ലൈഫ് പദ്ധതിക്ക് 717 കോടി; ചെലവിട്ടത് 38 കോടി
text_fieldsതിരുവനന്തപുരം: കേരളത്തിലെ ഭവനരഹിതരുടെ പ്രശ്നങ്ങള്‍ക്ക് സമഗ്രപരിഹാരം കാണുകയെന്ന ലക്ഷ്യത്തോടെ ആരംഭിച്ച ലൈഫ് ഭവനപദ്ധതി ഇഴയുന്നു. സാമ്പത്തിക വര്‍ഷം അവസാനിക്കാന്‍ ഒരു മാസം മാത്രം ശേഷിക്കേ ലൈഫ് പദ്ധതിക്കായി സര്‍ക്കാര്‍ വകയിരുത്തിയ തുകയില്‍ 5.34 ശതമാനം തുക മാത്രമാണ് ചെലവിട്ടത്. നടപ്പ് സാമ്പത്തിക വര്‍ഷം ലൈഫ് പദ്ധതിയില്‍ യാതൊരു പുരോഗതിയുമുണ്ടായിട്ടില്ലെന്നാണ് സാമ്പത്തികാവലോകന രേഖകള്‍ വ്യക്തമാക്കുന്നത്.
2022- 23 സാമ്പത്തിക വര്‍ഷം നീക്കിവെച്ചത് 717 കോടിയാണ്. ഇതില്‍ 38.35 കോടി രൂപ മാത്രമാണ് ചെലവഴിച്ചതെന്നു സംസ്ഥാന ആസൂത്രണ ബോര്‍ഡിന്റെ കണക്കുകള്‍ സാക്ഷ്യപ്പെടുത്തുന്നു. പഞ്ചായത്ത് പ്രദേശങ്ങളിലെ വീടില്ലാത്തവര്‍ക്ക് വീടും ഭൂമിയില്ലാത്തവര്‍ക്കു ഭൂമിക്കൊപ്പം പാര്‍പ്പിടം നിര്‍മിച്ചുനല്‍കാനുമായി റൂറല്‍ ലൈഫ് പാര്‍പ്പിട പദ്ധതിക്കായി 525 കോടി രൂപയായിരുന്നു വകയിരുത്തിയത്. ഇതില്‍ 6.22 ശതമാനം മാത്രമാണ് ഇതുവരെ ചെലവഴിച്ചത്.
32.65 കോടി രൂപ ഗ്രാമീണമേഖലയിലെ വീടുനിര്‍മാണത്തിനായി ചെലവഴിച്ചു. നഗരസഭകളിലെ പാര്‍പ്പിട പദ്ധതിക്കായി 192 കോടി രൂപയില്‍ 2.97 ശതമാനം തുകമാത്രമാണ് ചെലവഴിച്ചത്. മുനിസിപ്പാലിറ്റികളിലും കോര്‍പറേഷനുകളിലുമായി ഇതുവരെ ചെലവഴിച്ചത് 5.7 കോടി രൂപ മാത്രം. ഇതോടെ ലക്ഷക്കണക്കിനു കുടുംബങ്ങള്‍ പ്രതിസന്ധിയിലായി.
ലൈഫ് മിഷൻ രണ്ടാംഘട്ടം 2020ൽ പ്രഖ്യാപിച്ചപ്പോൾ 9,20,260 അപേക്ഷകളാണ് വന്നത്. 2022 ഏപ്രിലിൽ അന്തിമപട്ടിക വന്നപ്പോൾ അതിൽ 3,54,552 പേരെ ഉൾപ്പെടുത്തി. എന്നാൽ, 12,845 പേർക്ക് മാത്രമാണ് വീട് നൽകാൻ സർക്കാർ കരാറിൽ ഒപ്പിട്ടതെന്നാണ് നിയമസഭ രേഖകൾ വ്യക്തമാക്കുന്നത്. മൂന്നാംഘട്ടത്തിൽ വലിയ രീതിയിൽ പദ്ധതി മുടന്തുകയാണ്. ലൈഫ് പദ്ധതിപ്രകാരം മാത്രം ഇതുവരെ 16,214 പേർക്ക് മാത്രമാണ് വീട് നൽകിയത്. സംസ്ഥാനത്തെ പഞ്ചായത്തുകളിലും നഗരസഭകളിലുമായുള്ള ഗുണഭോക്തൃ പട്ടികയില്‍ ഉള്‍പ്പെട്ട 5.14 ലക്ഷം കുടുംബങ്ങള്‍ കാത്തിരിക്കുകയാണ്.
ഒന്നാം പിണറായി സര്‍ക്കാറിന്റെ കാലത്ത് എ.സി. മൊയ്തീന്‍ തദ്ദേശ മന്ത്രിയായിരിക്കേ ലൈഫ് പദ്ധതിയില്‍ 2.61 ലക്ഷം പേര്‍ക്ക് പാര്‍പ്പിടം നല്‍കി. 54,589 വീടുകളുടെ നിര്‍മാണം പുരോഗമിക്കുന്നതായി തദ്ദേശ മന്ത്രി എം.ബി. രാജേഷ് കഴിഞ്ഞ നിയമസഭ സമ്മേളനത്തിൽ പറഞ്ഞിരുന്നു. ലൈഫ് പദ്ധതിയില്‍ ഇതുവരെ 3.23 ലക്ഷം ഗുണഭോക്താക്കള്‍ക്ക് വീടു നല്‍കാനായെന്നാണു സര്‍ക്കാര്‍ അവകാശപ്പെടുന്നത്. എന്നാല്‍, ഗുണഭോക്താക്കള്‍ക്ക് സര്‍ക്കാര്‍ വിഹിതം ലഭ്യമാക്കുന്നില്ലെന്നാണ് പ്രതിപക്ഷ ആരോപണം. ലൈഫ് ഭവന പദ്ധതിയിലെ നാലുലക്ഷം രൂപയില്‍ 2.40 ലക്ഷം രൂപ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് വായ്പ വിഹിതമായും ഒരുലക്ഷം സര്‍ക്കാര്‍ സഹായമായിട്ടുമാണ് നല്‍കുക. ലൈഫ് പദ്ധതി വിവാദവും കേന്ദ്ര ഏജന്‍സികളുടെ അന്വേഷണവും പുരോഗമിക്കുന്ന സാഹചര്യം കൂടി സംജാതമായതിനാൽ പദ്ധതിക്ക് ഇനിയും വേഗം കുറയാനാണ് സാധ്യത.