രാത്രി ഗ്യാസ് ഓഫാക്കാൻ മറന്നു, രാവിലെ ലൈറ്റർ കത്തിച്ചപ്പോൾ തീപടർന്ന് നാലുപേർക്ക് പൊള്ളലേറ്റു; രണ്ടുപേരുടെ നില ഗുരുതരം
text_fieldsപ്രതീകാത്മക ചിത്രം
പഴയങ്ങാടി (കണ്ണൂർ): പുതിയങ്ങാടിയിൽ പാചക വാതകം ചോർന്ന് തീ പിടിച്ച് നാലുപേർക്ക് പരിക്കേറ്റു. രാത്രി പാചകം ചെയ്ത ശേഷം ഗ്യാസ് അടുപ്പ് ഓഫാക്കാൻ മറന്നതാണ് അപകട കാരണം. ഇതറിയാതെ രാവിലെ ലൈറ്റർ കത്തിച്ചപ്പോൾ തീപടർന്ന് പിടിച്ച് പൊള്ളലേൽക്കുകയായിരുന്നു. ഇതിൽ രണ്ടുപേരുടെ നില ഗുരുതരമാണ്.
പുതിയങ്ങാടി കടപ്പുറത്ത് വാടക ക്വാർട്ടേഴ്സിൽ താമസിക്കുന്ന ഒഡീഷ കുർദ് സ്വദേശികളായ ശിവ ബഹറ, നിഘം ബഹ്റ, സുഭാഷ് ബഹ്റ, ജിതേന്ദ്ര ബഹ്റ എന്നിവർക്കാണ് പൊള്ളലേറ്റത്. നാലുപേരെയും കണ്ണൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശിവ ബഹറ, നിഘം ബഹ്റ എന്നിവരുടെ നില ഗുരുതരമാണ്.
ഇന്ന് (വെള്ളിയാഴ്ച) രാവിലെ ആറുമണിയോടെയാണ് അപകടം. പുതിയങ്ങാടിയിൽ മത്സ്യബന്ധനത്തൊഴിലാളികളാണ് ഇവർ. ഇന്നലെ രാത്രി ക്വാർട്ടേഴ്സിൽ ഭക്ഷണം പാകം ചെയ്ത് കഴിച്ചിരുന്നു. ഗ്യാസ് അടുപ്പും സിലിണ്ടറും ഓഫാക്കാൻ മറന്നുപോയതിനാൽ വാതകം ചോർന്ന് മുറിയിൽ നിറഞ്ഞു. രാവിലെ പുകവലിക്കാൻ ഒരാൾ ലൈറ്റർ പ്രവർത്തിപ്പിച്ചതോടെ തീ ആളിപ്പടർന്ന് പിടിക്കുകയായിരുന്നു. പഴയങ്ങാടി പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.


