Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഇനി യാത്രയില്ല;...

ഇനി യാത്രയില്ല; ‘പ്രിയദർശിനി’യുടെ ആഘാതത്തിൽ ഓട്ടം നിർത്തി ചാലക്കുടി-വാൽപ്പാറ സ്വകാര്യ ബസ്

text_fields
bookmark_border
ഇനി യാത്രയില്ല; ‘പ്രിയദർശിനി’യുടെ ആഘാതത്തിൽ ഓട്ടം നിർത്തി ചാലക്കുടി-വാൽപ്പാറ സ്വകാര്യ ബസ്
cancel
camera_alt

ചീനിക്കാസ് ബസ്

ചാലക്കുടി: ‘‘കാനനപാതയിൽ കല്ലും, മുള്ളും, വന്യമൃഗങ്ങളും നിറഞ്ഞ വഴികളിലൂടെ യാത്രക്കാരായ നിങ്ങളെ യഥാസ്ഥലത്തേക്ക് സുരക്ഷിതമായി എത്തിക്കുവാൻ, വാൽപ്പാറ-ചാലക്കുടി റൂട്ടിൽ ചീനിക്കാസ് ബസ് സർവിസ് ഇനി ഇല്ല. കഴിഞ്ഞ സർക്കാറിന്റെ കാലത്ത് തകർച്ചയിൽ എത്തിയ പ്രസ്ഥാനം ‘പ്രിയദർശിനി’യുടെ വരവോടെ പൂർണമായി തകർച്ചയിലായി. ആരോടും പരിഭവങ്ങളില്ല... പരാതികളില്ല... ഞങ്ങളുടെ സ്നേഹം നിറഞ്ഞ യാത്രക്കാരോട് നന്ദി മാത്രം’’ -സർവിസ് അവസാനിപ്പിച്ച് ‘ചീനിക്കാസ്’ ബസിൽ കെട്ടിയ ബാനറിലെ വരികളാണിത്. ചാലക്കുടി-വാൽപ്പാറ റൂട്ടിൽ ആറര പതിറ്റാണ്ടായി യാത്രക്കാരുടെ ആശ്രയമായിരുന്ന ബസാണ് ഇന്ന് ഓട്ടം അവസാനിപ്പിക്കുന്നത്.

പ്രതിദിന നഷ്ടം താങ്ങാനാകാത്തതിനാൽ ശനിയാഴ്ച സർവിസ് അവസാനിപ്പിക്കുമെന്ന് ബസ് ഉടമകളും ജീവനക്കാരും അറിയിച്ചു. 110 കിലോമീറ്റർ ദൈർഘ്യമുള്ള ഈ റൂട്ടിലെ ഏക സ്വകാര്യ ബസ് സർവിസ് ആയിരുന്നു ഇത്.

ചാലക്കുടി-മലക്കപ്പാറ റൂട്ടിൽ കെ.എസ്.ആർ.ടി.സി ‘പ്രിയദർശിനി’ സ്ത്രീ സൗജന്യ യാത്ര തുടങ്ങിയതോടെ സ്വകാര്യ ബസിൽ യാത്രക്കാരുടെ എണ്ണം കുറഞ്ഞിരുന്നു. കേരള-തമിഴ്നാട് അതിർത്തിയായ മലക്കപ്പാറയിൽ സർവിസ് അവസാനിപ്പിക്കുമെങ്കിലും ‘പ്രിയദർശിനി’യിൽ സ്ത്രീ യാത്രക്കാർ വർധിച്ചു. അതുകൊണ്ട് തന്നെ ‘ചീനിക്കാസ്’ ബസിന് ദിവസേന വലിയ സാമ്പത്തിക നഷ്ടമാണ് നേരിടേണ്ടിവന്നത്.

