Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകേരളത്തിലെ 70 ശതമാനം...

കേരളത്തിലെ 70 ശതമാനം എം.എൽ.എമാരും ക്രിമിനൽകേസ് പ്രതികൾ; പകുതിയിലധികം പേരും കോടീശ്വരന്മാർ!

text_fields
bookmark_border
കേരളത്തിലെ 70 ശതമാനം എം.എൽ.എമാരും ക്രിമിനൽകേസ് പ്രതികൾ; പകുതിയിലധികം പേരും കോടീശ്വരന്മാർ!
cancel
camera_alt

കേരള നിയമസഭ

കോഴിക്കോട്: കേരളത്തിലെ സിറ്റിങ് എം.എൽ.എമാരിൽ ഏകദേശം 70 ശതമാനം പേർക്കെതിരെയും ക്രിമിനൽ കേസുകൾ ഉണ്ടെന്നുള്ള റിപ്പോർട്ട് പുറത്തുവിട്ട് അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് (എ.ഡി.ആർ). പകുതിയിലധികം പേരും കോടീശ്വരന്മാരാണെന്നുമുള്ള വിവരവും റിപ്പോർട്ടിലുണ്ട്.

എ.ഡി.ആറും കേരള ഇലക്ഷൻ വാച്ചും നടത്തിയ വിശകലനത്തിൽ 132 സിറ്റിങ് എം.എൽ.എമാരുടെ സത്യവാങ്മൂലങ്ങൾ പരിശോധിച്ചു. അതിൽ 92 എം.എൽ.എമാർക്കെതിരെ ക്രിമിനൽ കേസുകൾ കെട്ടിക്കിടക്കുന്നതായി കണ്ടെത്തി. ഇതിൽ 33 പേർ, അതായത് 25 ശതമാനം പേരും കൊലപാതകം, കൊലപാതകശ്രമം തുടങ്ങിയ ഗുരുതരമായ ക്രിമിനൽ കേസുകളിൽ പേർ ചേർക്കപ്പെട്ടവരാണ്.

രണ്ട് എം.എൽ.എമാർക്കെതിരെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 302 പ്രകാരം കൊലപാതകക്കുറ്റവും മൂന്ന് പേർക്കെതിരെ സെക്ഷൻ 307 പ്രകാരം കൊലപാതകശ്രമക്കുറ്റവും ചുമത്തിയിട്ടുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. കൂടാതെ, മറ്റ് മൂന്ന് എം.എൽ.എമാർക്കെതിരെ സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട കേസുകളും നിലവിലുണ്ട്. അതിൽ ഒന്ന് ബലാത്സംഗം ഉൾപ്പട്ട കേസാണ്.

പാർട്ടി തിരിച്ചുള്ള ഡാറ്റ നോക്കുമ്പോൾ വിവിധ രാഷ്ട്രീയ പാർട്ടികളിലെ എം‌.എൽ.‌എമാരുടെ ക്രിമിനൽ കേസുകളിലെ അനുപാതം കാണാം. സി.പി.എമ്മിന്റെ 58 എം‌.എൽ‌.എമാരിൽ 43 പേരും (74 ശതമാനം) ക്രിമിനൽ കേസുകൾ നേരിടുന്നവരാണ്. കോൺഗ്രസിന്റെ 21 എം‌.എൽ‌.എമാരിൽ 19 പേർക്കെതിരെയും (90 ശതമാനം) കേസുണ്ട്. സി.പി.ഐയുടെ 44 ശതമാനവും മുസ്‍ലിം ലീഗിന്റെ 86 ശതമാനം എം‌.എൽ‌.എമാരും ക്രിമിനൽ കേസുകളിൽ പേരുള്ളവരാണ്.

ഇനി സാമ്പത്തിക കണക്കു നോക്കിയാൽ, 72 എം.എൽ.എമാർക്ക് (55 ശതമാനം) ഒരു കോടി രൂപയിൽ കൂടുതൽ ആസ്തിയുള്ളതായി റിപ്പോർട്ട് പറയുന്നു. 132 എം.എൽ.എമാരുടെയും ആകെ ആസ്തി 363.78 കോടി രൂപയാണ്. ഓരോ എം.എൽ.എക്കും ശരാശരി 2.75 കോടി രൂപയുടെ ആസ്തിയുണ്ട്.

രാഷ്ട്രീയ പാർട്ടികളിൽ, കേരള കോൺഗ്രസ് (എം), ജെ.ഡി.എസ്, എൻ.സി.പി, കേരള കോൺഗ്രസ് എന്നീ പാർട്ടികളിലെ എല്ലാ എം.എൽ.എമാർക്കും ഒരു കോടി രൂപയിൽ കൂടുതൽ ആസ്തിയുള്ളതായി പ്രഖ്യാപിച്ചിട്ടുണ്ട്. ലീഗിന്റെ 86 ശതമാനം എം.എൽ.എമാരും കോടീശ്വരന്മാരാണ്. തൊട്ടുപിന്നിൽ കോൺഗ്രസിന് 62 ശതമാനവും സി.പി.എമ്മിന് 40 ശതമാനവുമുണ്ട്.

34 കോടി രൂപയിൽ കൂടുതൽ ആസ്തിയുള്ള കോൺഗ്രസിലെ മാത്യു കുഴൽനാടൻ ആണ് ഏറ്റവും ധനികനായ എം.എൽ.എ. 27 കോടി രൂപയിൽ കൂടുതൽ ആസ്തിയുള്ള സ്വതന്ത്ര എം.എൽ.എ മാണി സി. കാപ്പൻ രണ്ടാം സ്ഥാനത്തും 19 കോടി രൂപയിൽ കൂടുതൽ ആസ്തിയുള്ള കേരള കോൺഗ്രസ് (ബി)യിലെ കെ.ബി. ഗണേഷ് കുമാർ മൂന്നാം സ്ഥാനത്തുമാണ്. മറുവശത്ത്, സി.പി.ഐ എം.എൽ.എ പി.പി. സുമോദിനാണ് (ഏകദേശം 9.9 ലക്ഷം രൂപ) ഏറ്റവും കുറഞ്ഞ ആസ്തിയുള്ളത്.

61 ശതമാനം എം.എൽ.എമാർക്കും ബിരുദതലമോ അതിൽ കൂടുതലോ വിദ്യാഭ്യാസ യോഗ്യതയുണ്ട്. അതേസമയം, 36 ശതമാനം പേർ അഞ്ചാം ക്ലാസിനും 12-ാം ക്ലാസിനും ഇടയിൽ പഠിച്ചവരാണ്. എം.എൽ.എമാരിൽ 11 പേർ, അതായത് എട്ട് ശതമാനം മാത്രമാണ് സ്ത്രീകൾ. പ്രായപരിധി പരിശോധിച്ചാൽ 70 ശതമാനം എം.എൽ.എമാരും 51 നും 80 നും ഇടയിൽ പ്രായമുള്ളവരും 30 ശതമാനം പേർ 25-50 പ്രായപരിധിയിലുള്ളവരുമാണ്.

Show Full Article
TAGS:kerala mla MLA kerala legislative assembly criminal cases Crorepatis 
News Summary - 70% Kerala MLAs face criminal cases, over half are crorepatis
Next Story