ലാൻഡ് ബോർഡ് ഓഫിസുകളിലെ 688 തസ്തികകൾ ഒരു വർഷത്തേക്ക് നീട്ടി
text_fieldsതൃശൂർ: സംസ്ഥാന ലാൻഡ് ബോർഡിന് കീഴിലുള്ള വിവിധ ഓഫിസുകളിലെ 688 താൽക്കാലിക തസ്തികകൾ ഒരു വർഷം നീട്ടി റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി ടിങ്കു ബിസ്വാളിെൻറ ഉത്തരവ്. കഴിഞ്ഞവർഷം 17 ലാൻഡ് ട്രൈബ്യൂണലുകളിൽ ലഭിച്ച 88, 877 അപേക്ഷകളിൽ 34, 463 എണ്ണം തീർപ്പാക്കിയെന്നും ബാക്കി 54, 593 അപേക്ഷകൾ തീർപ്പാക്കാനുണ്ടെന്നും അതിനാൽ 240 താൽക്കാലിക തസ്തികകൾ തുടരണമെന്നും ലാൻഡ് ബോർഡ് സെക്രട്ടറി ആവശ്യപ്പെട്ടിരുന്നു.
ലാൻഡ് ട്രൈബ്യൂണൽ കേസുകളിന്മേലുള്ള അപ്പീൽ കൈകാര്യം ചെയ്യുന്ന ആലപ്പുഴ, കണ്ണൂർ, തൃശ്ശൂർ അപ്പലേറ്റ് അതോറിറ്റികളിലായി 1453 കേസുകൾ തീർപ്പാക്കാനുമുണ്ട്. അതിനാൽ അപ്പലേറ്റ് അതോറിറ്റിയിലെ 33 തസ്തികകൾക്കും തുടർച്ചാനുമതി ആവശ്യമാണ്. താലൂക്ക് ലാൻഡ് ബോർഡുകളിൽ 1786 മിച്ചഭൂമി കേസുകളാണ് തീർപ്പാക്കാനുള്ളത്.
കേസുകൾ തീർപ്പാക്കി മിച്ചഭൂമി ഏറ്റെടുക്കാനുള്ള നടപടികൾ തുടരുകയാണ്. മിച്ചഭൂമി കേസുകളെടുക്കാനും അവ തീർപ്പാക്കാനും കലക്ടറേറ്റ്, താലൂക്ക് ലാൻഡ് ബോർഡ്, താലൂക്ക് ഓഫിസ് എന്നിവിടങ്ങളിലെ തസ്തികകൾ തുടരണം. ഭൂപരിഷ്കരണ പ്രവർത്തനത്തിനായി അനുവദിക്കപ്പെട്ട 347 തസ്തികകൾക്ക് തുടർച്ചാനുമതി ആവശ്യമാണെന്നും ലാൻഡ് ബോർഡ് സെക്രട്ടറി അറിയിച്ചിരുന്നു.
താലൂക്ക് ലാൻഡ് ബോർഡുകൾ മിച്ചഭൂമിയായി ഏറ്റെടുത്ത് ഉത്തരവ് പുറപ്പെടുവിച്ച രേഖകൾ സൂക്ഷ്മപരിശോധന നടത്തുക, താലൂക്ക് ലാൻഡ് ബോർഡുകളുടെ ഉത്തരവിനെതിരെ ഹരജി ഫയൽ ചെയ്യാൻ ശിപാർശ നൽകുക തുടങ്ങിയവക്ക് സ്റ്റേറ്റ് ലാൻഡ് ബോർഡിലെ 68 തസ്തികകൾക്ക് തുടർച്ചാനുമതി അനിവാര്യമാണെന്നും ലാൻഡ് ബോർഡ് സെക്രട്ടറി റിപ്പോർട്ട് നൽകിയിരുന്നു.