സർക്കാർ വകുപ്പുകളിൽ തീർപ്പുകാത്ത് കെട്ടിക്കിടക്കുന്നത് 3.13 ലക്ഷം ഫയൽ
text_fieldsകൊച്ചി: ഓൺലൈൻ സംവിധാനങ്ങളും മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ആവർത്തിച്ചുള്ള നിർദേശങ്ങളുമുണ്ടായിട്ടും സർക്കാർ വകുപ്പുകളുടെ ചുവപ്പുനാടയിൽ കുരുങ്ങി ഫയലുകൾ. ഈ വർഷം ഫെബ്രുവരി അവസാനം വരെയുള്ള കണക്കുപ്രകാരം സെക്രേട്ടറിയറ്റിലെ വിവിധ വകുപ്പുകളിൽ തീർപ്പ് കാത്ത് കെട്ടിക്കിടക്കുന്നത് 3,13,764 ഫയലാണ്. മുഖ്യമന്ത്രി കൈകാര്യം ചെയ്യുന്ന വകുപ്പുകളിൽ മാത്രം അര ലക്ഷത്തിലധികം ഫയലുകൾ തീർപ്പാക്കാൻ അവശേഷിക്കുന്നുണ്ട്.
ഒന്നാം പിണറായി സർക്കാറിന്‍റെ തുടക്കകാലത്ത് 2016 ജൂണിൽ സെക്രേട്ടറിയറ്റ് ജീവനക്കാരുടെ യോഗത്തിൽ ഫയൽ തീർപ്പാക്കുന്നത് സംബന്ധിച്ച് രൂക്ഷമായ ഭാഷയിലാണ് മുഖ്യമന്ത്രി പ്രതികരിച്ചത്. ഓരോ ഫയലിലും ഓരോ ജീവിതമുണ്ടെന്നും അത് തീർപ്പാക്കാൻ ഉദ്യോഗസ്ഥർ അർപ്പണ മനോഭാവത്തോടെ പെരുമാറണമെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ വാക്കുകൾ.
സർക്കാർ സംവിധാനം ഉദ്യോഗസ്ഥർക്ക് വേണ്ടിയല്ല, പൊതുജനത്തിന് വേണ്ടിയാണ്. മുന്നിലെത്തുന്ന ഓരോ ഫയലിലും ഒരു ജീവിതമുണ്ടെന്ന് മനസ്സിലാക്കണം. അവയിൽ നിശ്ചിത സമയത്തിനകം തീരുമാനമെടുക്കണം. ഫയലിൽ നിങ്ങൾ എഴുതുന്ന കുറിപ്പാണ് ചിലരുടെ കാര്യത്തിലെങ്കിലും അവർ തുടർന്ന് ജീവിക്കണോ എന്നുപോലും തീരുമാനിക്കപ്പെടുന്നത്’’.2016 ജൂൺ എട്ടിന് സെക്രേട്ടറിയറ്റ് ജീവനക്കാരുടെ യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞത്
സമാന യോഗത്തിൽ പിന്നീടും മുഖ്യമന്ത്രി ഇത് ആവർത്തിച്ചു. കെട്ടിക്കിടക്കുന്ന ഫയലുകൾ മൂന്നുമാസത്തിനകം തീർപ്പാക്കണമെന്ന മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം 2022 ജൂൺ മുതൽ സെപ്റ്റംബർ 30 വരെ സർക്കാർ തീവ്രയജ്ഞം സംഘടിപ്പിച്ചിരുന്നു. എന്നാൽ, ഫയൽ തീർപ്പാക്കൽ നടപടികൾ ഇപ്പോഴും ഇഴയുന്നു എന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
മുഖ്യമന്ത്രിയുടെ വകുപ്പുകളിൽ അരലക്ഷത്തിലധികം ഫയൽ
ആഭ്യന്തരം, ദുരന്ത നിവാരണം, പരിസ്ഥിതി, പൊതുഭരണം, വിവരസാങ്കേതികം, ആസൂത്രണം, ശാസ്ത്ര സാങ്കേതികം എന്നിവ ഉൾപ്പെടെ മുഖ്യമന്ത്രി കൈകാര്യം ചെയ്യുന്ന വിവിധ വകുപ്പുകളിലായി 54,801 ഫയൽ കെട്ടിക്കിടപ്പുണ്ട്.
ആഭ്യന്തര വകുപ്പിൽ മാത്രം 17,485 ഫയൽ തീർപ്പാക്കാനുണ്ട്. തദ്ദേശ സ്വയംഭരണ വകുപ്പിൽ 42,503ഉം പൊതുവിദ്യാഭ്യാസത്തിൽ 30,539ഉം ധനകാര്യത്തിൽ 20,574ഉം റവന്യൂവിൽ 20,251ഉം ഫയലാണ് തീർപ്പാക്കാനുള്ളത്. ഇവയിൽ ചിലത് ഏറെ പഴക്കമുള്ളവയുമാണ്.