കലയെ ഖൽബിലണച്ച് കോഴിക്കോട്
text_fieldsകോഴിക്കോട്ട് നടക്കുന്ന കേരള സ്കൂൾ കലോത്സവത്തിൽ എച്ച്.എസ്.എസ് വിഭാഗം കൂടിയാട്ടത്തിൽ എ ഗ്രേഡ് നേടിയ തൃശൂർ സേക്രഡ് ഹാർട്ട് സി.ജി.എച്ച്.എസ്.എസ് ടീം -കെ. വിശ്വജിത്ത്
കോഴിക്കോട്: കലയെ ഖൽബുകൊണ്ടണച്ചുപിടിച്ച് കോഴിക്കോട്. ഏഴുവർഷത്തിനുശേഷം വിരുന്നെത്തിയ സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ആദ്യ ദിനം വീറുംവാശിയും നിറഞ്ഞതായി. കനകക്കിരീടത്തിന് 22 വർഷമായി കാത്തിരുന്ന കണ്ണൂരും രണ്ട് കലോത്സവങ്ങൾക്ക് മുമ്പ് കൈവിട്ടുപോയ കിരീടം തിരിച്ചുപിടിക്കാൻ ആതിഥേയരായ കോഴിക്കോടും കച്ചമുറുക്കിയിറങ്ങിയപ്പോൾ ഇഞ്ചോടിഞ്ച് പോരിനാണ് തുടക്കമിട്ടത്.
194 പോയന്റാണ് കണ്ണൂരിന്. 188 പോയൻറുമായി 21 തവണ ചാമ്പ്യനായ കോഴിക്കോടുമുണ്ട് തൊട്ടുപിന്നിൽ. ഒരിക്കൽമാത്രം ചാമ്പ്യനായ കൊല്ലമാണ് 187 പോയന്റുമായി മൂന്നാമത്. അഞ്ചുതവണ ചാമ്പ്യനായ തൃശൂരും (181) കോഴിക്കോടിന്റെ ആധിപത്യം തകർത്ത് രണ്ട് വർഷം തുടർച്ചയായി ചാമ്പ്യനായ പാലക്കാടും നാലാമതാണ്. 181 പോയന്റ്. അഞ്ചുനാൾ നീളുന്ന കലാമാമാങ്കത്തിന്റെ വരും ദിവസങ്ങളാവും അട്ടിമറികളുടേത്.
രണ്ടു വർഷത്തിന്റെ ഇടവേളക്കു ശേഷം അരങ്ങുണർന്ന 61ാമത് സ്കൂൾ കലോത്സവം മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാന വേദിയായ വിക്രം മൈതാനിയിലെ ‘അതിരാണിപ്പാട’ത്ത് ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അധ്യക്ഷത വഹിച്ചു. ചലച്ചിത്ര താരം ആശാ ശരത് വിശിഷ്ടാതിഥിയായിരുന്നു.