ഇന്ന് ഗാന്ധി രക്തസാക്ഷി ദിനം; ഉണ്ണിയുടെ സർഗ ജീവിതത്തിൽ ജനിച്ചത് 48 ഗാന്ധി ശിൽപങ്ങൾ
text_fieldsഉണ്ണി കാനായി ഗാന്ധി ശിൽപ നിർമാണത്തിൽ
പയ്യന്നൂർ: സബ് ഇൻസ്പെക്ടറായിരുന്ന സുധാകരന്റെ നിർദേശത്തിൽ ഇപ്പോഴത്തെ പയ്യന്നൂർ ഡിവൈ.എസ്.പി ഓഫിസിനു മുന്നിൽ തുടക്കം. തുടർന്ന് നിരവധി പൊലീസ് സ്റ്റേഷനുകൾ, ക്ലബുകൾ, വിദ്യാലയങ്ങൾ, സർക്കാർ ഓഫിസുകൾ. ശിൽപി ഉണ്ണി കാനായിയുടെ സർഗ ജീവിതത്തിൽ പിറന്നത് 48 ഗാന്ധിമാർ. കേരളത്തിൽ അങ്ങോളമിങ്ങോളമുണ്ട് ഉണ്ണിയുടെ ഗാന്ധിമാർ. ഇതിൽ കാസർകോട് കലക്ടറേറ്റിൽ 12 അടി ഉയരമുള്ള പൂർണകായ പ്രതിമ കേരളത്തിലെ ഏറ്റവും വലിയ ഗാന്ധി പ്രതിമയാണ്.
വാഹന പരിശോധനയിൽ എസ്.ഐ പിടികൂടിയപ്പോൾ കാണിച്ച ബൈക്കിന്റെ ഫോട്ടോകോപ്പികളാണ് ഉണ്ണിയുടെ സർഗജീവിതത്തിൽ വഴിത്തിരിവായത്. അസ്സലുമായി സ്റ്റേഷനിലെത്താൻ എസ്.ഐ പറഞ്ഞു. എത്തിയപ്പോൾ എന്താണ് ജോലിയെന്ന് ചോദ്യം. ശിൽപിയെന്നു പറഞ്ഞപ്പോഴാണ് പൊലീസ് സ്റ്റേഷനു മുന്നിൽ ഗാന്ധിയെ നിർമിക്കാൻ പറ്റുമോയെന്ന് എസ്.ഐ സുധാകരന്റെ ചോദിച്ചത്. ചെയ്യാമെന്ന് പറഞ്ഞ് പണി തുടങ്ങി. ചുരുങ്ങിയ ദിവസം കൊണ്ട് ഗാന്ധി ശിൽപം തയാർ. പിന്നീടാണ് നിരവധി സ്റ്റേഷനുകളിൽ ശിൽപ നിർമാണം. തിരുവനന്തപുരം വെള്ളനാട് വി.എച്ച്.എസ് സ്കൂളിലേക്കായിരുന്നു 46ാം ഗാന്ധിയുടെ പിറവി. ഇതിന്റെ അനാച്ഛാദനം രക്തസാക്ഷി ദിനമായ വ്യാഴാഴ്ച നടക്കും. സ്കൂളിലെ 1996 എസ്.എസ്.എൽ.സി ബാച്ച് കൂട്ടായ്മയാണ് ശിൽപം നിർമിക്കുന്നത്. ഗാന്ധി ശിൽപത്തെക്കുറിച്ച് ചിന്തിച്ചപ്പോൾ ഉയർന്നുവന്ന പേര് ഉണ്ണി കാനായിയുടെ. പൂർവവിദ്യാർഥികൾ ആവശ്യപ്പെട്ട പ്രകാരം ഉണ്ണി കാനായി ഗാന്ധി ശിൽപം ഒരുക്കുകയായിരുന്നു. അർധകായ ഗാന്ധി ശിൽപം ഫൈബർ ഗ്ലാസിൽ നിർമിച്ച് വെങ്കല നിറം പൂശിയാണ് പൂർത്തിയാക്കിയത്.
വെള്ളനാട് സ്കൂളിലേക്കുള്ള ഗാന്ധി ശിൽപത്തിനു പുറമെ രണ്ട് വിദ്യാലയങ്ങളിൽകൂടി ശിൽപമൊരുക്കുന്നുണ്ട്. ചെറുകുന്ന് ബോയ്സ് ഹൈസ്കൂളിലും ഗേൾസ് ഹൈസ്കൂളിലും. രക്തസാക്ഷി ദിനത്തിൽ രണ്ടിടത്തും ഗാന്ധി ശിൽപം അനാച്ഛാദിതമാവും. തിരുവനന്തപുരത്ത് ജി. സ്റ്റീഫൻ എം.എൽ.എയാണ് അനാച്ഛാദനം ചെയ്യുന്നത്.