന്റെ സംരക്ഷണഭിത്തി നിര്‍മിക്കാൻ മണ്ണ് മാറ്റുന്നതിനിടയില്‍ തൊഴിലാളികളുടെ മുകളിലേക്ക് മണ്ണ് വീഴുകയായിരുന്നു.
20 മീറ്ററിലേറെ ഉയരത്തില്‍നിന്നാണ് മണ്ണ് വീണത്. കനത്ത മഴയാണ് മണ്ണ് ഇടിയാൻ കാരണം. അടിമാലി, മൂന്നാര്‍ അഗ്നിരക്ഷാസേന യൂനിറ്റുകളും പൊലീസും എത്തി ജെ.സി.ബി ഉപയോഗിച്ച് ഒരുമണിക്കൂറോളം പരിശ്രമിച്ചാണ് തൊഴിലാളികളെ പുറത്തെടുത്തത്. പുറത്തെടുക്കുംമുമ്പ് തന്നെ ഇരുവരും മരിച്ചിരുന്നു.
ചിത്തിരപുരം തട്ടാത്തിമുക്കിന് സമീപം പ്രവര്‍ത്തിക്കുന്ന റിസോര്‍ട്ടിന്റെ പിന്‍ഭാഗത്തുള്ള മണ്‍ഭാഗം മാറ്റി നടത്തിയ നിര്‍മാണമാണ് ദുരന്തത്തിന് കാരണമായത്. റിസോര്‍ട്ട് നിര്‍മിച്ചപ്പോള്‍ അനധികൃതമെന്ന് കണ്ട് റവന്യൂ വകുപ്പ് സ്റ്റോപ് മെമ്മോ നല്‍കിയിരുന്നു. പള്ളിവാസല്‍ പഞ്ചായത്തും നിരോധന ഉത്തരവ് നല്‍കിയിരുന്നു.
എന്നാല്‍, സ്റ്റോപ് മെമ്മോകള്‍ അവഗണിച്ചാണ് റിസോര്‍ട്ട് നിര്‍മാണം നടത്തിയത്. രാജീവ് അവിവാഹിതനാണ്. പരേതനായ രാജനാണ് രാജീവിന്റെ പിതാവ്. മാതാവ്: സോദരി. സഹോദരങ്ങള്‍: രാജി, രാജേഷ്, അജി. ബെന്നി വിവാഹിതനാണ്.