പ്രതിദിനം ഏകദേശം 4,000 മുതൽ 6,500 രൂപ വരെ നഷ്ടം ഉണ്ടാകുന്നതായാണ് ഉടമകൾ പറയുന്നത്. ബസിന്റെ ഇന്ധനച്ചെലവ്, ജീവനക്കാരുടെ വേതനം, മറ്റ് ദൈനംദിന ചെലവുകൾ എന്നിവ പോലും കണ്ടെത്താൻ കഴിയുന്നില്ലെന്നും അവർ വ്യക്തമാക്കി. ‘പ്രിയദർശിനി’ ഈ റൂട്ടിൽ സജീവമായതോടെ സ്വകാര്യ ബസിലെ യാത്രക്കാരുടെ എണ്ണം കുത്തനെ കുറഞ്ഞു. പ്രത്യേകിച്ച് സ്ത്രീ യാത്രക്കാരുടെ എണ്ണത്തിലുണ്ടായ ഇടിവ് വരുമാനത്തെ സാരമായി ബാധിച്ചതെന്നും അവർ പറയുന്നു.

ചാലക്കുടി-വാൽപ്പാറ റൂട്ടിൽ പകുതിയിലേറെയും കാടാണ്. വിഭാഗങ്ങൾ, തോട്ടം തൊഴിലാളികൾ, മലമേഖലയിൽ താമസിക്കുന്ന സാധാരണക്കാർ എന്നിവർക്ക് വർഷങ്ങളായി നഗരങ്ങളിലേക്കുള്ള പ്രധാന യാത്രാമാർഗമായിരുന്നു ഈ ബസ് സർവിസ്. വിദ്യാഭ്യാസം, ചികിത്സ, തൊഴിൽ ആവശ്യങ്ങൾ തുടങ്ങിയവക്കായി നിരവധി പേർ ഈ ബസിനെ ആശ്രയിച്ചിരുന്നു.

ഈ റൂട്ടിൽ രണ്ട് സർവിസുകളാണ് ചീനിക്കാസ് നടത്തിയിരുന്നത്. രാവിലെ 6.45ന് ചാലക്കുടിയിൽ നിന്ന് വാൽപ്പാറയിലേക്ക് പുറപ്പെടുന്ന സർവിസും, രാവിലെ 7.15ന് വാൽപ്പാറയിൽ നിന്ന് ചാലക്കുടിയിലേക്ക് വരുന്ന സർവിസും. ചാലക്കുടിയിൽ നിന്ന് പുറപ്പെടുന്ന ബസ് ഉച്ചക്ക് 12നാണ് വാൽപ്പാറയിൽ എത്തിയിരുന്നത്. തിരികെയുള്ള സർവിസ് ചാലക്കുടിയിൽ എത്തുന്നത് ഉച്ചക്ക് 1.20നും.

നേരത്തേ, ഈ റൂട്ടിൽ മുമ്പ് തമിഴ്നാട് ട്രാൻസ്പോർട്ട് കോർപറേഷന്റെ സർവിസ് ഉണ്ടായിരുന്നെങ്കിലും ആ ബസ് അപകടത്തിൽപെട്ടതിനെ തുടർന്ന് സർവിസ് അവസാനിപ്പിച്ചു. ഇതോടെ, ചീനിക്കാസ് ബസുകൾ മാത്രമായി യാത്രക്കാരുടെ പ്രധാന ആശ്രയം.

ചീനിക്കാസ് ബസ് സർവിസ് നിർത്തുന്ന വിവരം പുറത്തുവന്നതോടെ സമൂഹമാധ്യമങ്ങളിലും പ്രതികരണങ്ങൾ ഉയർന്നു. നേരത്തെ, ചാലക്കുടി–മലക്കപ്പാറ റൂട്ടിലെ കെ.എസ്.ആർ.ടി.സി പ്രിയദർശിനി ബസിലെ തിരക്ക് സംബന്ധിച്ച് ഉയർന്ന വിമർശനങ്ങൾക്കു പിന്നാലെയാണ് സ്വകാര്യ ബസ് സർവിസ് നിർത്തുന്നതെന്ന ചർച്ചയും ശക്തമായത്.

സൗജന്യ യാത്രാ പദ്ധതികൾ സാധാരണക്കാർക്ക് സഹായകരമാണെങ്കിലും, സ്വകാര്യ ഗതാഗത മേഖലയിലെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ ഇടപെടണമെന്ന ആവശ്യവും ഉയരുന്നുണ്ട്.

Show Full Article
TAGS:Valpprai Chalakkudy bus Private Bus Service ksrtcs Priyadarshini chalakkudy 
News Summary - 65-Year-Old Cheenikkas Bus Service Ends
Next Story