എട്ട് മാസം പ്രായമുള്ള കുഞ്ഞിന് മരുന്ന് മാറി അധിക ഡോസ് നൽകി, ഗുരുതരാവസ്ഥയിൽ; മെഡിക്കൽ ഷോപ്പിനെതിരെ കേസ്
text_fieldsപഴയങ്ങാടി (കണ്ണൂർ): ഡോക്ടർ കുറിച്ചു നൽകിയ മരുന്നിനു പകരം ഡോസ് കൂടിയ മരുന്ന് നൽകിയതിനെ തുടർന്ന് എട്ട് മാസം പ്രായമുള്ള കുഞ്ഞ് ശുരുതരാവസ്ഥയിൽ. സംഭവത്തിൽ പഴയങ്ങാടിയിലെ കദീജ മെഡിക്കൽസിനെതിരെ പഴയങ്ങാടി പൊലീസ് കേസെടുത്തു.
ചെറുകുന്ന് പൂങ്കാവിലെ ഇ.പി. സമീറിന്റെ മകൻ എട്ട് മാസം പ്രായമുള്ള മുഹമ്മദ് എന്ന കുട്ടിയാണ് മരുന്ന് മാറിയതിനെ തുടർന്ന് കരളിന് അസുഖം ബാധിച്ച് ഗുരുതരാവസ്ഥയിലായത്. കുഞ്ഞ് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു.
ഇക്കഴിഞ്ഞ 8 നാണ് പനി ബാധിച്ച കുട്ടിയെ പഴയങ്ങാടിയിലെ ശിശുരോഗ വിദഗ്ധയെ കാണിച്ചത്. കാൽപോൾ സിറപ്പ് മരുന്നാണ് ഡോക്ടർ കുറിച്ചതെങ്കിലും മെഡിക്കൽ ഷാപ്പിൽ നിന്ന് അധിക ഡോസിലുള്ള കാൽപോൾ ഡ്രോപ്സാണ് നൽകിയത്. വീണ്ടും ഡോക്ടറെ കാണിച്ചപ്പോഴാണ് മരുന്ന് മാറി നൽകിയതായി കണ്ടെത്തിയത്.
ഡോക്ടറുടെ നിർദ്ദേശപ്രകാരം രക്ത പരിശോധന നടത്തി ഉടൻ കണ്ണൂരിലെ സ്വകാര്യ ആശ്വപത്രിയിലെത്തിച്ചു. ഗുരുതരാവസ്ഥയിലായതോടെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കുകയുമായിരുന്നു. കുട്ടിയുടെ പിതൃസഹോദരൻ ഇ.പി. അഷ്റഫിന്റെ പരാതിയിൽ പഴയങ്ങാടി പൊലീസ് കേസെടുത്തു.