പൊന്നാനിയെ കണ്ണീരിലാഴ്ത്തിയ പത്തേമാരി ദുരന്തത്തിന് 56 ആണ്ട്; നടുക്കും ഓർമകൾക്ക് അക്ഷരങ്ങളിൽ പുനർജനി
text_fieldsപൊന്നാനി: പൊന്നാനിയെ കണ്ണീരിലാഴ്ത്തിയ പത്തേമാരി ദുരന്തത്തിന് 56 ആണ്ട് തികയുമ്പോൾ നടുക്കുന്ന ഓർമകളെ കടലാഴങ്ങളിൽ മറയാതെ അക്ഷരങ്ങളിൽ പകർത്തി ചരിത്രകാരൻ ടി.വി. അബ്ദുറഹ്മാൻ കുട്ടി മാസ്റ്റർ. അബ്ദുറഹ്മാൻ കുട്ടി മാസ്റ്ററുടെ വ്യാഴാഴ്ച പ്രകാശനം ചെയ്യുന്ന ‘പത്തേമാരി; വിസ്മയങ്ങളുടെ തിരയടികൾ’ എന്ന പുസ്തകത്തിൽ പത്തേമാരി ദുരന്തത്തെ തീവ്രമായാണ് ആവിഷ്കരിച്ചിട്ടുള്ളത്. 1967ൽ പൊന്നാനിയിൽ നിന്നുള്ള ഇ.കെ ഇമ്പിച്ചിബാവ മന്ത്രിയായതിന്റെ സന്തോഷത്തിലായിരുന്നു പൊന്നാനിയിലെ കടലോരവാസികൾ. ഇതേ വര്‍ഷം രണ്ടാം പകുതിയിലാണ് പൊന്നാനി അഴീക്കല്‍ പ്രദേശം വലിയൊരു ദുരന്തത്തിന് സാക്ഷിയാകുന്നത്. പൊന്നാനി സ്വദേശികളുടെ ദുല്‍ദുല്‍, ബര്‍കതി, ബഹറുസലാമതി, കമറുനൂര് തുടങ്ങിയ ഒമ്പത് പത്തേമാരികള്‍ ചരക്കുകള്‍ കയറ്റാന്‍ കോഴിക്കോട് തുറമുഖത്തെത്തി. പിറ്റേന്ന് പുലര്‍ച്ചെ മൂന്നിന് തുറമുഖത്തുനിന്ന് ഒരുകൂട്ടം പത്തേമാരികള്‍ പുറപ്പെട്ടു. വൃശ്ചികപ്പുലരിയിലായിരുന്നു യാത്ര.
‘വിജയമാല’യടക്കമുള്ള പത്തേമാരികള്‍ മരങ്ങളും മറ്റു ചരക്കുകളുമായാണ് ബോംബെക്ക് പുറപ്പെട്ടത്. പത്തേമാരികള്‍ ഉള്ക്കടലിലെത്തിയതോടെ കനത്ത കാറ്റും കോളും ഇടിയും മഴയും അന്തരീക്ഷമാകെ ഭീതിവിതച്ചു. ചെവികള്‍ കൊട്ടിയടക്കുന്ന ശബ്ദത്തോടെ തിരമാലകള്‍ അടിച്ചുവീശി. കൊടുങ്കാറ്റിന്റെ ശക്തിയിലും തിരമാലയുടെ ഇരമ്പലിലും പത്തേമാരികള്‍ ആടിയുലഞ്ഞു. സ്രാങ്കുമാരും തൊഴിലാളികളും എന്തുചെയ്യണമെന്നറിയാതെ പരസ്പരം പകച്ചുനിന്നു. മരണം മുന്നില്‍ കണ്ട നിമിഷങ്ങള്‍. പത്തേമാരികളില്‍ നിന്ന് കൂട്ട ബാങ്കുവിളികളുയര്ന്നു. വിജയമാലയും ദുല്‍ദുലും ഉള്‍പ്പെടെ ആറ് പത്തേമാരികളും 64 തൊഴിലാളികളും ഒന്നരമാസം കഴിഞ്ഞിട്ടും ലക്ഷ്യസ്ഥാനത്ത് എത്തിയ വിവരം ലഭിച്ചില്ല. പൊന്നാനി അഴീക്കല്‍ തീരമാകെ ആശങ്കയിലായി. ഏറെ ദുരിതങ്ങള്‍ക്കൊടുവില്‍ ദുല്‍ദുലും വിജയമാലയും ഒഴിച്ച് മറ്റു പത്തേമാരികളും തൊഴിലാളികളും ഒരുവിധം ബോംബെയില്‍ എത്തിച്ചേര്‍ന്നതായി വിവരം ലഭിച്ചു.
വിജയമാലയുടെയും ദുല്‍ദുലിന്റെയും മാത്രം ഒരു വിവരവുമില്ല. ബന്ധപ്പെട്ടവര്‍ അതീവ ദുഃഖത്തില്‍ ആഴ്ന്നിരിക്കുന്ന സമയത്താണ് അപ്രതീക്ഷിതമായി കാഞ്ഞങ്ങാട് നിന്ന് പൊന്നാനിയിലേക്ക് ഒരു ഫോൺവിളി. കാഞ്ഞങ്ങാട് കടല്‍ത്തീരത്ത് പത്തേമാരിയുടെ കുമ്പും പരിമാനും കപ്പികളും അടിഞ്ഞിരിക്കുന്നു. വിജയമാലയുടെ മുമ്പത്തെ സ്രാങ്ക് ബീരാന്‍കുട്ടിക്കാന്റെ കുഞ്ഞന്ബാവയടക്കം കാഞ്ഞങ്ങാട്ടേക്ക് പുറപ്പെട്ടു. വിശദ പരിശോധനയില്‍ അവശിഷ്ടങ്ങള്‍ വിജയമാലയുടേതാണെന്നു കുഞ്ഞന്‍ബാവ സാക്ഷ്യപ്പെടുത്തി. തുടർന്ന് ബോംബെ വരെ സഞ്ചരിച്ച് സമഗ്രഅന്വേഷണം നടത്തി. ദുല്‍ദുലിന്റെയും ജോലിക്കാരുടെയും വിവരങ്ങളൊന്നും ലഭിച്ചില്ല. പത്തേമാരി തകര്‍ന്നതായി സ്ഥിരീകരിച്ചതോടെയാണ് പ്രിയപ്പെട്ടവർ കടലാഴങ്ങളിലേക്ക് മറഞ്ഞത് വേദനയോടെ തീരത്തുള്ളവർ അറിഞ്ഞത്.