മദ്യപിച്ച് ഡ്യൂട്ടിക്കെത്തി; സസ്പെൻഷനിലായത് 509 കെ.എസ്.ആർ.ടി.സി ജീവനക്കാർ
text_fieldsകൊച്ചി: മദ്യപിച്ച് ഡ്യൂട്ടിക്കെത്തി ഒരുവർഷത്തിനിടെ കുടുങ്ങിയത് 509 കെ.എസ്.ആർ.ടി.സി ജീവനക്കാർ. ഇതിലെ 408 സ്ഥിരം ജീവനക്കാരെ സസ്പെൻഡ് ചെയ്യുകയും 101 ബദൽ ജീവനക്കാരെ ജോലിയിൽനിന്ന് മാറ്റിനിർത്തുകയും ചെയ്തിട്ടുണ്ട്.
അലക്ഷ്യമായ ഡ്രൈവിങ് ഇല്ലാതാക്കൽ, അപകടങ്ങൾ ഒഴിവാക്കൽ എന്നിങ്ങനെ ലക്ഷ്യവുമായി കെ.എസ്.ആർ.ടി.സിയുടെ എല്ലാ യൂനിറ്റിലും ആക്സിഡൻറ് മോണിട്ടറിങ് സെൽ രൂപവത്കരിച്ചിട്ടുണ്ട്. അപകടരഹിത ഡ്രൈവിങ്ങിനെക്കുറിച്ച് ബോധവത്കരണ ക്ലാസും നടത്തുന്നുണ്ട്.
2016 മുതൽ 2024 വരെ കെ.എസ്.ആർ.ടി.സി ബസുകളുടെയും മറ്റ് സ്വകാര്യ വാഹനങ്ങളുടെയും പിഴവ് മൂലം കെ.എസ്.ആർ.ടി.സി ബസുകൾ ഉൾപ്പെട്ട 10,040 അപകടങ്ങളിലായി 1089 പേർക്ക് ജീവൻ നഷ്ടപ്പെട്ടിട്ടുണ്ട്.
ലഹരി ഉപയോഗിച്ച് വാഹനമോടിച്ചതിന് സ്വകാര്യ ബസ് ജീവനക്കാർ ഉൾപ്പെടെയുള്ളവർക്കെതിരെയും നടപടിയെടുത്തിട്ടുണ്ട്. സ്വകാര്യ ബസുകൾ, ടിപ്പർ ലോറികൾ തുടങ്ങിയവയുടെ അമിത വേഗത നിയന്ത്രിക്കുന്നതിന് പ്രത്യേക പരിശോധനകൾ പുരോഗമിക്കുകയാണെന്ന് ഗതാഗത വകുപ്പ് അധികൃതർ വ്യക്തമാക്കി.
മോട്ടോർവാഹന വകുപ്പിന് കീഴിലുള്ള 85 എൻഫോഴ്സ്മെന്റ് സ്ക്വാഡുകളുടെ പ്രവർത്തനഫലമായി അലക്ഷ്യമായി വാഹനമോടിക്കുന്നവരെയും മദ്യപിച്ച് വാഹനമോടിക്കുന്നവരെയും കണ്ടെത്തി പിഴയീടാക്കുന്നുണ്ട്.