2020ലെ ഉരുൾപൊട്ടൽ; വീട് നഷ്ടപ്പെട്ട കുടുംബത്തിന് ഇനിയും വീടായില്ല
text_fieldsമേപ്പാടി: 2020 ആഗസ്റ്റ് ഏഴിന് മേപ്പാടി മുണ്ടക്കൈയിലുണ്ടായ ഉരുൾപൊട്ടലിൽ വീട് നഷ്ടമായ കുടുംബത്തിന് വർഷങ്ങൾക്കിപ്പുറവും വീടായില്ല. പുഞ്ചിരിമട്ടത്തെ അഞ്ചു സെന്റ് സ്ഥലവും ബാങ്ക് വായ്പയെടുത്ത് നിർമിച്ച വീടും തകർന്നതിന്റെ ആഘാതത്തിലാണ് മുണ്ടക്കൈ സ്വദേശി മുടക്കയിൽ സുകുമാരന്റെ കുടുംബം.
താമസിക്കാൻ വീട് ഇല്ലാത്തതിനാൽ അഞ്ചു വർഷത്തിനിപ്പുറവും വാടക വീട്ടിലാണിവർ കഴിയുന്നത്. 2019 ആഗസ്റ്റ് എട്ടിനായിരുന്നു പുത്തുമല ഉരുൾ ദുരന്തം. അതുകഴിഞ്ഞ് കൃത്യം ഒരു വർഷം തികയുന്നതിന്റെ തലേ ദിവസം അതായത് 2020 ആഗസ്റ്റ് ഏഴിന് മുണ്ടക്കൈ മലമുകളിൽ ഉരുൾപൊട്ടലുണ്ടായി. പുഞ്ചിരി മട്ടത്തെ മുടക്കായിൽ സുകുമാരന്റെതടക്കം മൂന്നു വീടുകൾ ഉരുൾപൊട്ടലിൽ പൂർണമായും തകരുകയും നിരവധി വീടുകൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. പുഞ്ചിരിമട്ടത്തെ ഒരു പാലവും അന്ന് തകർന്നിരുന്നു.
മേപ്പാടി മുക്കിൽപ്പീടികയിലെ 7 സെൻ്റ് സ്ഥലത്ത് നിർമ്മിച്ച വീടിന്റെ തറയ്ക്കു മുന്നിൽ സുകുമാരൻ
കേരള ബാങ്ക് ചൂരൽമല ശാഖയിൽ നിന്ന് നാലു ലക്ഷം രൂപ വായ്പയെടുത്ത് സുകുമാരൻ നിർമിച്ച അഞ്ചു സെന്റിലെ വീടാണ് ഉരുൾപൊട്ടലിൽ തകർന്നത്. ഇതോടെ രോഗിയായ ഭാര്യയും രണ്ടു മക്കളും അടങ്ങുന്ന കുടുംബത്തിന് അന്തിയുറങ്ങാൻ വീടില്ലാത്ത അവസ്ഥയായി. കോട്ടവയലിലെ വാടക വീട്ടിലായി പിന്നീട് താമസം. മാസം 5000 രൂപയാണ് വാടക.
ഭാര്യയുടെ ചികിത്സ, കുട്ടികളുടെ പഠനം, വീട്ടുചെലവുകൾ, വാടക എല്ലാം ചേർന്ന് മാസം തോറും വലിയ സംഖ്യ ചെലവ് വരുന്നുണ്ട്. ബാങ്ക് വായ്പ തിരിച്ചടവ് കൂടി വരുന്നതോടെ കൂലിപ്പണിക്കാരനായ സുകുമാരന്റെ കുടുംബത്തിന് സാമ്പത്തിക ബാധ്യത താങ്ങാവുന്നതിനും അപ്പുറമാണ്.
പുത്തുമല ദുരന്തബാധിതർക്ക് വീടുകൾ നിർമിച്ച മുക്കിൽപ്പീടികയിൽ സുകുമാരന്റെ കുടുംബത്തിന് ഏഴു സെൻറ് സ്ഥലം അനുവദിച്ചിട്ടുണ്ട്. സർക്കാർ അനുവദിക്കുന്ന 10 ലക്ഷത്തിൽ സ്ഥലത്തിനുള്ള 6 ലക്ഷം കഴിച്ചാൽ ബാക്കി 4 ലക്ഷം രൂപയാണുള്ളത്. ഇതിന് വീട് നിർമിക്കാനാകില്ല.
സ്പോൺസർമാരാണ് അവിടെ നാലു ലക്ഷത്തിന് പുറത്തുവരുന്ന ചെലവുകൾ ഏറ്റെടുത്ത് എല്ലാ വീടുകളും നിർമിച്ചത്. എന്നാൽ സുകുമാരന് ഒരു സ്പോൺസറെ ലഭിച്ചില്ല. അതിനാൽ വീട് നിർമാണം തറയിലൊതുങ്ങി. ദുരന്തത്തിനിരയായ മറ്റു പലർക്കും വീടുകൾ നിർമിച്ചു കൊടുക്കാൻ സ്പോൺസർമാരും സന്നദ്ധ സംഘടനകളും മുന്നോട്ടുവന്നപ്പോഴും തന്നെ സഹായിക്കാൻ ആരും വന്നില്ലെന്ന് വിഷമത്തോടെ സുകുമാരൻ പറയുന്നു.


