ആറു ലക്ഷം തൊഴിലാളികൾ എവിടെ ?
text_fieldsസംസ്ഥാനത്ത് തൊഴിലുറപ്പ് പദ്ധതി അവതാളത്തിൽ. രാജ്യത്ത് കായിക തൊഴിൽ ചെയ്യാൻ സന്നദ്ധതയുള്ളവർക്ക് വർഷത്തിൽ നൂറ് ദിവസം തൊഴിൽ ഉറപ്പാക്കുന്ന മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തവർ കൂട്ടത്തോടെ കൊഴിഞ്ഞുപോകുന്നതായി കണക്കുകൾ.
നാല് വർഷത്തിനിടെ, ആകെ രജിസ്റ്റർ ചെയ്ത തൊഴിലാളികളുടെ എണ്ണത്തിൽ 6.32 ലക്ഷത്തിന്റെ കുറവ് വന്നതായി കേന്ദ്ര ഗ്രാമീണ വികസന മന്ത്രാലയം രേഖകൾ വ്യക്തമാക്കുന്നു. പുതുതായി രജിസ്റ്റർ ചെയ്യുന്നവരുടെ എണ്ണവും ഗണ്യമായി കുറഞ്ഞിട്ടുണ്ട്.
2021-22 സാമ്പത്തിക വർഷത്തിൽ സംസ്ഥാനത്ത് 63.57 ലക്ഷം തൊഴിലുറപ്പ് തൊഴിലാളികളാണുണ്ടായിരുന്നത്. 2025 മാർച്ച് 26 വരെയുള്ള കണക്കുപ്രകാരം, ഇത് 57.24 ലക്ഷമായി കുറഞ്ഞു. രജിസ്ട്രേഷൻ പുതുക്കാത്തതുമൂലമാണ് ഈ കുറവ്. സമാന്തരമായി, പുതുതായി രജിസ്റ്റർ ചെയ്യുന്നവരുടെ എണ്ണവും കുറഞ്ഞിട്ടുണ്ട്.
2021-22ൽ 3.47 ലക്ഷം പേർ രജിസ്റ്റർ ചെയ്തിരുന്നത് നാലുവർഷത്തിനിപ്പുറം 1.53 ലക്ഷമായി കുറഞ്ഞു. ഏറ്റവും കൂടുതൽ തൊഴിലുറപ്പ് തൊഴിലാളികളുള്ള തിരുവനന്തപുരം ജില്ലയിലാണ് വലിയ കൊഴിഞ്ഞുപോക്ക്. നാലുവർഷത്തിനിടെ ഇവിടെ ഒന്നേ കാൽ ലക്ഷം പേർ പണിയുപേക്ഷിച്ചു.
തൊട്ടുപിന്നിലുള്ള കോഴിക്കോട് മുക്കാൽ ലക്ഷം പേർ രജിസ്ട്രേഷൻ പുതുക്കിയില്ല. അതേസമയം, തൃശൂർ ജില്ലയിൽ 22,000 പേർ കൂടി. നിലവിലുള്ള 57.24 ലക്ഷത്തിൽ 22 ലക്ഷം പേർ മാത്രമാണ് തൊഴിലുറപ്പ് പദ്ധതിയിലെ സജീവ തൊഴിലാളികളെന്നും മന്ത്രാലയം പറയുന്നു. ഡീൻ കുര്യാക്കോസ് എം.പിയുടെ ചോദ്യത്തിന് മറുപടിയായാണ് മന്ത്രാലയം ഇതുസംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത്.
എങ്ങനെ കുറയാതിരിക്കും?
കേരളത്തിൽ തൊഴിലുറപ്പ് പദ്ധതിയിൽ അനിശ്ചിതത്വങ്ങളുണ്ടെന്ന് സംസ്ഥാന സർക്കാറും സമ്മതിക്കുന്നുണ്ട്. നിലവിൽ 39.71 ലക്ഷം കുടുംബങ്ങളാണ് പദ്ധതിയിൽ രജിസ്റ്റർ ചെയ്തിരിക്കുന്നതെന്ന് വ്യക്തമാക്കിയ തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ്, പുതുതായി രജിസ്റ്റർ ചെയ്ത കുടുംബങ്ങളുടെ എണ്ണത്തിൽ കുറവ് വന്നതായും പറയുന്നു.
2022ൽ, 1.1 ലക്ഷം കുടുംബങ്ങൾ രജിസ്റ്റർ ചെയ്തപ്പോൾ 2024-25ൽ അത് 84,372 ആയി കുറഞ്ഞു. ഏകദേശം 1.40ലക്ഷം പേർ വരുമിത്. ഇത് ഡിസംബർ വരെയുള്ള കണക്കാണ്. മാർച്ച് വരെയുള്ള കണക്കെടുക്കുമ്പോൾ കേന്ദ്രത്തിന്റെ കണക്കുമായി ഒത്തുവരും.
തൊഴിലാളികൾക്കുള്ള പ്രതിഫലം കൃത്യമായി ലഭിക്കാത്തതാണ് ഈ അനിശ്ചിതത്വത്തിന് കാരണമായി വിലയിരുത്തപ്പെടുന്നത്. 2024 ഡിസംബർ 19 മുതൽ വേതനം മുടങ്ങിയിട്ടുണ്ട്. 2024-25 സാമ്പത്തിക വർഷം അവിദഗ്ധ വേതന ഇനത്തിൽ 534.84 കോടി രൂപ കേന്ദ്രത്തിൽനിന്ന് ലഭിക്കാനുണ്ടെന്ന് നിയമസഭയിൽ ചോദ്യത്തിന് ഉത്തരമായി മന്ത്രി വ്യക്തമാക്കി. തൊഴിലുറപ്പ് പദ്ധതിയിലെ ആസൂത്രണം പ്രാദേശികമായി നിർവഹിക്കാത്തതും പ്രശ്നങ്ങൾക്കിടയാക്കിയിട്ടുണ്ട്.
നിലവിൽ 266 തരം പ്രവൃത്തികളാണ് പദ്ധതിയുടെ ഭാഗമായിട്ടുള്ളത്. പദ്ധതികൾ ആസൂത്രണം ചെയ്യുമ്പോൾ പ്രാദേശിക ഘടകങ്ങൾ കേന്ദ്ര മാനദണ്ഡങ്ങളുടെ കുരുക്കിൽ പരിഗണിക്കപ്പെടാത്തത് തൊഴിലാളികളെ ബുദ്ധിമുട്ടിക്കുന്നുണ്ട്. തൊഴിലാളികളുടെ ഹാജർ സംവിധാനവും ശാസ്ത്രീയമല്ല. 2024-25 വർഷത്തേക്ക് 10.5 കോടി തൊഴിൽ ദിനങ്ങളുടെ ബജറ്റ് പ്രൊപ്പോസൽ കേന്ദ്രത്തിന് സമർപ്പിച്ചിരുന്നുവെങ്കിലും, ആറുകോടി തൊഴിൽ ദിനങ്ങൾ മാത്രമാണ് അനുവദിച്ചതെന്നും മന്ത്രി വ്യക്തമാക്കി.