2018 പ്രളയം: കൃഷ്ണൻകുട്ടിക്കും മാത്യു ടി. തോമസിനും എതിരെ പരാതി
text_fieldsകൊച്ചി: 2018ലെ പ്രളയം സർക്കാറിന്റെ സൃഷ്ടിയാണെന്ന് ചൂണ്ടിക്കാട്ടി, ഉത്തരവാദികളായ അന്നത്തെ മന്ത്രിമാരായ കെ. കൃഷ്ണൻകുട്ടി, മാത്യു ടി. തോമസ് തുടങ്ങിയവർക്കെതിരെ കേസെടുക്കാൻ ഡി.ജി.പിക്ക് പരാതി. ബോധപൂർവമായ നിഷ്ക്രിയത്വം, അഴിമതി, ക്രിമിനൽ ഗൂഢാലോചന എന്നിവ ഇവർ നടത്തിയെന്ന് പരാതിയിൽ ആരോപിക്കുന്നു. മേരിമാത കൺസ്ട്രക്ഷൻസ്, അന്നത്തെ വാട്ടർ അതോറിറ്റി ചീഫ് എൻജിനീയർ ജോഷി എന്നിവരെയും പ്രതികളാക്കണമെന്ന് ബി.ജെ.പി സംസ്ഥാന വക്താവ് പാലോട് സന്തോഷ് നൽകിയ പരാതിയിൽ ആവശ്യപ്പെട്ടു.
സാമ്പത്തിക ലാഭത്തിന് മന്ത്രി മാത്യു ടി. തോമസും കരാറുകാരും ചേർന്ന് ക്രിമിനൽ ഗൂഢാലോചന നടത്തിയെന്നും ഇക്കാര്യങ്ങൾ മന്ത്രി കൃഷ്ണൻകുട്ടി മറച്ചുവെച്ചെന്നും പരാതിയിൽ പറയുന്നു. ഡാം മാനേജ്മെന്റ് അതോറിറ്റികൾ ചട്ടങ്ങൾ ലംഘിച്ചതായും ചൂണ്ടിക്കാട്ടി. ധാതുമണൽ ഒഴുകിപോകാതിരിക്കാൻ ഡാം തുറക്കുന്നത് വൈകിപ്പിച്ചതിലൂടെ മേരിമാത കൺസ്ട്രക്ഷൻസ് കമ്പനിക്ക് 3,000 കോടിയുടെ ലാഭമുണ്ടായി. അതിൽ 300 കോടി മാത്യു ടി. തോമസിന് ലഭിച്ചെന്നാണ് കെ. കൃഷ്ണൻകുട്ടിയുടെ ശബ്ദരേഖയിൽനിന്ന് വ്യക്തമാകുന്നതെന്നും പരാതിയിൽ പറഞ്ഞു.


