കല്ലറ-പാങ്ങോട് രക്തസാക്ഷിത്വത്തിന് 85 വയസ്
text_fieldsകല്ലറ-പാങ്ങോട് സ്വാതന്ത്ര്യസമര നേതാക്കളെ തൂക്കിലേറ്റിയതിന്റെ 85ാം വാര്‍ഷിക ദിനത്തില്‍ രക്തസാക്ഷി മണ്ഡപത്തില്‍ സ്വാതന്ത്ര്യസമര സ്മൃതിവേദി ചെയര്മാന് രതീഷ് അനിരുദ്ധന്‍ പുഷ്പചക്രം അര്‍പ്പിക്കുന്നു
വെഞ്ഞാറമൂട്: കല്ലറ-പാങ്ങോട് കാര്‍ഷിക കലാപത്തിലെ രക്തസാക്ഷിത്വത്തിന് 85 വയസ്. ഇന്ത്യന്‍ സ്വാതന്ത്ര്യ സമര ചരിത്രത്തില്‍ തെരഞ്ഞെടുക്കപ്പെട്ട പ്രാദേശിക സമരങ്ങളില്‍ 26ാം സ്ഥാനത്താണ് കല്ലറ-പാങ്ങോട് സമരം. 1938 സെപ്റ്റംബര്‍ 30നാണ് ബ്രിട്ടീഷ് ഭരണത്തിനും ദിവാന്‍ വാഴ്ചക്കുമെതിരായ പോരാട്ടം രക്തരൂക്ഷിതമായത്.
കല്ലറയില്‍ ചന്തപ്പിരിവ് കരാറുകാരനും ഭരണകൂടവും ചേര്‍ന്ന് അമിതമായി ചുങ്കപ്പിരിവ് ഏര്‍പ്പെടുത്തിയതാണ് സമരത്തിന് വഴിമരുന്നിട്ടത്. സ്റ്റേറ്റ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഇതിനെതിരായി കര്‍ഷകരെ സംഘടിപ്പിക്കുകയും പ്രതിഷേധങ്ങള്‍ ആളിക്കത്തുകയും ചെയ്തു. അടിച്ചമര്‍ത്താനിറങ്ങിയ പൊലീസ് കൊച്ചപ്പിപ്പിള്ളയെ പിടികൂടി സ്റ്റേഷനിലേക്ക് കൊണ്ടുപോയി. അദ്ദേഹത്തിന്റെ ബന്ധുക്കള്‍ പട്ടാളം കൃഷ്ണന്‍ എന്ന പൊതുസമ്മതനെ സമീപിച്ച് ജാമ്യത്തിലെടുത്തു.
ലോക്കപ്പില്‍ കൊടിയ മര്‍ദനങ്ങള്‍ക്ക് ഇരയായ കൊച്ചപ്പിപ്പിള്ളയുടെ അവസ്ഥ അറിഞ്ഞ് പാങ്ങോട് പൊലീസ് സ്റ്റേഷനിലേക്ക് ജനം മാര്‍ച്ച് ചെയ്തു. തുടര്‍ന്നുണ്ടായ പൊലീസ് വെടിവെപ്പില്‍ പ്ലാക്കീഴില്‍ കൃഷ്ണപിള്ള, ചെറുവാളം കൊച്ചുനാരായണന്‍ ആശാരി എന്നിവര്‍ കൊല്ലപ്പെട്ടു. നിരവധിപേര്‍ക്ക് പരിക്കേറ്റു.
ജമാല്‍ ലബ്ബ, പാലുവള്ളി അബ്ബാസ് ചട്ടമ്പി, അബ്ദുൽ ലത്തീഫ്, മടത്തുവാതുക്കല്‍ ശങ്കരന്‍ മുതലാളി, മനക്കോട് ഹനീഫ ലബ്ബ, ഡ്രൈവര്‍ വാസു, ഘാതകന്‍ ഗോപാലന്‍, കല്ലറ പത്മനാഭ പിള്ള, എന്‍.സി. വൈദ്യന്‍, മാധവക്കുറുപ്പ്, കൊച്ചാലുംമൂട് അലിയാരു കുഞ്ഞ്, മുഹമ്മദാലി, വാവക്കുട്ടി, കുഞ്ഞന്‍ പിള്ള, പാറ നാണന്‍, കോയിക്കല്‍ ജി. നാരായണന്‍ തുടങ്ങി നിരവധിപേര്‍ സമരത്തില്‍ പങ്കാളികളായി തടവ് നേരിട്ടു. വിചാരണക്ക് ഒടുവില്‍ കൊച്ചപ്പിപിള്ളയെയും പട്ടാളം കൃഷ്ണനെയും തിരുവിതാംകൂര്‍ ഭരണകൂടം തൂക്കിലേറ്റി.
രക്തസാക്ഷിത്വ വാർഷിക ഭാഗമായി കല്ലറയില്‍ അനുസ്മരണ പരിപാടി സംഘടിപ്പിച്ചു. കല്ലറ-പാങ്ങോട് സ്വാതന്ത്ര്യസമര സ്മൃതിവേദി ചെയര്‍മാൻ രതീഷ് അനിരുദ്ധന്‍ രക്തസാക്ഷി മണ്ഡപത്തില്‍ പുഷ്പചക്രം സമര്‍പ്പിച്ചു. എം. ഷൗക്കത്തലി, യൂസഫ് കല്ലറ, ഫൈസല്‍ കല്ലറ, നാസര്‍, സുന്ദരന്‍ താഹിര്‍, ഷംനാദ് തുടങ്ങിയവര്‍ പങ്കെടുത്തു.


